ഫെമ ചട്ടം ലംഘിച്ച് സൗദിയിലെ സ്‌പൈസ് സിറ്റി ട്രേഡിങ് കമ്പനിയിലേക്ക് പണം കടത്തി; മൂലന്‍സ് ഗ്രൂപ്പിന്റെ 40 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡിയുടെ ഉത്തരവ്; അങ്കമാലി, കൊല്ലങ്കോട്, ആലുവ, പെരുമ്പാവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടും; കണ്ടുകെട്ടുന്നവയില്‍ ബാങ്കുകള്‍ക്ക് ഈടു നല്‍കിയ വസ്തുക്കളും

മൂലന്‍സ് ഗ്രൂപ്പിന്റെ 40 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡിയുടെ ഉത്തരവ്

Update: 2025-03-12 17:41 GMT

കൊച്ചി: പ്രമുഖ വ്യവസായ ഗ്രൂപ്പായ മൂലന്‍സിനെതിരെ നടപടികള്‍ ശക്തമാക്കി ഇഡി. അങ്കമാലി മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് ഉടമകളുടെ പേരിലുള്ള 40 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി ഉത്തരവിട്ടു. നിയമവിരുദ്ധമായി സൗദി അറേബ്യയിലേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് നടപടി.

മൂലന്‍സ് ഗ്രൂപ്പിന്റെ 40 കോടി സ്വത്ത് കണ്ടുകെട്ടാന്‍ കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍.കെ. മോഷയാണ് ഉത്തരവിട്ടത്. വിദേശ വിനിമയ ചട്ടം (ഫെമ) ലംഘിച്ച് സൗദിയില്‍ ഇവര്‍ക്ക് 75 ശതമാനം ഓഹരി പങ്കാളിത്വമുള്ള സ്‌പൈസ് സിറ്റി ട്രേഡിങ് കമ്പനിയിലേക്ക് പണം കടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

മൂലന്‍സ് മാനേജിങ് ഡയറക്ടര്‍ ജോസഫ് മൂലന്‍, ഡയറക്ടര്‍ മൂലന്‍ ദേവസ്വി, ജോയ് മൂലന്‍ ദേവസ്വി, ആനി ജോസ് മൂലന്‍, ട്രീല കാര്‍മല്‍ ജോയ്, സിനി സാജു എന്നിവരുടെ അങ്കമാലി, കൊല്ലങ്കോട്, ആലുവ, പെരുമ്പാവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ഇവയുടെ വില്‍പ്പനയും കൈമാറ്റവും അനുവദിക്കരുതെന്നും ഉത്തരവിലുണ്ട്.

റിയാദില്‍ നിക്ഷേപിച്ച കേസില്‍ ഇഡി കണ്ടുകെട്ടുന്നവയില്‍ ഫെഡറല്‍ ബാങ്കിന് ഈട് നല്‍കിയ സ്വത്തുക്കളുടെ രേഖകളുമുണ്ട്. ഫെഡറല്‍ ബാങ്ക് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും പ്രതികള്‍ 40 കോടി രൂപ ഓവര്‍ഡ്രാഫ്റ്റായും ലോണ്‍ മാര്‍ഗത്തിലും തരപ്പെടുത്തിയ പണം ആണ് ഹവാല വഴി വിദേശത്ത് എത്തിച്ചത്. ഫെഡറല്‍ ബാങ്കില്‍ ഈടായി വച്ചിരിക്കുന്ന വസ്തുവകകള്‍ ആണ് എന്‍ഫോസ്മെന്റ് കണ്ടു കെട്ടിയിരിക്കുന്നത്.

മറ്റൊരു കേസ് എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ മൂലന്‍സ് ഫാമിലി മാര്‍ട്ട് ഉടമകളാണ് പ്രതികള്‍. കൊച്ചി ഇഡി എടുത്ത കേസില്‍ മൂലന്‍ സ് ഗ്രൂപ്പുടമകളെ ജനുവരി 18നാണ് പ്രതികളാക്കി എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ ഫെബ്രുവരി 5 ന് ഇഡി ഓഫീസില്‍ ഹാജരായി. എന്നാല്‍ മതിയായ രേഖകള്‍ നല്‍കാത്തതിനാല്‍ വീണ്ടും വിളിപ്പിച്ചിരുന്നു. ഫെമ നിയമ പ്രകാരം, കുഴല്‍പ്പണം കടത്തിയാല്‍ അതിന്റെ മുന്നിരട്ടി പിഴ അടയ്ക്കണം. ഇത് പ്രകാരം വന്‍തുക തിരിച്ചടക്കേണ്ട അവസ്ഥയിലാണ് കമ്പനിയുള്ളത്. അതിനിടെ കേസ് ഒരുക്കാനും ശ്രമം തകൃതിയായി നടക്കുന്നെന്ന ആക്ഷേപും ശക്തമാണ്.

മൂലന്‍സ് ഇന്റര്‍നാഷണല്‍, മൂലന്‍സ് ഫാമിലി മാര്‍ട്ട് എന്നീ സ്ഥാപനങ്ങളുള്ളഇവര്‍ക്ക് വിദേശത്തും സൂപ്പര്‍മാര്‍ക്കറ്റുകളുള്‍പ്പെടെ ബിസിനസ് സ്ഥാപനങ്ങളുമുണ്ട്. കുറച്ചുകാലം മുമ്പ് തിരുവനന്തപുരത്ത് കായിക വകുപ്പ് നടത്തിയ കായിക ഉച്ചകോടിയില്‍ മൂലന്‍സ് ഗ്രൂപ്പ് സജീവ ചര്‍ച്ചയായിരുന്നു. കൊച്ചിയില്‍ മൂലന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 100 കോടി രൂപ നിക്ഷേപത്തില്‍ മറ്റൊരു നഗര കായിക സമുച്ചയം കൂടി വരുന്നുവെന്ന സൂചന കായിക സമ്മിറ്റില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി നീക്കങ്ങള്‍ സീജവമായതും.

മൂലന്‍സ് ഗ്രൂപ്പിനും സഹോദരങ്ങള്‍ക്കുമെതിരെ വര്‍ഗീസ് മൂലന്‍ നല്‍കിയ പരാതികള്‍ അടിസ്ഥാനരഹിതമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സ്ഥാപനങ്ങളും സ്വത്തുക്കളും തട്ടിയെടുത്തെന്ന് ആരോപിച്ച് പിതാവിനും സഹോദരങ്ങള്‍ക്കുമെതിരെ വര്‍ഗീസ് അങ്കമാലിയിലും, വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്കും ഭാര്യമാര്‍ക്കുമെതിരെ വര്‍ഗീസിന്റെ ഭാര്യ മാര്‍ഗരറ്റ് തൃക്കാക്കരയിലും പൊലീസിന് നല്‍കിയ പരാതികളിലാണ് കണ്ടെത്തല്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ഇഡിയുടെ ഇടപെടല്‍ വന്നത്.

കുടുംബസ്വത്ത് കൂടുതല്‍ ലഭിക്കാനായി സമ്മര്‍ദ്ദം ചെലുത്താനാണ് പരാതികളെന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് എറണാകുളം യൂണിറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് കേരളാ കായിക സമ്മിറ്റില്‍ 100 കോടിയുടെ പ്രഖ്യാപനവും വന്നത്.

Tags:    

Similar News