ദൃക്‌സാക്ഷികളോ തെളിവുകളോ ഇല്ലാത്ത കേസ്; ചോദ്യം ചെയ്യലിനിടെ 19കാരന് ചുറ്റും പറന്ന് ഈച്ച: 26കാരന്റെ കൊലപാതകം തെളിയിക്കാന്‍ പോലിസിനെ സഹായിച്ചത് ഈച്ച

ദൃക്‌സാക്ഷികളോ തെളിവുകളോ ഇല്ല; 26കാരന്റെ കൊലപാതകം തെളിയിക്കാന്‍ പോലിസിനെ സഹായിച്ചത് ഈച്ച

Update: 2024-11-07 02:26 GMT

ഭോപ്പാല്‍: ദൃക്‌സാക്ഷികളോ തെളിവുകളോ ഇല്ലാത്ത കൊലപാതക കേസില്‍ തുമ്പുണ്ടാക്കാന്‍ പോലിസിനെ സഹായിച്ചത് ഈച്ച. പ്രതിയെ പിടികൂടാന്‍ പോലിസ് കിണഞ്ഞു പരിശ്രമിച്ചിട്ടും തെളിവു കിട്ടാതെ വന്നതോടെയാണ് ഈച്ച തുമ്പായത്. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. മനോജ് ഠാക്കൂര്‍ എന്ന 26-കാരന്റെ കൊലപാതകമാണ് ഈച്ചയുടെ സഹായത്തോടെ പോലീസ് തെളിയിച്ചത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 19-കാരനായ മരുമകന്‍ ധരം സിങ്ങിനൊപ്പം മദ്യപിക്കാന്‍ പോയതായിരുന്നു മനോജ് ഠാക്കൂര്‍. രാത്രിയായിട്ടും തിരികെ വന്നില്ല. ധരം സിങിനോട് വീട്ടുകാര്‍ ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു ഉത്തരം. പിറ്റേന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയും മണിക്കൂറുകളോളം തിരച്ചില്‍ നടത്തുകയും ചെയ്തു. വൈകീട്ടോടെ മനോജിന്റെ മൃതദേഹം കണ്ടെത്തി.

അവസാനമായി ഒപ്പമുണ്ടായിരുന്ന ധരം സിങ്ങിനെയാണ് പോലീസ് സംശയിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വിശ്വസിനീയമായ തരത്തിലാണ് ഇയാള്‍ പോലീസിന് മറുപടികള്‍ നല്‍കിയത്. മാത്രമല്ല യുവാവിനെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞതുമില്ല. മാത്രമല്ല കൊലയ്ക്ക് പിന്നിലെ കാരണമെന്തെന്ന് മനസ്സിലാക്കാന്‍ പോലും പോലിസിന് കഴിഞ്ഞില്ല.

പോലിസ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സി.സി.ടി.വി. ദൃശ്യവും ദൃക്സാക്ഷികളും ഉള്‍പ്പെടുയുള്ള തെളിവുകള്‍ കണ്ടെത്തനും പോലീസിന് കഴിഞ്ഞില്ല. അന്വേഷണം തുടങ്ങിയടുത്ത് തന്നെ നിന്നെങ്കിലും പോലിസിന് സംശയം ധരം സിങിനെ തന്നെ ആയിരുന്നു. ഇതോടെ ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ധരം സിങില്‍ നിന്നും കാര്യമായ വിവരം ഒന്നും ലഭിച്ചില്ല. ഇതിനിടെയാണ് സിനിമകളെ വെല്ലുന്ന ട്വിസ്റ്റ് സംഭവിച്ചത്.

ചോദ്യം ചെയ്യലിനിടെ ധരം സിങ്ങിനെ ചുറ്റി ഒരു ഈച്ച പറക്കുന്നത് അന്വേഷണോദ്യോഗസ്ഥനായ അഭിഷേക് പയാസിയുടെ ശ്രദ്ധയില്‍ പെട്ടു. മറ്റാരുടെയും സമീപം പോകാതെ ഈച്ച ഇയാളെ മാത്രമാണ് ചുറ്റിപ്പറന്നത്. തുടര്‍ന്ന് ധരം സിങ്ങിനോട് ധരിച്ച ഷര്‍ട്ട് ഊരി നല്‍കാന്‍ അഭിഷേക് ആവശ്യപ്പെട്ടു. ഉടന്‍ ഷര്‍ട്ട് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം വന്നതോടെയാണ് കേസില്‍ നിര്‍ണായകമായ തെളിവ് ലഭിക്കുകയും ധരം സിങ്ങാണ് പ്രതി എന്ന് ഉറപ്പിക്കുകയും ചെയ്തത്.

നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത രക്തക്കറ ഷര്‍ട്ടില്‍ ഉണ്ടായിരുന്നു എന്നായിരുന്നു പരിശോധനാഫലം. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ ധരം സിങ് കുറ്റം സമ്മതിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന്റെ പണം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിങ് പോലീസിനോട് പറഞ്ഞു.

Tags:    

Similar News