കടം വാങ്ങിയ പണം തിരികെ ചോദിച്ചത് വിരോധമായി; ഫോണിലൂടെ ഭീഷണി; നേരിട്ടെത്തി വെല്ലുവിളി; മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

Update: 2025-07-13 10:06 GMT

അടൂര്‍: കടം വാങ്ങിയ പണം തിരികെ ചോദിച്ച വിരോധത്താല്‍ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. തൂവയൂര്‍ തെക്ക് പാണ്ടിമലപ്പുറം നന്ദു ഭവനില്‍ ചന്ദു എന്ന വൈഷ്ണവ് ( 23) ആണ് പിടിയിലായത്. അയല്‍വാസിയും ബന്ധുവുമായ തൂവയൂര്‍ തെക്ക് പാണ്ടിമലപ്പുറം പുത്തന്‍പുരയില്‍ വീട്ടില്‍ ഹരിഹര ( 43) നാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

11 ന് രാത്രി പത്തോടെ മദ്യപിച്ച് വഴക്കുണ്ടാക്കിയ യുവാവ്, കൈയില്‍ കരുതിയ സ്റ്റീല്‍ പൈപ്പുമായി എത്തി അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളം കേട്ട് ഹരിഹരന്റെ സഹോദരന്‍മാര്‍ എത്തിയപ്പോള്‍ റോഡിലേക്ക് ഇറങ്ങിയ പ്രതി, വീണ്ടും ചീത്തവിളിച്ചു. ചോദ്യം ചെയ്തപ്പോള്‍ കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് തലയില്‍ വെട്ടി. തടഞ്ഞപ്പോള്‍ കയ്യില്‍ തട്ടി പിന്നീട് തലയില്‍ കൊണ്ട് മുറിഞ്ഞു. കൈയ്യില്‍ ചതവ് ഉണ്ടാവുകയും ചെയ്തു. സഹോദരന്മാര്‍ ചേര്‍ന്ന് ചികിത്സക്കായി അടൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് ചന്ദുവിനെ വീടിനു അടുത്തുനിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇയാള്‍ രണ്ടാഴ്ചമുമ്പ് ഹരിഹരന്റെ കൈയില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. ഹരിഹരന്‍ ഇത് തിരികെ ചോദിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ രാത്രി ഫോണിലൂടെ അസഭ്യം വിളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ മദ്യപിച്ചെത്തി, ഹരിഹരന്റെ വീടിന് മുന്നില്‍ റോഡില്‍ വച്ച് വഴക്കുണ്ടാക്കുകയും ആക്രമിക്കുകയുമായിരുന്നു.

ചികിത്സക്ക് ശേഷം വീട്ടിലെത്തിയ ഇയാളുടെ മൊഴി ഏ എസ് ഐ രവികുമാര്‍ രേഖപ്പെടുത്തി. എസ് ഐ ആര്‍ ശ്രീകുമാര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News