5 ഏക്കർ കവുങ്ങിൻതോട്ടം പാട്ടത്തിന് വാങ്ങി; വിളവെടുപ്പിനെത്തിയപ്പോൾ ട്വിസ്റ്റ്; ഭൂമി കൈമാറിയിട്ടില്ലെന്ന് തോട്ടം ഉടമ; അന്വേഷണത്തിൽ പുറത്ത് വന്നത് വൻ തട്ടിപ്പ്; പിടിയിലായത് മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിന് നൽകി പണം തട്ടുന്ന സംഘം; ലക്ഷ്യം ആർഭാട ജീവിതം

Update: 2025-08-08 08:02 GMT

കാളികാവ്: കവുങ്ങിൻതോട്ടം പാട്ടത്തിന് നൽകാമെന്ന് വാഗ്‌ദാനം നൽകി കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ. വണ്ടൂർ നരിമടക്കൽ കരുമാരോട്ട് മുഹമ്മദ് അഷ്റഫ് (55), പന്തപ്പള്ളി ചെരങ്ങാട്ടുപൊയിലിലെ ചെറുകാട് മുനവർ ഫൈറൂസ് (35) എന്നിവരെയാണ് കാളികാവ് പോലീസ് അറസ്റ്റുചെയ്തത്. പൂങ്ങോട് സ്വദേശി നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള തോട്ടം കാണിച്ച് രണ്ട് ലക്ഷംരൂപയാണ് പ്രതികൾ തട്ടിയത്. സ്വന്തം തോട്ടമെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിന് നൽകി പണംതട്ടുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്.

മമ്പാട് പുള്ളിപ്പാടത്തെ അഞ്ച് ഏക്കർ കവുങ്ങിൻതോട്ടം പാട്ടത്തിന് നല്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതികൾ പരാതിക്കാരനെ സമീപിക്കുന്നത്. രണ്ടാംപ്രതിയായ മുനവർ ഫൈറൂസാണ് പരാതിക്കാരന് ഒന്നാംപ്രതിയായ മുഹമ്മദ് അഷ്റഫിനെ പരിചയപ്പെടുത്തിയത്. അഷ്‌റഫിന്റെ തോട്ടമാണ് പാട്ടത്തിന് നൽകാനുള്ളതെന്ന് പ്രതികൾ പറഞ്ഞിരുന്നത്. കൂടാതെ വിവിധ സ്ഥലങ്ങളിൽ തോട്ടം ഉള്ളതായി മുഹമ്മദ് അഷ്റഫ് പരാതിക്കാരനെ വിശ്വസിപ്പിച്ചു. ഒരു വർഷത്തെ വിളവ് എടുക്കുന്നതിന് പുള്ളിപ്പാടത്തെ കവുങ്ങിൻതോട്ടം രണ്ട് ലക്ഷം രൂപ പാട്ടം നിശ്ചയിച്ച് നൽകുകയുംചെയ്തു.

പാട്ടത്തുക കൈമാറിയശേഷം വിളവെടുക്കാനായി പരാതിക്കാരൻ തോട്ടത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്ത് വരുന്നത്. വിളവ് എടുക്കുന്നത് യഥാർഥ തോട്ടമുടമ കാണാനിടയായി. ആർക്കും ഭൂമി കൈമാറിയിട്ടില്ലെന്ന് പറഞ്ഞ് തോട്ടമുടമ വിളവെടുപ്പ് തടഞ്ഞു. തുടർന്ന് തട്ടിപ്പിനിരയായ ആൾ കാളികാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. മുഹമ്മദ് അഷ്റഫ് നൽകിയ മേൽവിലാസത്തിൽ അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല.

ഒളിവിൽപ്പോയ മുഹമ്മദ് അഷ്‌റഫിനെ ഐക്കരപ്പടിയിലെ വാടകവീട്ടിൽനിന്നും മുനവ്വർ ഫൈറൂസിനെ വീട്ടിൽനിന്നുമാണ് പോലീസ് അറസ്റ്റുചെയ്തത്. അഷ്‌റഫ് നിരവധി സ്ഥലങ്ങളിൽ റബ്ബർതോട്ടങ്ങളും തെങ്ങിൻ തോപ്പുകളും കാണിച്ചും മുൻപും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണംകൊണ്ട് മറ്റു സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് ആർഭാട ജീവിതം നയിക്കുന്ന രീതിയാണ് മുഹമ്മദ് അഷ്റഫിേൻറതെന്ന് പോലീസ് വ്യകതമാക്കി.

കാളികാവ് പോലീസ് ഇൻസ്പെക്ടർ വി. അനീഷിന്റെ നേതൃത്വത്തിൽ എസ്ഐ അൻവർ സാദത്ത് ഇല്ലിക്കൽ, സീനിയർ സിവിൽ പോലീസുകാരായ റിയാസ് ചീനി, വി. വ്യതീഷ്, കെ.എം. ഷെമീർ, ഡ്രൈവർ സിപിഒ കെ.എം. മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ രണ്ട് പേരേയും റിമാൻഡ് ചെയ്തു. 

Tags:    

Similar News