നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റു; പണത്തെ ചൊല്ലി കലഹിച്ചതോടെ വിവരം പുറത്ത് പറഞ്ഞ് കുഞ്ഞിന്റെ അമ്മ; പിതാവും ഇടനിലക്കാരും അറസ്റ്റില്‍: അമ്മയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളേയും ഉടന്‍ അറസ്റ്റ് ചെയ്യും

നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റു; പിതാവും ഇടനിലക്കാരും അറസ്റ്റില്‍

Update: 2024-11-05 04:12 GMT

തഞ്ചാവൂര്‍: തമിഴ്‌നാട്ടില്‍ നവജാതശിശുവിനെ നാലര ലക്ഷം രൂപ വാങ്ങി ദമ്പതികള്‍ക്ക് വിറ്റ അച്ഛനെയും നാല് വനിതാ ബ്രോക്കര്‍മാരെയും പോലിസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതാവായ ഈറോഡ് സ്വദേശി സന്തോഷ് കുമാര്‍ (28), ആര്‍ സെല്‍വി (47), എ സിദ്ദിക ബാനു (44), എസ് രാധ (39), ജി രേവതി (35) എന്നിവരാണ് അറസ്റ്റിലായത്. 40 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് ഇരുവരും പണം വാങ്ങി വിറ്റത്. ഒടുവില്‍ പണത്തെ ചൊല്ലി കുഞ്ഞിന്റെ അമ്മയും അച്ഛനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

തഞ്ചാവൂര്‍ സ്വദേശിയായ യുവതിയാണ് സെപ്റ്റംബര്‍ മാസം അവസാനം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈറോഡിലുള്ള ആണ്‍സുഹൃത്തായ സന്തോഷില്‍ നിന്നാണ് യുവതി ഗര്‍ഭിണിയായത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്നതിനിടെയായിരുന്നു സംഭവം. ഗര്‍ഭഛിദ്രത്തിനായി പല ആശുപത്രികളെ സമീപിച്ചെങ്കിലും നടന്നില്ല. വീട്ടുകാര്‍ വിഷയം അറിയാതിരിക്കാന്‍ സുഹൃത്തായ സെല്‍വിയുടെ വീട്ടിലേക്ക് യുവതി താമസം മാറുകയും ചെയ്തു. ഈറോഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സെപ്റ്റംബര്‍ അവസാനം പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

കുഞ്ഞ് ജനിക്കും മുന്നേ തന്നെ ഇരുവരും കുഞ്ഞിനെ വില്‍ക്കാന്‍ പദ്ധതി ഇട്ടിരുന്നു. നാഗര്‍കോവില്‍ സ്വദേശികളായ ദമ്പതികള്‍ക്ക് കുഞ്ഞിനെ വില്‍ക്കാന്‍ ധാരണയായിരുന്നു. മക്കളില്ലാത്ത ദമ്പതികളില്‍ നിന്ന് നാലരക്ഷം രൂപ വാങ്ങിയ ശേഷം കഴിഞ്ഞ മാസം 30നാണ് കേവം 40 ദിവസം മാത്രമുള്ള കുഞ്ഞിനെ കൈമാറിയത്. സെല്‍വി, സിദ്ദിക ബാനു, രാധ, രേവതി എന്നീ സ്ത്രീകളാണ് ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയത്.

തനിക്ക് കിട്ടിയ വിഹിതം കുറഞ്ഞുപോയെന്ന് പറഞ്ഞ് കുഞ്ഞിന്റെ അമ്മ ഇടഞ്ഞു. പിന്നാലെ കുഞ്ഞിനെ വിറ്റ കാര്യം സര്‍ക്കാര്‍ പ്രൈമറി സെന്ററിലെ നഴ്‌സിനോട് വെളിപ്പെടുത്തി. നഴ്‌സില്‍ നിന്ന് വിവരങ്ങള്‍ അറിഞ്ഞ സിഡബ്ല്യുസി, ഈറോഡ് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് പ്രതികള്‍ വലയിലായത്. 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് നിലവില്‍ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ അമ്മയുടെയും കുഞ്ഞിനെ വാങ്ങിയ നാഗര്‍കോവിലിലെ ദമ്പതികളുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് ഈറോഡ് പൊലീസ് അറിയിച്ചു.

Tags:    

Similar News