ചെന്നൈയില്‍ പരിശോധന തുടങ്ങിയതിന് പിന്നാലെ കോഴിക്കോട്ടും ഇഡി ഉദ്യോഗസ്ഥരെത്തി; വടകരയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ ഒരുങ്ങവേ കോര്‍പ്പറേറ്റ് ഓഫീസിലെക്കെത്തി ഗോകുലം ഗോപാലന്‍; ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു; 1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനമെന്ന് ഇഡി; പിഎംഎല്‍എയുമായി ഇ ഡി കടുപ്പിക്കുമ്പോള്‍ 'എമ്പുരാന്‍ രാഷ്ട്രീയ'മെന്ന് കോണ്‍ഗ്രസും

ചെന്നൈയില്‍ പരിശോധന തുടങ്ങിയതിന് പിന്നാലെ കോഴിക്കോട്ടും ഇഡി ഉദ്യോഗസ്ഥരെത്തി

Update: 2025-04-04 08:34 GMT

കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നത് തുടരുന്നു. ഗോകുലം ഗ്രൂപ്പുമായി ബന്ധപ്പെട്ട സമഗ്രമായ പരിശോധനയാണ് നടക്കുന്നത്. ഗോകുലത്തിനെിരെ നേരത്തെ തന്നെ ഇഡി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും വിപുലമായി പരിശോധനയും അന്വേഷണം നടക്കുന്നത് ഇതാദ്യമിട്ടാണ്. ഇതിന് വഴിവെച്ചത് എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ആണെന്നാണ് ആക്ഷേപം.

1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനം ഗോകുലം നടത്തിയെന്നാണ് ഇഡിയുടെ പറയുന്നത്. ചില എന്‍ആര്‍ഐകളുമായാണ് ഇത്രയും വലിയ തുകയുടെ ഇടപാട് നടത്തിയത്. ഈ ഇടപാടില്‍ ഫെമ ലംഘനം നടത്തിയെന്നും അനധികൃത ഇടപാടുകള്‍ നടത്തിയെന്നും ആരോപിച്ചാണ് ഇഡി നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഗോകുലം ഗോപാലന്റെ പേരിലുള്ള ചിട്ടി കമ്പനിക്കെതിരായ ചില വഞ്ചനാ കേസുകളും ഇഡി വിശകലനം ചെയ്ത് വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട പിഎംഎല്‍എ ആക്ടിലെ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് ഗോപാലനെതിരെ അന്വേഷണം നടക്കുന്നത്. കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം മാളിനു സമീപത്തെ കോര്‍പറേറ്റ് ഓഫിസില്‍ വെച്ചാണ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നത്. ആദ്യം വടകരയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാനായിരുന്നു നീക്കമെങ്കിലും ഗോകുലം ഗോപാലന്‍ കോഴിക്കോട് കോര്‍പറേറ്റ് ഓഫിസിലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഇപ്പോഴും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ചെന്നൈയിലെ ഓഫിസില്‍ റെയ്ഡ് ആരംഭിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ടും ഇ.ഡി ഉദ്യോഗസ്ഥരെത്തിയത്. കുറച്ച് ദിവസം മുന്‍പ് ഗോകുലം കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപം വന്നു. ആ തുക എവിടെ നിന്നാണ് വന്നത്, ഒരാളില്‍ നിന്നാണോ തുക വന്നതെന്നുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചോദിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇത് കൂടാതെ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പരിശോധനാ വിദേശമാക്കുന്നുണ്ട്.

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നത്. ചിത്രത്തിനെതിരെ ആര്‍എസ്എസും ബിജെപിയും രംഗത്തെത്തിയതിനെ തുടര്‍ന്നു റീസെന്‍സര്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും സിനിമയുമായി ബന്ധമില്ലെന്നാണ് ഇ.ഡി നല്‍കുന്ന സൂചന. മുന്‍പും ഗോകുലം കമ്പനിയില്‍ ഇത്തരം റെയ്ഡുകള്‍ നടന്നിട്ടുണ്ട്.

അതേസമയം, ഗോകുലം ഗോപാലന്റെ ഓഫീസിലെ ഇഡി റെയ്ഡിനെ അപലപിച്ചു കോണ്‍ഗ്രസ് രംഗത്തുവന്നു. ഈ റെയ്ഡ് പ്രതീക്ഷിച്ചിരുന്നതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഇനിയും റെയ്ഡുകള്‍ നടക്കും. റെയ്ഡിലൂടെ ഭീഷണിപ്പെടുത്തുക എന്നതാണ് ബിജെപിയുടെ രീതി. ഒരു ലേഖനം എഴുതാനോ സിനിമ എടുക്കാനോ പറ്റാത്ത അവസ്ഥയാണ് രാജ്യത്തെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ഗോകുലം ഓഫീസുകളിലെ റെയ്ഡ് കാരണം എമ്പുരാന്‍ സിനിമയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. ഊണ് കഴിക്കുന്ന എല്ലാവര്‍ക്കും ഇക്കാര്യം വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു. ഇഡി റെയ്ഡില്‍ അത്ഭുതമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. എമ്പുരാന്‍ സിനിമയാണ് റെയ്ഡിന് കാരണം. ഇത് സാംസ്‌കാരിക ലോകം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. എമ്പുരാന്‍ സിനിമ ദേശീയതലത്തില്‍ വിവാദമായിരിക്കെയാണ് സിനിമയുടെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ്. എന്നാല്‍, റെയ്ഡിന് എമ്പുരാന്‍ ബന്ധമില്ലെന്നാണ് അവരുടെ വിശദീകരണം.

മലയാളത്തില്‍ വന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വിതരണക്കാരായിരുന്നു ശ്രീ ഗോകുലം മൂവീസ്. ഈ സിനിമയുടെ കളക്ഷനുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ കള്ള ടിക്കറ്റ് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരന്റെയും പേരില്‍ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും സൂചനയുണ്ട്.

Tags:    

Similar News