മലയാളി യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ സനല്‍ ഇടമറുകിന് ഫിന്‍ലന്‍ഡില്‍ തടവും പിഴയും; സ്റ്റുഡന്റ് വിസക്ക് എന്ന പേരില്‍ വാങ്ങിയ 15 ലക്ഷം പലിശ സഹിതം തിരിച്ചുകൊടുക്കണം; ഗുരുതരമായ പണാപഹരണമെന്ന് കോടതി; യുക്തിവാദത്തിന്റെ മറവിലെ തട്ടിപ്പുകള്‍ മറനീക്കുമ്പോള്‍!
സനല്‍ ഇടമറുകിന് ഫിന്‍ലന്‍ഡില്‍ തടവും പിഴയും
മലയാളി യുവതിയില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചതിന് പ്രമുഖ യുക്തിവാദിയും, എഴുത്തുകാരനും, പ്രഭാഷകനുമായ സനല്‍ ഇടമറുകിനെതിരെ ഫിന്‍ലന്‍ഡ് കോടതിയുടെ ശിക്ഷ. ആറുമാസം കണ്ടീഷണല്‍ ഇംപ്രിസണ്‍മെന്റും, കോടതി ചെലവുകള്‍ അടക്കം വന്‍ പിഴയുമാണ് ശിക്ഷ. 2015 -2017 കാലയളവില്‍ തിരുവനന്തപുരം സ്വദേശിയായ, സര്‍ക്കാര്‍ ഉദ്യോഗസ്ഥ പ്രമീളാ ദേവിയില്‍ നിന്ന്, ഫിന്‍ലന്‍ഡില്‍ ഉപരിപഠനത്തിന് വിസ തരപ്പെടുത്തെിക്കൊടുക്കാമെന്ന് പറഞ്ഞ്, 15,25,000 രൂപ കൈപ്പറ്റിയെന്നാണ് പരാതി. എന്നാല്‍ വിസ ലഭിക്കാതായതോടെ പരാതിക്കാരി കേരളത്തില്‍ പൊലീസിനെ സമീപിച്ചു. ഈ കേസ് നിലനില്‍ക്കെ ഇവരുടെ ഒരു ബന്ധുവില്‍ നിന്നും സനല്‍, സ്റ്റുഡന്റ് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്താതായും പരാതി ഉയര്‍ന്നിരുന്നു.
2018-ല്‍ ആലപ്പുഴ സി.ജെഎം കോടതി സനല്‍ ഇടമറുകിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍ അതിന് മുന്‍പ് ഇയാള്‍ ഫിന്‍ലാന്‍ഡില്‍ എത്തിയിരുന്നു. പക്ഷേ, കേന്ദ്ര വിദേശകാര്യ വകുപ്പിലും ആഭ്യന്തര വകുപ്പിലും നല്‍കിയ പരാതിയെ തുടര്‍ന്ന് ഇന്റര്‍പോള്‍ ഇടമറുകിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പ്രമീളാ ദേവിയും ഭര്‍ത്താവും, ഫിന്‍ലന്‍ഡില്‍ പോയി നടത്തിയ കേസിലാണ് വിധിയുണ്ടായിരിക്കുന്നത്.
ഫിന്‍ലന്‍ഡില്‍ പോയി നിയമ പോരാട്ടം
ഇടമറുക് ഇന്ത്യയില്‍ നിന്ന് മുങ്ങിയെങ്കിലും, പ്രമീളാ ദേവിയും ഭര്‍ത്താവ് ബിനോയ് വിശ്വനാഥനും വിട്ടില്ല. അവര്‍ കേസ് ഹെല്‍സിങ്കി ജില്ലാകോടതിയില്‍ എത്തിച്ചു. ചാറ്റുകള്‍, ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ അടക്കം സകല തെളിവുകളും പരിശോധിച്ചാണ്, സനലിന് കോടതി ശിക്ഷ വിധിച്ചത്. വിധിന്യായത്തില്‍ 'ഗുരുതരമായ പണാപഹരണം' എന്നാണ് കോടതി എടുത്തു പറഞ്ഞത്. ആറുമാസത്തെ സോപാധിക തടവാണ് സനലിന് ശിക്ഷയായി വിധിച്ചത്. എന്നാല്‍ ഫിന്‍ലന്‍ഡിലെ നിയമം അനുസരിച്ച് ഇപ്പോള്‍ അദ്ദേഹം തടവ് അനുഭവിക്കേണ്ട കാര്യമില്ല. നേരത്തെ ഈ രാജ്യത്ത് കേസ് ഒന്നും ഇല്ലാത്തതിനാല്‍, 27 ഫെബ്രുവരി 2027 വരെ പ്രൊബേഷനറി കാലമായി കൊടുത്തിട്ടുണ്ട്. ആ കാലത്ത് മറ്റെന്തെങ്കിലും കുറ്റം ചെയ്താല്‍ സനല്‍ ജയിലിലാവും.
