ബന്ധുവായ യുവാവുമായി പ്രണയം; രഹസ്യമായി വിവാഹിതരായി; 'ഭാര്യ'യുടെ സൗന്ദര്യത്തെ കുറിച്ച് 'ഭര്‍ത്താവ്' ആശങ്കപ്പെട്ടപ്പോള്‍ തല മൊട്ടയടിച്ചു; പ്രണയബന്ധം തകര്‍ന്നതോടെ നമ്പര്‍ ബ്ലോക്ക് ചെയ്തു; പതിനെട്ടുകാരിയുടെ മരണത്തില്‍ ദുരൂഹത; ആരോപണവുമായി കുടുംബം

പതിനെട്ടുകാരിയുടെ മരണത്തില്‍ ദുരൂഹത; ആരോപണവുമായി കുടുംബം

Update: 2025-04-04 09:43 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പതിനെട്ടു വയസുകാരിയുടെ മരണത്തില്‍ ബന്ധുവായ യുവാവിനെതിരെ ആരോപണവുമായി കുടുംബം. കസിന്‍ ആയ യുവാവുമായി രഹസ്യ വിവാഹം നടത്തിയിരുന്നുവെന്നും പ്രണയബന്ധം തകര്‍ന്നതോടെ മാനസികമായി തളര്‍ന്ന പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. പതിനെട്ടു വയസുകാരിയായ പ്രീതി കുശ്വാഹയാണ് മാര്‍ച്ച് 23-ന് വീട്ടില്‍വെച്ച് ജീവനൊടുക്കിയത്. വിഷാദത്തിലാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പുകളും പ്രീതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ആത്മഹത്യ. കുടുംബം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പ്രീതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതിന് മുമ്പ് അമ്മയെ വിളിച്ച് വൈകുന്നേരത്തെ ഭക്ഷണം തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് പ്രീതി പറഞ്ഞിരുന്നു. പ്രീതി മരിക്കുന്നതിന് മുമ്പ് പിസയും ശീതളപാനീയവും ഓര്‍ഡര്‍ ചെയ്തതിന്റെ അടയാളങ്ങളും വീട്ടിലുണ്ടായിരുന്നു.

രണ്ടു വര്‍ഷം മുമ്പാണ് ബന്ധുവായ യുവാവും പ്രീതിയും പ്രണയത്തിലാകുന്നത്. നാട്ടില് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് അത് പ്രണയമായി മാറി. ഇരുവരും രഹസ്യമായി വിവാഹിതരാകുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും യുവാവുമായുള്ള ചാറ്റും പ്രീതിയുടെ ഫോണില്‍ കുടുംബാംഗങ്ങള്‍ കണ്ടെത്തിയിരുന്നു. സുഹൃത്തുക്കളും ചില ഫോട്ടോകള്‍ കുടുംബത്തിന് കൈമാറിയിരുന്നു.

ഈ ചാറ്റിലെല്ലാം യുവാവിനെ ഭര്‍ത്താവെന്നാണ് പ്രീതി അഭിസംബോധന ചെയ്യുന്നത്. 2023 ഏപ്രിലില്‍ നടന്ന ചാറ്റില്‍ റിങ്കു ജി എന്നാണ് യുവാവിനെ പ്രീതി വിളിക്കുന്നത്. പ്രീതിയെ യുവാവ് സിന്ദൂരമണിയിക്കുന്ന ചിത്രവും ഫോണിലുണ്ട്.

പ്രീതിയുടെ സൗന്ദര്യത്തെ കുറിച്ച് പലപ്പോഴും വര്‍ണിക്കാറുള്ള യുവാവ് 'മറ്റൊരാള്‍ക്ക് നിന്നെ ഇഷ്ടപ്പട്ടാല്‍ ഞാന്‍ എന്ത് ചെയ്യും' എന്നും പ്രീതിയോട് ചോദിച്ചിരുന്നു. ഇതില്‍ മനംനൊന്ത് പ്രീതി നീളമുള്ള മുടി കളഞ്ഞ് മൊട്ടയടിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ സഹോദരി ഹിമാനിയുമായി തര്‍ക്കമുണ്ടാകുകയും ചെയ്തു.

മൊട്ടയടിക്കുന്നത് ഹിമാനി വിലക്കിയതോടെ സലൂണില്‍ പോകുമെന്ന് പ്രീതി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സഹോദരന്‍ വീട്ടില്‍വെച്ച് പ്രീതിയുടെ തല മൊട്ടയടിക്കുകയായിരുന്നു. മുടി നാശമായി എന്നായിരുന്നു മൊട്ടയടിക്കാന്‍ പ്രീതി കാരണം പറഞ്ഞത്.

പ്രണയം തകര്‍ന്നതോടെ പ്രീതിയുടെ നമ്പര്‍ യുവാവ് ബ്ലോക്ക് ചെയ്തെന്നും ആത്മഹത്യയ്ക്ക് മുമ്പ് യുവാവിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. മകള്‍ മരിച്ച് 10 ദിവസം കഴിഞ്ഞിട്ടും പോലീസ് കേസെടുത്തിട്ടില്ലെന്നും കുടുംബം പറയുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

Similar News