മൊബൈൽ ഫോൺ വാങ്ങി ഫോൺപേയിലൂടെ പണം അയച്ചെന്ന് വിശ്വസിപ്പിച്ചു; ധൃതിപ്പെട്ട് കടയിൽ നിന്നിറങ്ങാൻ നോക്കിയപ്പോൾ കടയുടമയ്ക്ക് സംശയം; അക്കൗണ്ട് പരിശോധിച്ചപ്പോൾ പുറത്ത് വന്നത് കൊടും ചതി; 18കാരൻ പിടിയിൽ

Update: 2025-09-06 09:50 GMT

തൃശൂർ: വ്യാജ ക്യുആർ കോഡ് ആപ്പ് ഉപയോഗിച്ച് 17,000 രൂപയുടെ മൊബൈൽ ഫോൺ വാങ്ങി തട്ടിപ്പ് നടത്താൻ ശ്രമിച്ച 18-കാരൻ പിടിയിൽ. പെരിഞ്ഞനം സ്വദേശി അഹമ്മദ് (18) ആണ് മതിലകം പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് മതിലകം സെന്ററിലെ മൊബൈൽപാർക്ക് മൊബൈൽ ഷോപ്പിലാണ് സംഭവം നടന്നത്.

കടയിൽനിന്ന് 17,000 രൂപ വിലയുള്ള സ്മാർട്ട്ഫോൺ വാങ്ങിയ ശേഷം, പ്രതി ഫോൺപേ വഴി പണം അയച്ചതായി കടയുടമയെ തെറ്റിദ്ധരിപ്പിച്ചു. ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം അയച്ചതിന്റെ സ്ക്രീൻഷോട്ട് കാണിച്ചശേഷം ധൃതിപ്പെട്ട് കടയിൽനിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് കടയുടമയ്ക്ക് സംശയം തോന്നിയത്. ഇദ്ദേഹം പ്രതിയെ തടഞ്ഞുവെച്ച് സ്വന്തം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

വ്യാജ ആപ്പ് ഉപയോഗിച്ച് പണം അയച്ചതായി തെറ്റിദ്ധരിപ്പിച്ചതാണെന്ന് പിന്നീട് വ്യക്തമായി. ഇതേത്തുടർന്ന് കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മതിലകം പോലീസ് കേസെടുത്ത് അഹമ്മദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മതിലകം പൊലീസ് എസ്.എച്ച്.ഒ ഷാജി.എം.കെ, എസ്.ഐ അശ്വിൻ റോയ്, ജി.എസ്.സി.പി.ഒ. മാരായ സനീഷ്, ഷനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News