ചോറ്റാനിക്കരയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍; വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് അധ്യാപക ദമ്പതിമാരും മക്കളും; മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന് കുറിപ്പും; സാമ്പത്തിക പ്രശ്നം മൂലമുള്ള ആത്മഹത്യയെന്ന് സൂചന
ചോറ്റാനിക്കരയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍
കൊച്ചി: ചോറ്റാനിക്കരയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍. പെരുമ്പാവൂര്‍ കണ്ടനാട് സ്‌കൂള്‍ അധ്യാപകനായ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. രഞ്ജിത്തിന്റെ ഭാര്യയും അധ്യാപികയാണ്. സാമ്പത്തിക പ്രശ്നം മൂലമുള്ള ആത്മഹത്യയാണ് മരണകാരണമെന്നാണ് സൂചന. നാലുപേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് വൈദ്യപഠനത്തിന് കൈമാറണമെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദ്യ (7) എന്നിവരാണ് മരിച്ചത്. രശ്മിയും അധ്യപികയാണ്. ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങിയ നിലയിലും മക്കളെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സമീപത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഇതില്‍ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് പറയുന്നുണ്ട്.
രാവിലെ വീട്ടില്‍ നിന്നും ശബ്ദമൊന്നും കാണാതിരുന്നതോടെ അയല്‍വാസികളാണ് വിവരം തിരക്കിയെത്തിയത്. അതേസമയം മരണത്തിലേക്ക് നയിക്കാവുന്ന രീതിയിലുളള സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് കരുതുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.