ഗൃഹനാഥൻ ദുർമരണപ്പെടുമെന്ന് കുടുംബക്ഷേത്രത്തിലെ പൂജാരി; ശത്രുദോഷം മാറ്റാനായി ഹൈദരാബാദിലെ മലയാളി കുടുംബം നൽകിയത് 9 ലക്ഷം രൂപ; പൂജയെക്കുറിച്ച് ചോദിച്ചപ്പോൾ ചടങ്ങുകൾ ഇനിയുമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; പിന്നാലെ ക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ചു; ഇളമ്പള്ളൂരുകാരൻ പ്രസാദിന്റെ 'പരിഹാര പൂജ' തട്ടിപ്പായ കഥ
കൊല്ലം: ശത്രുദോഷം മാറ്റാനുള്ള പൂജ നടത്തിയില്ലെങ്കിൽ ഗൃഹനാഥൻ ദുർമരണപ്പെടുമെന്ന് വിശ്വസിപ്പിച്ച് ഒൻപതര ലക്ഷം രൂപ തട്ടിയെടുത്ത പൂജാരി അറസ്റ്റിൽ. ഇളമ്പള്ളൂർ സ്വദേശി പ്രസാദിനെയാണ് (54) ശൂരനാട് പോലീസ് പിടികൂടിയത്. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് തട്ടിപ്പിനിരയായത്. പരാതിക്കാരുടെ നാട്ടിലെ കുടുംബക്ഷേത്രത്തിലെ പൂജാരിയായിരുന്നു പ്രസാദ്.
ഗൃഹനാഥന് കടുത്ത ശത്രുദോഷമുണ്ടെന്നും പരിഹാരപൂജകൾ ഉടനടി നടത്തിയില്ലെങ്കിൽ അദ്ദേഹം ദുർമരണപ്പെടുകയും കുടുംബത്തിന് വലിയ വിപത്തുകൾ സംഭവിക്കുകയും ചെയ്യുമെന്ന് ഇയാൾ ഗൃഹനാഥന്റെ മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. പരിഹാര പൂജയുടെ ചെലവിനായി നാലുലക്ഷം രൂപയും മറ്റ് ആവശ്യങ്ങൾ പറഞ്ഞ് അഞ്ചര ലക്ഷം രൂപയും ഓൺലൈനായി കൈപ്പറ്റുകയായിരുന്നു.
പണം നൽകിയ ശേഷം പൂജയെക്കുറിച്ച് ചോദിച്ചപ്പോൾ, കൂടുതൽ ചടങ്ങുകൾ ആവശ്യമുണ്ടെന്ന് പറഞ്ഞ് പ്രസാദ് കുടുംബത്തെ ഹൈദരാബാദിൽ നിന്ന് പോരുവഴിയിലുള്ള തൻ്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇതിനുപിന്നാലെ ഇയാൾ കുടുംബക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ചു. ഇതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി കുടുംബത്തിന് വ്യക്തമായതും പോലീസിൽ പരാതി നൽകിയതും.
ശൂരനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്ഐമാരായ രാജേഷ്, ഉമേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ ബാബു, അരുൺരാജ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായതോടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.