കെറ്റമെലോണ്‍ ലഹരിശൃംഖല ഉടമ എഡിസന്‍ ബാബുവുമായി ചേര്‍ന്ന് ലഹരിയിടപാട്: ഓസ്‌ട്രേലിയയിലേക്ക് കടത്തിയത് റേപ് ഡ്രഗ് എന്നറിയപ്പെടുന്ന കെറ്റമീന്‍; എഡിസന്റെ സഹപാഠിയായ റിസോര്‍ട്ടുടമ ഡിയോളും ഭാര്യയും അറസ്റ്റില്‍; എന്‍സിബിയുടെ വലയില്‍ കുരുങ്ങി വീണ്ടും മലയാളികള്‍; ശൃംഖലയില്‍ കൂടുതല്‍ മലയാളികളെന്ന് സംശയം

എഡിസന്റെ സഹപാഠിയായ റിസോര്‍ട്ടുടമ ഡിയോളും ഭാര്യയും അറസ്റ്റില്‍

Update: 2025-07-03 11:00 GMT

തൊടുപുഴ: കെറ്റമെലോണ്‍ ഡാര്‍ക് വെബ് ലഹരിശൃംഖലയുടെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ബാബുവുമായി ചേര്‍ന്ന് ലഹരിയിടപാടുകള്‍ നടത്തിയ ദമ്പതികള്‍ പിടിയില്‍. ഓസ്‌ട്രേലിയയിലേക്ക് ലഹരി കടത്തിയ കേസിലാണ് ഇടുക്കി പഞ്ചാലിമേട് സര്‍ണസെറ്റ് വാലി റിസോര്‍ട്ടുടമ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവര്‍ അറസ്റ്റിലായത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തിലാണ് മലയാളി ബന്ധം തെളിഞ്ഞത്. എഡിസന്‍ ബാബുവിന്റെ സഹപാഠിയായിരുന്നു ഡിയോള്‍.

2023ല്‍ കൊച്ചിയില്‍ പിടികൂടിയ ലഹരി പാഴ്‌സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് റിസോര്‍ട്ടുടമകളായ ദമ്പതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. 2019 മുതല്‍ ഡിയോള്‍ വിദേശത്തേക്ക് കെറ്റമീന്‍ അയച്ചിരുന്നുവെന്നാണ് എന്‍സിബി കണ്ടെത്തിയത്. റേപ്പ് ഡ്രഗ് എന്നാണിത് അറിയപ്പെടുന്നത്. യുകെയില്‍ നിന്ന് കെറ്റമീന്‍ എത്തിച്ച ശേഷമായിരുന്നു ഓസ്‌ട്രേലിയയിലേക്കുള്ള കടത്തെന്നാണ് എന്‍സിബി നല്‍കുന്ന വിവരം. 2023ലാണ് ഇടുക്കി പാഞ്ചാലിമേട്ടില്‍ ഡിയോളും അഞ്ജുവും ചേര്‍ന്ന് റിസോര്‍ട്ട് തുടങ്ങിയത്

എഡിസനും ഡിയോളും ഡാര്‍ക്‌നെറ്റ് ലഹരിശൃംഖല കേസില്‍ പിടിയിലായ അരുണ്‍ തോമസും സഹപാഠികളാണ്. ഈ കൂട്ടുകെട്ട് വളര്‍ന്നാണ് ലഹരിയിടപാടുകളിലേക്ക് വ്യാപിച്ചത്. അതേസമയം, കെറ്റമെലോണ്‍ ഡാര്‍ക് നെറ്റ് ലഹരി ശൃംഖലയുമായി ദമ്പതികള്‍ക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. എഡിസന്‍ ബാബുവിന്റെ കൂടുതല്‍ ലഹരിയിടപാടുകളിലേക്കും എന്‍സിബി അന്വേഷണം വ്യാപിപ്പിക്കുകയാണ്. ലഹരിയിടപാടുകളിലൂടെ സമ്പാദിച്ച കോടികള്‍ എഡിസന്‍ പൂഴ്ത്തിയതായും എന്‍സിബി സംശയിക്കുന്നു. എഡിസനെയും കൂട്ടരെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

എഡിസണ്‍ ബാബുവിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പരിശോധനയ്‌ക്കെടുത്തു. മൂവാറ്റുപുഴ കോടതിയില്‍ ഏല്‍പ്പിച്ച എല്‍എസ്ഡി സ്റ്റാമ്പുകള്‍, കെറ്റമീന്‍ തുടങ്ങിയവയുടെ സാംപിളുകളാണ് പരിശോധനയ്ക്കായി കൈപ്പറ്റിയത്. ഇത് ഡല്‍ഹിക്ക് അയക്കും. ക്രിപ്റ്റോ കറന്‍സിയുടെ വിവരമടങ്ങിയ ലാപ്‌ടോപ്പും എഡിസന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ഞായറാഴ്ച തുടങ്ങിയ റെയ്ഡ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്.

മൂവാറ്റുപുഴ വള്ളക്കാലിപ്പടിയിലെ വീട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന എഡിസണ്‍ മാത്യു ഒന്നരവര്‍ഷംമുന്‍പുവരെ ബെംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജീവനക്കാരനായിരുന്നു എന്നാണ് സമീപവാസികള്‍ക്ക് അറിയാവുന്നത്. മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരിയായ എഡിസണ്‍ കുറച്ചുനാളായി നാട്ടിലുണ്ട്. രാവിലെ മകനെയും കൂട്ടി നഴ്സറിയില്‍പ്പോകുന്ന എഡിസണെയാണ് പലര്‍ക്കും പരിചയമുള്ളത്.

ഡാര്‍ക്ക് വെബ്ബിലൂടെ എഡിസണ്‍ ബാബു നടത്തിയത് 700-ഓളം ഇടപാടുകളാണ്. 'കെറ്റാമെലോണ്‍' എന്നപേരില്‍ പ്രവര്‍ത്തിച്ച രാജ്യത്തെതന്നെ ഏറ്റവുംവലിയ ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്നുവില്‍പ്പന ശൃംഖലവഴിയായിരുന്നു ഇടപാടെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കണ്ടെത്തി.

ഇയാള്‍ രണ്ടുവര്‍ഷത്തിനിടെ അഞ്ചുമുതല്‍ 10 കോടി രൂപയുടെവരെ ഇടപാടുനടത്തിയിരിക്കാമെന്ന് എന്‍സിബി സംശയിക്കുന്നു. കഴിഞ്ഞദിവസമാണ് എഡിസണെ പിടികൂടിയത്. 1127 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി, ഒരു ഹാര്‍ഡ്വേര്‍ വാലറ്റ് അടങ്ങിയ ലാപ്‌ടോപ്പ് എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

Tags:    

Similar News