മൂന്ന് മാസം മുന്‍പ് അപകടത്തില്‍ മരിച്ച ആളുടെ പേരില്‍ പണപ്പിരിവ്; ഗുരുതരാവസ്ഥയില്‍ ആണെന്ന് കാണിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ക്യു ആര്‍ കോഡ് വഴി പണം നല്‍കാന്‍ ആവശ്യം; പോലീസില്‍ പരാതി നല്‍കി മാതാവ്
കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പണപ്പിരിവ് സംഘം വന്‍ തട്ടിപ്പിന് ശ്രമിച്ചതായി പരാതി. പടന്നക്കാട് ദേശീയപാതയില്‍ ഫെബ്രുവരി ഏഴിന് അപകടത്തില്‍ മരിച്ച പഴയകടപ്പുറത്തെ പി. ആഷിഖിന്റെ (മരണമെടുത്ത് 3 മാസം) പേരിലാണ് പണമെടുക്കാനുള്ള ശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആഷിഖിന്റെ അമ്മ പി. ആമിന ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
'ആഷിഖ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും ചികിത്സയ്ക്കായി അടിയന്തിരമായി സാമ്പത്തികസഹായം ആവശ്യമാണ്' എന്നടക്കമുള്ള തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളോടൊപ്പം, ആശുപത്രിയില്‍ കിടക്കുന്നയാളുടെ വ്യാജചിത്രങ്ങളും അപകടദൃശ്യങ്ങളും ചേര്‍ത്ത് നിരവധി സ്ത്രീകളെ ലക്ഷ്യമാക്കി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. ഗൂഗിള്‍ പേയുടെ ക്യുആര്‍ കോഡ് ഉപയോഗിച്ച് പണമയക്കാന്‍ നിര്‍ദ്ദേശിച്ചുവെന്ന് പരാതിക്കാര്‍ അറിയിച്ചു.
ഒരു യുവാവ് സന്ദേശം അയയ്ക്കുകയും മറ്റൊരാളുടെ ക്യു ആര്‍ കോഡ് വഴി പണം സ്വീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് തട്ടിപ്പെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തിലുള്ള നിരവധി പേര്‍ പണം അയച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. പണപ്പിരിവ് വ്യാപകമായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും സൈബര്‍ സെല്‍ ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണസംഘങ്ങള്‍ അന്വേഷണം ശക്തമാക്കിയതായി ഹോസ്ദുര്‍ഗ് പൊലീസ് അറിയിച്ചു.