ജൂനിയേഴ്‌സിന്റെ ശരീരം മുഴുവന്‍ ഷേവ് ചെയ്ത് ആനന്ദം കണ്ടെത്തിയ സിപിഎം അനുകൂല വിദ്യാര്‍ത്ഥി നേതാക്കള്‍; പാവം കുട്ടികള്‍ നിലവിളിച്ചിട്ടും കേള്‍ക്കാത്ത സെക്യൂരിറ്റി; ആ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഒന്നും കണ്ടില്ലെന്ന് പറയുന്നത് ജോലി പോകുമെന്ന ഭയത്തില്‍; കത്തിയും കോമ്പസും കരിങ്കല്ലുമായി അര്‍മാദിച്ച സഖാക്കള്‍; ഗാന്ധിനഗറിലേത് ലഹരിയ്ക്ക് പണമുണ്ടാക്കാനുള്ള ക്രൂരത
കോട്ടയം: ഗാന്ധിനഗര്‍ ഗവ.നഴ്‌സിങ് കോളജില്‍ എസ് എഫ് ഐയ്ക്ക് യൂണിറ്റില്ലെന്നത് വസ്തുതയാണ്. പക്ഷേ അവിടെ റാഗിങ് നടത്തിയവരും സിപിഎം അനുയായികളാണ്. ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ക്രൂരമായ റാഗിങ് നടക്കുമ്പോള്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ഥികളില്‍ ഒരാള്‍ വിവരം സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഈ സെക്യൂരിറ്റി ഇടപെട്ടിരുന്നില്ല. ഇതിന് കാരണം സിപിഎം അനുകൂല സംഘടനാ നേതാക്കളുടെ റാംഗിങില്‍ ഇടപെട്ടാല്‍ പണി പോകുമെന്ന ഭയമായിരുന്നു. റാഗിങ് നടന്നത് അറിഞ്ഞില്ലെന്നും ഇരയായ കുട്ടികള്‍ നിലവിളിക്കുന്നതു കേട്ടില്ലെന്നുമാണ് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി മൊഴി നല്‍കിയത്. ഇതില്‍ പൊലീസിനു സംശയം ഉണ്ട്.
റാഗിങ് നടന്ന മുറിയില്‍ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കല്‍ കഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം. റാഗിങ്ങിനെതിരെ 4 വിദ്യാര്‍ഥികള്‍ കൂടി കോളജിന്റെ ആന്റി റാഗിങ് സെല്ലില്‍ പരാതി നല്‍കി. ഇതില്‍ ഒരാള്‍ പൊലീസിനും പരാതി നല്‍കി. സീനിയര്‍ വിദ്യാര്‍ഥികള്‍ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്‌തെന്ന് കണ്ടെത്തിയിട്ടുണ്ട്. ലിബിന്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ കേരള ഗവ.സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി കെ.പി.രാഹുല്‍ രാജ്, സാമുവല്‍ ജോണ്‍സണ്‍, എന്‍.എസ്.ജീവ, സി.റിജില്‍ ജിത്ത്, എന്‍.വി.വിവേക് എന്നിവര്‍ തന്നെയാണ് ഈ ക്രൂരകൃത്യത്തിനും നേതൃത്വം നല്‍കിയത്. സീനിയേഴ്‌സ് ആവശ്യപ്പെട്ട പണം നല്‍കാത്തതിനെത്തുടര്‍ന്ന് അജിത്ത്, ദിലീപ്, ആദര്‍ശ് അരുണ്‍ എന്നിവരാണ് റാഗ് ചെയ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയില്ല.
ലിബിനെ റാഗ് ചെയ്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രതികള്‍ അമലിനോടു നിര്‍ദേശിച്ചു. ഈ ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ഇതിനുശേഷം ഏറെ നേരം അമലിനെ മുട്ടുകാലില്‍ നിര്‍ത്തിയെന്നും കവിളില്‍ അടിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ബോയ്‌സ് ഹോസ്റ്റലിന്റെ താഴത്തെനിലയില്‍ താമസിക്കുന്ന ജൂനിയര്‍ വിദ്യാര്‍ഥികളെ ഫോണില്‍ വിളിച്ച് മുകളിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു 13-ാം നമ്പര്‍ മുറിയില്‍ വച്ചാണ് ശരീരമാസകലം ഷേവ് ചെയ്തത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. ലഹരിയ്ക്ക് പണമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു ഈ സഖാക്കളുടെ ക്രൂരതകള്‍. സംഭവത്തില്‍ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകള്‍ കേസെടുത്തിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ദേശീയ കമ്മിഷന്‍ നിര്‍ദേശം നല്‍കി. സഹ്യാദ്രി റൈറ്റ്സ് ഫോറം നല്‍കിയ പരാതിയിലാണു കമ്മിഷന്റെ ഇടപെടല്‍.
രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന കമ്മിഷന്‍ നല്‍കിയ നിര്‍ദേശം. നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലും വിശദീകരണം സമര്‍പ്പിക്കണം. കോട്ടയത്ത് നടക്കുന്ന അടുത്ത സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. ഗവ.നഴ്‌സിങ് കോളജ് റാഗിങ് സംഭവത്തില്‍ ഗവര്‍ണറും ഇടപെട്ടു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ ആവശ്യപ്പെട്ടതനുസരിച്ച് കലക്ടര്‍ ഇന്നലെത്തന്നെ വിശദമായ റിപ്പോര്‍ട്ട് നല്‍കി. അതേസമയം, അറസ്റ്റിലായ 5 പ്രതികളില്‍ 20 വയസ്സിനു താഴെ പ്രായമുള്ള 3 പേരെ കൊച്ചി കാക്കനാട്ടെ ജില്ലാ ജയിലിനോട് അനുബന്ധിച്ചുള്ള ബോസ്റ്റല്‍ സ്‌കൂളിലേക്ക് ഇന്നു മാറ്റും. മറ്റു 2 പേരെ കോട്ടയം സബ് ജയിലില്‍ പാര്‍പ്പിക്കും.
സീനിയര്‍ വിദ്യാര്‍ഥികളില്‍ കേസില്‍പെടാത്ത 2 പേരുടെ മൊഴി കൂടി പൊലീസ് രേഖപ്പെടുത്തും. ഹോസ്റ്റലിനു വെളിയില്‍ റാഗിങ് നടന്നിട്ടുണ്ടോ എന്നറിയാന്‍ പെണ്‍കുട്ടികളുടെ മൊഴിയും രേഖപ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. കേസിലെ തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യാന്‍ ഉപയോഗിച്ച കോമ്പസും, ഡമ്പലുമാണ് കണ്ടെത്തിയത്.