അല്‍ ഫലാഹ് സര്‍വകലാശാലയിലും ആസ്ഥാനത്തും ഇഡി റെയ്ഡ്; സാമ്പത്തിക ക്രമക്കേടുകളിലും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍; സര്‍വകലാശാലയുടെ അക്കൗണ്ടുകളില്‍ ഫോറന്‍സിക് ഓഡിറ്റും നടത്തും
അല്‍ ഫലാഹ് സര്‍വകലാശാലയിലും ആസ്ഥാനത്തും ഇഡി റെയ്ഡ്
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാന ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലും ഡല്‍ഹിയിലെ ആസ്ഥാനത്തുമടക്കം ഇഡി റെയ്ഡ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട 25 ഇടങ്ങളിലാണ് പുലര്‍ച്ചെ 5.15 മുതല്‍ പരിശോധന ആരംഭിച്ചത്. സര്‍വകലാശാലയുടെ ധനസഹായം അന്വേഷിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി.
സാമ്പത്തിക ക്രമക്കേടുകളിലും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് പരിശോധനയെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അല്‍ ഫലാഹ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട ട്രസ്റ്റികളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന പുരോഗമിക്കുകയാണ്.
സര്‍വകലാശാലയുടെ അക്കൗണ്ടുകളുടെ ഫോറന്‍സിക് ഓഡിറ്റിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. യൂണിവേഴ്‌സിറ്റിക്കെതിരെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് നേരത്തെ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
യുജിസിയും നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലും (നാക്) അല്‍ ഫലാഹ് സര്‍വകലാശാലയ്‌ക്കെതിരെ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. അക്രഡിറ്റേഷന്റെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വകലാശാലയ്ക്ക് നാക് നോട്ടീസ് നല്‍കിയിരുന്നു.
കൂടാതെ, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് അല്‍ ഫലാഹ് സര്‍വകലാശാലയുടെ അംഗത്വം സസ്പെന്‍ഡ് ചെയ്തിരുന്നു. അല്‍ ഫലാഹ് സര്‍വകലാശാലാ ചെയര്‍മാനും സ്ഥാപകനുമായ ജാവേദ് അഹമ്മദ് സിദ്ദീഖിക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കുകയും ചെയ്തു. യുജിസി നിയമത്തിലെ സെക്ഷന്‍ 12(ബി) പ്രകാരമാണ് നോട്ടീസ് നല്‍കിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.