സിം കാർഡുകൾ ഉപേക്ഷിച്ചു, മൂന്ന് വർഷമായി നാട്ടിൽ ആരുമായും ബന്ധമില്ല; കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതി ഒളിവിൽ കഴിഞ്ഞത് കുപ്രസിദ്ധ ഗുണ്ടയ്‌ക്കൊപ്പം; പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നത് കാരൈക്കുടിയിലേക്ക്; നൂറനാടുകാരൻ മനോജിനെ പിടികൂടിയത് സാഹസികമായി
പത്തനംതിട്ട: മൂന്നുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതിയെ തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ നിന്ന് അടൂർ പൊലീസ് പിടികൂടിയത് സാഹസികമായി. നൂറനാട് പാലമേൽ സ്വദേശി കൊച്ചുതറയിൽ വീട്ടിൽ മനോജ് (35) ആണ് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ നടത്തിയ സാഹസിക നീക്കത്തിനൊടുവിൽ അറസ്റ്റിലായത്. 2022-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയായിരുന്നു മനോജ്. ഈ കേസിൽ മൂന്ന് പ്രതികളെ അതിവേഗ കോടതി ശിക്ഷിക്കുകയും ഒരാളെ വെറുതെ വിടുകയും ചെയ്തിരുന്നു.
ശിക്ഷിക്കപ്പെട്ട മൂന്നുപേർ നിലവിൽ ജയിൽവാസം അനുഭവിക്കുമ്പോൾ, മനോജ് കേസ് നടന്നത് മുതൽ ഒളിവിൽ പോവുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് കഴിയാനായി മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന സിം കാർഡുകൾ ഉപേക്ഷിക്കുകയും നാട്ടിലെ ആരുമായും ബന്ധപ്പെടാതെ ഇരിക്കുകയും ചെയ്തു. നീണ്ടകാലത്തെ അന്വേഷണങ്ങൾക്കൊടുവിൽ അടുത്തിടെ മനോജ് തമിഴ്നാട്ടിലെ കാരൈക്കുടിയിലുണ്ടെന്ന വിവരം അടൂർ പൊലീസിന് ലഭിച്ചു.
ഒരു കുപ്രസിദ്ധ ഗുണ്ടയ്‌ക്കൊപ്പം താമസിച്ച് വെൽഡിങ് ജോലികൾ ചെയ്യുകയായിരുന്നു ഇയാൾ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പി. ആനന്ദ്, കാരൈക്കുടി എഎസ്പി അനീഷ് പുരിയുമായി ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാരൈക്കുടിയിലെ മനോജിന്റെ ഒളിത്താവളത്തിലെത്തി. രക്ഷപ്പെടാൻ ശ്രമിച്ച മനോജിനെ ഓടിച്ചിട്ട് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്ഐ സുരേഷ് ബാബു, എഎസ്ഐ കെ. ഗോപകുമാർ, സിപിഒ അമീഷ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
മനോജിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, പിടിച്ചുപറി, സ്ത്രീപീഡനം തുടങ്ങിയ ഗുരുതരമായ നിരവധി ക്രിമിനൽ കേസുകളുണ്ട്. 2015 മുതൽ വിവിധ കോടതികൾ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷനിൽ മാത്രം നാലോളം കേസുകളിൽ ഇയാൾ പിടികിട്ടാപ്പുള്ളിയാണ്. നിരവധി കേസുകളിൽ പ്രതിയാണെങ്കിലും ഇതാദ്യമായാണ് മനോജ് പൊലീസിന്റെ വലയിലാകുന്നത് എന്ന് ഡിവൈഎസ്പി ജി. സന്തോഷ് കുമാർ അറിയിച്ചു.
