എം കെ ഫൈസിയെ ഇഡി ചോദ്യം ചെയ്യുന്നത് പോപ്പുലര്‍ ഫണ്ടിനായി എത്തിച്ച പണത്തിന്റെ കണക്കറിയാന്‍; രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പണം സ്വരൂപിച്ചെന്ന് ഇഡി; പണമൊഴുകിയത് ഹവാല വഴിയില്‍; ഇതുവരെ കണ്ടുകൈട്ടിയത് പി.എഫ്.ഐയുടെ 61.72 കോടിയുടെ സ്വത്ത്

എം കെ ഫൈസിയെ ഇഡി ചോദ്യം ചെയ്യുന്നത് പോപ്പുലര്‍ ഫണ്ടിനായി എത്തിച്ച പണത്തിന്റെ കണക്കറിയാന്‍

Update: 2025-03-05 00:57 GMT

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ കേസില്‍ അറസ്റ്റിലായ എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ആറു ദിവസത്തെ ഇഡി കസ്റ്റഡിയിലാണ് ഫൈസിയെ കോടതി വിട്ടത്. രാജ്യത്തിന് പുറത്തു നിന്നടക്കം പോപ്പുലര്‍ ഫ്രണ്ടിനായി എത്തിച്ച പണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യുന്നത്.

എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പിഎഫ്‌ഐ ആണ്. എസ്ഡിപിഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നാണെന്ന് ഇഡി വ്യക്തമാക്കുന്നു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് പിഎഫ് ഐ ആണ്. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമായും ഇവര്‍ പ്രവര്‍ത്തിക്കുന്നതായും ഏജന്‍സി വ്യക്തമാക്കുന്നു.


 



പരിശോധനയില്‍ നാല് കോടി രൂപയോളം നല്‍കിയതിന്റെ തെളിവ് ലഭിച്ചു. ഗള്‍ഫില്‍ നിന്ന് അടക്കം നിയമവിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഒപ്പം റമദാന്‍ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു.

എസ്ഡിപിഐയും പി എഫ് ഐയും ഒന്നുതന്നെയെന്നും ഇഡി വ്യക്തമാക്കുന്ന. എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട പുറത്തിറക്കിയ വാര്‍ത്താക്കുറുപ്പിലാണ് കണ്ടെത്തലുകള്‍ ഇഡി നിരത്തിയിരിക്കുന്നത്. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പി എഫ് ഐ ആണ്. ഗള്‍ഫില്‍ നിന്നടക്കം നിയമവിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഒപ്പം റമദാന്‍ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു.

എം കെ ഫൈസിയുടെ അറിവോടെയാണ് ഇടപാടുകള്‍ നടന്നത് .ഹവാലയടക്കം മാര്‍ഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിച്ചു.12 തവണ നോട്ടീസ് നല്‍കിയിട്ടും ഫൈസി ഹാജരായില്ലെന്നും ഇതോടെയാണ് മറ്റു നടപടികള്‍ ആരംഭിച്ചതെന്നും ഇഡി വ്യക്തമാക്കുന്നു. പി എഫ്.ഐയുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു.

വിവിധ പിഎഫ്ഐ ട്രസ്റ്റുകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിലുള്ള 35 ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത് . രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് സ്വരൂപിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാമ്പത്തിക സഹായം നല്‍കാനും പിഎഫ്ഐയും അതിന്റെ അംഗങ്ങളും ഗൂഢാലോചന നടത്തിയെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

35.43 കോടി രൂപ വിലമതിക്കുന്ന 19 സ്ഥാവര സ്വത്തുക്കളും 21.13 കോടി രൂപ വിലമതിക്കുന്ന 16 സ്ഥാവര വസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നതായി ഇഡി അറിയിച്ചു. കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, ജമ്മു കശ്മീര്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ സ്വത്തുക്കള്‍ . ഇവ സംഘടനയുടെ വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും ഇഡി വ്യക്തമാക്കി. സിങ്കപ്പുര്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ കണ്ടുകെട്ടിയ സ്വത്തുക്കളില്‍ മലപ്പുറം മഞ്ചേരിയിലെ സത്യസരണി, മതപരിവര്‍ത്തന കേന്ദ്രമെന്നും ഇ ഡി വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ വസ്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്. ഇ ഡി റിപ്പോര്‍ട്ട് പ്രകാരം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതോ അവരുടെ സഹായം ലഭിച്ചതോ ആയ 25 ട്രസ്റ്റുകളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്.

മലപ്പുറം മഞ്ചേരി സത്യ സരണി ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്‌ക് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഡവലപ്പേഴ്‌സ്, കൊച്ചി ഇടപ്പള്ളിയിലെ കമ്മ്യൂണിറ്റി കെയര്‍ ഫൗണ്ടേഷന്‍, ഇടുക്കി മുരിക്കാശേരിയിലെ ഹില്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയം ഹിദായത്തുല്‍ ഇസ്ലാം സഭ, കാര്യവട്ടം ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം സംസ്ഥാന വ്യാപകമായി എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ഇഡി നടപടി ഭരണകൂട ഭീകരതയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെട്ടു വരുന്നതിലുള്ള അങ്കലാപ്പും പ്രതികാര നടപടിയുമാണ് ഈ അറസ്റ്റിനു പിന്നില്‍. ഇഡി നല്‍കിയ നോട്ടീസ് പ്രകാരം ഡല്‍ഹിയില്‍ നേരിട്ട് ഹാജരായ എം കെ ഫൈസിയെ അവിടെ വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.

ബെംഗളുരുവില്‍ നിന്ന് അറസ്റ്റുചെയ്തെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ചതിനു പിന്നില്‍ പോലും അവരുടെ ദുഷ്ടലാക്ക് കുടിയിരിക്കുന്നു. കോടികളുടെ വഖ്ഫ് സ്വത്തുക്കള്‍ അന്യായ നിയമ നിര്‍മാണത്തിലൂടെ തട്ടിയെടുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ രാജ്യവ്യാപകമായി എസ്ഡിപിഐ നടത്തിയ പ്രതിഷേധങ്ങളും ബഹുജന റാലികളും മഹാസമ്മേളനങ്ങളും ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഇത് കുറച്ചൊന്നുമല്ല ആര്‍എസ്എസ് സര്‍ക്കാരിനെ വിറളി പിടിപ്പിച്ചതെന്നും ലത്തീഫ് ആരോപിച്ചു.

അറസ്റ്റിനെതിരെ കോഴിക്കോട് നഗരത്തില്‍ നടത്ത പ്രതിഷേധം ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, റോയ് അറക്കല്‍, പി കെ ഉസ്മാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി , സെക്രട്ടറിയേറ്റ് അംഗങ്ങളായ മൂവാറ്റുപുഴ അഷ്റഫ് മൗലവി, അജ്മല്‍ ഇസ്മായില്‍, എ കെ സലാഹുദ്ദീന്‍, വി ടി ഇക്റാമുല്‍ ഹഖ് , ജില്ല ജനറല്‍ സെക്രട്ടറി കെ ഷമീര്‍, വൈസ് പ്രസിഡന്റുമാര്‍ ജലീല്‍ സഖാഫി, വാഹിദ് ചെറുവറ്റ, സെക്രട്ടറിമാര്‍ പിവി മുഹമ്മദ് ഷിജി, അബ്ദുല്‍ ഖയ്യൂം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News