വലിയ തുകയാണ് പിഴയായി വിധിച്ചത്. തന്റെ വക്കീലായ മറ്റി നൂര്‍മേളക്ക് രാജ്യത്തെ ഫണ്ടില്‍ നിന്ന് കൊടുത്ത 6,852 യൂറോയുടെ 30 ശതമാനം സനല്‍ അടക്കണം. പ്രമീളാദേവിയുടെ വക്കീലായ എമിലിയോ മാറ്റിലയുടെ ഫീസ് ആയ ഏകദേശം 8,241 യൂറോയുടെയും 30 ശതമാനം അടയ്ക്കണം. പ്രമീളാദേവിയില്‍ നിന്ന് പറ്റിച്ച 21,000 യൂറോക്ക് തുല്യമായ തുകയും അതിന്റെ പലിശയും സനല്‍ കൊടുക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.
പച്ചക്കളങ്ങള്‍ കൊണ്ട് പിടിച്ചു നില്‍കാനുള്ള ശ്രമമാണ് സനല്‍ കോടതിയിലും നടത്തിയത്. പ്രമീളാ ദേവി തന്റെ റാഷണലിസ്റ്റ് സംഘടനക്ക് 15 ലക്ഷം രൂപ സംഭാവനയായി നല്‍കി എന്ന വിചിത്രവാദമാണ് സനല്‍ ഉയര്‍ത്തിയത്. ഒരു മിഡില്‍ ക്ലാസ് കുടുംബം ഇത്രയും അധികം തുക ബാങ്ക് ലോണ്‍ എടുത്ത് സംഭാവന കൊടുക്കുമോ എന്ന മറുചോദ്യമാണ് പ്രമീളയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. പ്രമീള വര്‍ഷങ്ങളായി സനലിന്റെ യുക്തിവാദ സംഘടനയുടെ അംഗമാണെന്നും, ഇവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്ടെന്നും കാണിക്കാന്‍ കള്ളസാക്ഷിയെ വരെ, സനല്‍ കേരളത്തില്‍ നിന്ന് കൊണ്ടുവന്ന് ഫിന്നിഷ് കോടതിയില്‍ ഹാജരാക്കി. പക്ഷേ കോടതിയില്‍ ഇതെല്ലാം പൊളിഞ്ഞു. കേസില്‍ സനലിന് ഇനി അപ്പീല്‍ പോവാന്‍ കഴിയും.
തട്ടിപ്പ് കൈയോടെ പിടികൂടപ്പെടുകയും ശിക്ഷ ലഭിക്കുകയും ചെയ്തിട്ടും, പരാതിക്കാരിയെ യുട്യൂബിലുടെ അപഹസിക്കയാണ് സനല്‍ ചെയ്തത്. 'എന്നെ തൂക്കി കൊല്ലാന്‍ വിധിച്ചിട്ടില്ല', 'ഞാന്‍ വീട്ടില്‍ തന്നെ ഉണ്ട്', 'അവര്‍ സംഭാവനയായി യുക്തിവാദി സംഘടനക്ക് കൊടുത്ത കാശാണ്'. എന്നൊക്കെയാണ് സനല്‍ തട്ടിവിടുന്നത്. സകല തെളിവുകളും പരിശോധിച്ച് ബോധ്യപ്പെട്ടു വിധി പറഞ്ഞ ഫിന്നിഷ് കോടതിയെയും അപഹസിക്കയാണ് ഈ വീഡിയോയിലൂടെ സനല്‍ ചെയ്തത്.
വീഡിയോയില്‍ ഉടനീളം ഈ കേസിന്റെ പുറകില്‍ കത്തോലിക്കാ സഭയാണെന്ന് സ്ഥാപിച്ചു രക്ഷപ്പെടാനുള്ള ശ്രമമാണ് കാണാന്‍ കഴിയുന്നത്. അതിനായി കല്‍ബുര്‍ഗ്ഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പാന്‍സാരെ എന്നീ മഹാരഥന്മാരുടെ കൂട്ടത്തില്‍ സ്വയം അവരോധിച്ച് താനും വധിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന ഇരവാദമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായ പ്രമീളാ ദേവിക്കും കുടുംബവും മതരഹിതമായ ജീവിതമാണ് നയിക്കുന്നത്. സ്വതന്ത്രചിന്തകരായ അവരെ കത്തോലിക്കാ സഭയുടെ ഏജന്റുകള്‍ എന്ന് വ്യക്തിഹത്യ ചെയ്യാനാണ് സനല്‍ ശ്രമിച്ചത്. ഈ വീഡിയോയുടെ ട്രാന്‍സിലേഷന്‍ ഫിന്‍ലന്‍ഡ് കോടതിക്ക് ലഭിച്ചാല്‍ അതും സനലിന് വിനയാവുമെന്ന് ഉറപ്പാണ്.
