മുംബൈ പൊലീസില്‍ നിന്നാണ്...പഴയ ബാങ്ക് അക്കൗണ്ട് അനധികൃത ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നു; വീടുവിടാന്‍ പാടില്ല, നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റില്‍': 82 കാരന്‍ പേടിച്ചരണ്ട് ബാങ്കില്‍; ഇസാഫ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ 18 ലക്ഷം രൂപയുടെ 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പ് തടഞ്ഞു
ഇസാഫ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ 18 ലക്ഷം രൂപയുടെ 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പ് തടഞ്ഞു
പത്തനംതിട്ട: ഡിജിറ്റല്‍ അറസ്റ്റ് എന്ന സൈബര്‍ തട്ടിപ്പില്‍ നിന്ന് വയോധികനെ രക്ഷപ്പെടുത്തിയത് ഇസാഫ് ബാങ്ക് ജീവനക്കാരുടെ ഇടപെടല്‍. 'ഡിജിറ്റല്‍ അറസ്റ്റ്' എന്ന വ്യാജേന പത്തനംതിട്ട സ്വദേശിയായ എണ്‍പത്തിരണ്ടുകാരനില്‍ നിന്നാണ് 18 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഇസാഫ് ബാങ്കിന്റെ കുമ്പനാട് ശാഖയിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് തട്ടിപ്പില്‍ നിന്നും ഉപഭോക്താവിനെ രക്ഷിച്ചത്.
മുംബൈ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ ഒരു സംഘമാണ് വയോധികനുമായി ബന്ധപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിപ്പിച്ച പഴയ ബാങ്ക് അക്കൗണ്ട് അനധികൃത ഇടപാടുകള്‍ നടത്താന്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു തട്ടിപ്പുകാര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ഭീഷണി വിശ്വസിപ്പിക്കുന്നതിനായി വീഡിയോ കോള്‍ വഴി പോലീസുകാരെയും മജിസ്ട്രേറ്റിനെയും അനുകരിച്ച് കാണിക്കുകയും, ഡിജിറ്റല്‍ അറസ്റ്റിലാണെന്നും വീടുവിടാന്‍ പാടില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭയവും ആശയക്കുഴപ്പവും അനുഭവിച്ച അദ്ദേഹം ഇസാഫ് ബാങ്ക് ശാഖയില്‍ എത്തി തന്റെ ഫിക്സഡ് ഡിപ്പോസിറ്റുകള്‍ പിന്‍വലിക്കുകയും സേവിങ്സ് അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്തു. പിന്നീട് അതെ ദിവസം ഉച്ചയ്ക്ക് ശേഷം ബാങ്കിലെത്തി ഒരു കമ്പനിയുടെ അക്കൗണ്ടിലേക്ക് 18 ലക്ഷം രൂപ അടിയന്തരമായി അയയ്ക്കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.
ഇതില്‍ സംശയം തോന്നിയ ബാങ്ക് ജീവനക്കാര്‍ ഉപഭോക്താവിന്റെ അടുത്ത ബന്ധുവിന്റെ സഹായത്തോടെ അന്വേഷിച്ചപ്പോഴാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ബോധ്യമാകുന്നത്. തുടര്‍ന്ന്, ബാങ്ക് ട്രാന്‍സാക്ഷന്‍ തടയുകയും കുടുംബത്തെ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഉപഭോക്താക്കളെ സൈബര്‍ ഭീഷണികളില്‍ നിന്ന് രക്ഷിക്കാന്‍ ബാങ്ക് ജീവനക്കാര്‍ വഹിക്കുന്ന നിര്‍ണായക പങ്കിന്റെ മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറുന്നു.