ടെറസിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പിന്നാലെ താഴേക്ക് വലിച്ചെറിഞ്ഞു; ഒളിസങ്കേതത്തിൽ എത്തിയ അന്വേഷണ സംഘത്തിന് നേരെ ആക്രമണം; ഒടുവിൽ കാലിൽ വെടിവച്ച് പ്രതികളെ പിടികൂടി പൊലീസ്
ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് പ്രതികളെ പിടികൂടിയത് സാഹസികമായി. പീഡനത്തിന് ശേഷം പ്രതികൾണ് കുട്ടിയെ വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു.സംഭവത്തിൽ രാജു, വീരു എന്നീ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കാലിൽ വെടിവെച്ച് വീഴ്ത്തിയാണ് പോലീസ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.
സിക്കന്ദറാബാദ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ഗ്രാമത്തിലെ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. ഇതേ കെട്ടിടത്തിൽ തന്നെയാണ് പ്രതികളായ രാജുവും വീരുവും താമസിച്ചിരുന്നത്. ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതികൾ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം താഴേക്ക് വലിച്ചെറിയുകയായിരുന്നു. ടെറസിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻതന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് സിക്കന്ദറാബാദ് പോലീസ് കേസെടുത്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിൽ പ്രതികൾ കൻവാരയിൽ ഒളിച്ചിരിക്കുകയാണെന്ന് പോലീസിന് സൂചന ലഭിച്ചു. ഇവരെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തെ പ്രതികൾ ആക്രമിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് ഇവരുടെ കാലിൽ വെടിവെച്ച് കീഴ്പ്പെടുത്തിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.