കേസ് ആയുധമാക്കി ഇന്ത്യയില്‍ നിന്ന് മുങ്ങി
അതിനിടെ സനല്‍ ഇടമുറക് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട് ഫിന്‍ലന്‍ഡില്‍ എത്തിയതും മറ്റൊരു തട്ടിപ്പിലുടെയാണെന്ന്, യുക്തിവാദമേഖലയില്‍ ഉള്ളവര്‍ തന്നെ ആരോപിക്കുന്നുണ്ട്. 2012 മാര്‍ച്ചില്‍ മുംബൈയിലെ വിലെ പാര്‍ലെയിലെ വേളാങ്കണ്ണി പള്ളിയില്‍ നിന്ന് ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലില്‍ നിന്ന് വെള്ളമൊഴുകുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന്. നിരവധിപേര്‍ എത്തി ഈ വെള്ളം കുപ്പികളിലാക്കി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചു. സനല്‍ അവിടെ എത്തി ഇതിനു പിന്നിലെ ശാസ്ത്രീയ സത്യം ബോധ്യപ്പെടുത്തി. പ്രതിമ നില്‍ക്കുന്ന സ്ഥലത്തിനടുത്തിന് തൊട്ടടുത്ത് മലിനജലം കെട്ടി നില്‍ക്കുന്ന ചെറിയ കനാലും സമീപത്ത് മുകളില്‍ തന്നെയായി ഒരു വാട്ടര്‍ടാങ്കുമുണ്ട്. ഇവിടെ കാപ്പില്ലറി ആക്ഷന്റെ ഭാഗമായി, വെള്ളം ചെറിയ സുഷിരങ്ങളിലൂടെ പ്രതിമയ്ക്കരികില്‍ എത്തുകയും അത് ക്രിസ്തുരൂപത്തിന്റെ കാലിലൂടെ ഒഴുകുകയും ചെയ്യുകയാണെന്ന് അദേഹം വിശദീകരിച്ചു. ഇത് ചാനലുകള്‍ വാര്‍ത്തയാക്കി. ഇതോടെ ക്രിസ്ത്യന്‍ മതമേലധികാരികള്‍ അദ്ദേഹത്തിനെതിരെ പോലീസിന് പരാതി നല്‍കുകയും മുംബൈ പോലീസ് കേസെടുക്കുകയുമാണുണ്ടായത്. മഹാരാഷ്ട്ര കാത്തലിക് യൂത്ത് ഫോറം പ്രസിഡന്റ് ആഞ്ചെലോ ഫെര്‍ണാണ്ടസ് ആണ് പരാതി നല്‍കിയത്.
ഈ കേസിനെ നിയമപരമായി നേരിടുന്നതിന് പകരം ഭീകരകഥകള്‍ ഉണ്ടാക്കി ഫിന്‍ലാന്‍ഡില്‍ അഭയം തേടുകയാണ് സനല്‍ ചെയ്തത്. ക്രിസ്ത്യാനികള്‍ സനലിനെ കുടുക്കാന്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ് കൊടുത്തു എന്നും, കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൊല്ലാന്‍ ഗുണ്ടകളെ ചുമതലപ്പെടുത്തി എന്നുമൊക്കെ പറഞ്ഞുണ്ടാക്കി. ചില ബാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കി. ഇതുവെച്ച് അദ്ദേഹം ഫിന്‍ലന്‍ഡില്‍ അഭയം തേടുകയായിരുന്നു. ചുരുക്കത്തില്‍ അന്നുണ്ടായ ആ സ്വാഭാവിക കേസിനെ ഭീകരവല്‍ക്കരിച്ചുകൊണ്ടു അതൊരു പിടിവള്ളിയാക്കി സനല്‍ അഭയാര്‍ത്ഥി പരിവേഷം ഉണ്ടാക്കി ഇന്ത്യ വിടുകയായിരുന്നു. ഇപ്പോള്‍ പ്രമീളാ ദേവി സംഭവം വാര്‍ത്തയായതോടെ സനലിന്റെ തരികിടകള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയാണ്.