സ്വർണം തട്ടിയെടുക്കാൻ അയൽവാസിയെ കൊലപ്പെടുത്തി; കവർച്ചയ്ക്ക് ശേഷം മൃതദേഹം സ്യൂട്ട് കേസിനുള്ളിലാക്കി മറവ് ചെയ്യാൻ നേരെ ചെന്നൈ എക്സ്പ്രസിൽ കയറി; പിന്നാലെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമം; പേടിയും വെപ്രാളവും പണിയായി എത്തി; ഒടുവിൽ അച്ഛനും മോളും പിടിയിലായതിങ്ങനെ...!
ചെന്നൈ: റെയിൽവേ സ്റ്റേഷനിൽ വന്ന് ഇറങ്ങിയ അച്ഛന്റേയും മകളുടേയും ഭാവത്തിൽ പന്തികേട്. യാത്രക്കാർക്കും അധികൃതർക്കും സംശയം. ഒടുവിൽ പുറം ലോകം അറിയുന്നത് വലിയൊരു കൊലപാതക കഥയാണ്. ബാഗിൽ നിന്ന് ഒലിച്ചിറങ്ങുന്ന കട്ടച്ചോര കണ്ടതോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.
സ്യൂട്ട് കേസ് പരിശോധിച്ചപ്പോൾ കണ്ടത് അയൽവാസിയായ സ്ത്രീയുടെ മൃതദേഹം. ആന്ധ്ര പ്രദേശിലെ നെല്ലൂർ സ്വദേശികളായ പിതാവിനേയും മകളേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ മിഞ്ചൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഇവർ അറസ്റ്റിലാവുന്നത്.
സ്വർണപ്പണിക്കാരനായ മധ്യവയസ്കനും മകളുമാണ് പോലീസിന്റെ പിടിയിൽ ആയിരിക്കുന്നത്. ഞായറാഴ്ച രാത്രിയിലാണ് അയൽവാസിയായ സ്ത്രീയെ ഇവർ കൊലപ്പെടുത്തിയത്. ഇവരുടെ സ്വർണം തട്ടിയെടുത്ത ശേഷം മൃതദേഹം സ്യൂട്ട് കേസിനുള്ളിൽ വച്ച് നെല്ലൂരിൽ നിന്ന് ചെന്നൈയിലേക്ക് മൃതദേഹം മറവ് ചെയ്യാനായാണ് ഇവർ രാത്രി തന്നെ എത്തിയത്.
മെമു ട്രെയിനിലാണ് ഇവർ തമിഴ്‌നാട്ടിൽ എത്തിയത്. തുടർന്ന് പ്ലാറ്റ്ഫോമിലൂടെ നൂറ് മീറ്ററിലേറെ മൃതദേഹം അടങ്ങിയ ട്രോളി ബാഗ് വലിച്ച് കൊണ്ട് പോയി പ്ലാറ്റ്ഫോമിൽ ഒതുക്കി വച്ചശേഷം തിടുക്കത്തിൽ മറ്റൊരു ട്രെയിനിൽ കയറാൻ ശ്രമിച്ച ഇവരെ ആർപിഎഫ് ഉദ്യോഗസ്ഥൻ ശ്രദ്ധിച്ചതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറം ലോകം അറിയുന്നത്.
43 വയസ് പ്രായമുള്ള ബാലസുബ്രമണ്യം എന്നയാളും ഇയാളുടെ 17 വയസ് പ്രായമുള്ള മകളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തേക്കുറിച്ച് 43കാരൻ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത് ഇപ്രകാരമാണ്. നെല്ലൂരിലെ ഇവരുടെ അയൽവാസിയായ 65കാരി മന്നം രമണിയെ സ്വർണത്തിന് വേണ്ടിയാണ് കൊലപ്പെടുത്തിയത്. തുടക്കത്തിൽ മകളെ ലൈംഗിക വൃത്തിക്ക് പ്രേരിപ്പിച്ചതിൽ പ്രകോപിതനായാണ് കൊല ചെയ്തതെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് കടം വീട്ടാനായി പണമുണ്ടാക്കാനായി 65കാരിയുടെ സ്വർണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു കൊലപാതകമെന്ന് ഇവർ വ്യക്തമാക്കി.
ഞായറാഴ്ച രാത്രി 65കാരിയുടെ വീട്ടിൽ ഒളിച്ചിരുന്ന ശേഷം രാത്രി ഇവരെ കൊലപ്പെടുത്തി, ആഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു. മൃതദേഹം അടുത്ത സംസ്ഥാനത്ത് കൊണ്ട് വന്ന് മറവ് ചെയ്യാനായി തീരുമാനിച്ചപ്പോൾ ആളുകൾ സംശയിക്കുന്നത് ഒഴിവാക്കാനായാണ് മകളെ കൂടെ കൂട്ടിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്.