ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങി; കാണാനില്ലെന്ന പരാതിയുമായി ശേഷം പൊലീസില്‍; അന്വേഷണത്തില്‍ വാദി പ്രതിയായി; നടുക്കുന്ന കൊലപാതകത്തില്‍ അറസ്റ്റിലായത് വിമുക്ത ഭടനായ ഭര്‍ത്താവ്

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങി

Update: 2025-01-23 01:25 GMT

ഹൈദരാബാദ്: രാജ്യത്തെ നടുക്കി അരുംകൊല. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ റിട്ട. സൈനികന്‍ അറസ്റ്റിലായി. ഹൈദരാബാദ് മീര്‍പേട്ടിലെ ദണ്ഡുപ്പള്ളി സ്വദേശി ഗുരുമൂര്‍ത്തിയാണ് അറസ്റ്റിലായത്. ഭാര്യയെ കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറിലിട്ട് പുഴുങ്ങിയതായി പൊലീസ് കണ്ടെത്തി.

ഇക്കഴിഞ്ഞ 16നാണ് കൊലപാതകം നടന്നത്. എന്നാല്‍, ഇക്കാര്യം പുറത്തറിഞ്ഞിരുന്നില്ല. തന്റെ ഭാര്യ വെങ്കട മാധവിയെ രണ്ട് ദിവസമായി കാണാനില്ലെന്ന് കാട്ടി ഗുരുമൂര്‍ത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തി അന്വേഷണം തുടങ്ങി.

ഭാര്യയും ഭര്‍ത്താവും സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഗുരുമൂര്‍ത്തിയെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.

ഭാര്യയെ കൊലപ്പെടുത്തിയ ഗുരുമൂര്‍ത്തി മൃതദേഹം കഷണങ്ങളായി നുറുക്കി. ശേഷം കുക്കറിലിട്ട് പുഴുങ്ങിയ ശേഷം ഇത് പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

സൈന്യത്തിലായിരുന്ന ഗുരുമൂര്‍ത്തി സ്വമേധയാ വിരമിച്ച ശേഷം ഡി.ആര്‍.ഡി.ഒയില്‍ സുരക്ഷാ ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു. 13 വര്‍ഷം മുമ്പാണ് ഇയാള്‍ വെങ്കട മാധവിയെ വിവാഹംചെയ്തത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Tags:    

Similar News