പുലര്‍ച്ചെ മൂന്നരയോടെ മഞ്ചേരിയില്‍ എന്‍ഐഎയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; ചെങ്ങറയിലും മംഗലശേരിയിലും കിഴക്കേത്തലയിലും ആനക്കോട്ടുപുറത്തും കേന്ദ്ര ഏജന്‍സി എത്തിയത് ഇരു ചെവി അറിയാതെ; എസ് ഡി പി ഐയുടെ രണ്ടു സ്വര്‍ണ്ണ പണിക്കാരും ബ്രാഞ്ച് പ്രസിഡന്റും കസ്റ്റഡിയില്‍; പഴയടത്ത് ഷംനാദ് വീട്ടില്‍ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു; എസ് ഡി പി ഐയെ പൂട്ടാന്‍ എന്‍എഐയും സജീവമാകുന്നു
മലപ്പുറം: വഖഫ് ഭേദഗതി ബില്‍ പാസായതു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തുന്നില്ല. അതിന് പിന്നാലെ മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ പരിശോധന. നാലുപേരെ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ മൂന്നോടെയാണ് കൊച്ചിയില്‍നിന്നെത്തിയ ഉദ്യോഗസ്ഥ സംഘം അഞ്ച് വീടുകളില്‍ പരിശോധന നടത്തിയത്. പോലീസിനെ പോലും അറിയിക്കാതെയാണ് അവര്‍ എത്തിയതെന്നാണ് സൂചന. നാലു വീടുകളിലെ പരിശോധന പൂര്‍ത്തിയായി. ഓരോ വീടുകളില്‍ നിന്നും ഓരോരുത്തരെ വീതം കസ്റ്റഡിയലെടുത്തു. പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും സൂചനയുണ്ട്. ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയതെന്നും ചോദ്യം ചെയ്യലിന് ശേഷം നിരപരാധികളാണെന്ന് ബോധ്യപ്പെട്ടാല്‍ കസ്റ്റഡിയിലെടുത്തവരെ വെറുതെ വിടുമെന്നും ബന്ധുക്കളോട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കസ്റ്റഡിയിലായവരില്‍ ഒരാള്‍ എസ് ഡി പി ഐയുടെ ബ്രാഞ്ച് പ്രസിഡന്റാണ്. രണ്ട് പേര്‍ സ്വര്‍ണപ്പണിക്കാരാണ്.
റിഷാദ്, ഖാലിദ്, സൈയ്തലവി, ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. മറ്റൊരു എസ്ഡിപിഐ പ്രവര്‍ത്തകനായ ഷംനാദിന്റെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടന്നു. കഴിഞ്ഞ മാസം സംസ്ഥാനത്തെ എസ്.ഡി.പി.ഐ. ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വ്യാപക റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലും മലപ്പുറത്തും റെയ്ഡ് നടന്നു. രാജ്യത്ത് 10 സംസ്ഥാനങ്ങളിലായി 12 കേന്ദ്രങ്ങളില്‍ റെയ്ഡുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് എന്‍ഐഎയുടെ ഇപ്പോഴത്തെ നടപടികള്‍ എന്നും സൂചനയുണ്ട്. 2009ല്‍ സ്ഥാപിതമായ എസ്.ഡി.പി.ഐ., നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയവിഭാഗമാണെന്ന് നേരത്തേ ഇ.ഡി. ആരോപിച്ചിരുന്നു. സാമ്പത്തികവും നയപരമായും എസ്.ഡി.പി.ഐ.യില്‍ പി.എഫ്.ഐ സ്വാധീനമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍പ്പോലും എസ്.ഡി.പി.ഐ.യെ പി.എഫ്.ഐ. സ്വാധീനിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടികള്‍. ഇതിനിടെയാണ് എന്‍ഐഎയും റെയ്ഡിന് എത്തുന്നത്.
അഞ്ച് വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എന്‍ ഐ എ റെയ്ഡ്. പഴയടത്ത് ഷംനാദിന്റെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ഇയാള്‍ ഇവിടെ വീട്ടില്‍ ഉണ്ടായിരുന്നില്ല.എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷന്‍ എം.കെ. ഫൈസിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് ഫൈസി. നിയമവിരുദ്ധസംഘടന എന്ന പേരില്‍ 2022-ലാണ് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. നിരോധിക്കുന്നതിനുമുന്‍പേ ഇ.ഡി.യും ദേശീയ അന്വേഷണ ഏജന്‍സിയും വിവിധ സംസ്ഥാന പോലീസ് സേനകളും തുടര്‍ച്ചയായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ റെയ്ഡുകളും എന്‍ഫോഴ്‌സ്മെന്റ് നടപടികളും നടത്തിയിരുന്നു. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ട് ബന്ധം നിഷേധിക്കുന്ന എസ്.ഡി.പി.ഐ. സ്വയം സ്വതന്ത്രസംഘടനയാണെന്നാണ് അവകാശപ്പെടുന്നത്. അങ്ങനെ അല്ലെന്ന് തെളിയിക്കാനുള്ള അന്വേഷണത്തിലാണ് കേന്ദ്ര ഏജന്‍സികള്‍. എസ് ഡി പി ഐയെ നിരോധിക്കാനും സാധ്യത ഏറെയുണ്ട്. ഈ കേസ് എന്‍ ഐ എയോ സിബിഐയോ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയാണ് എന്‍ഐഎയും മലപ്പുറത്ത് അന്വേഷണത്തിന് എത്തുന്നത്.
ആര്‍.എസ്.എസ്. നേതാവ് പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളായ പത്ത് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്ക് ജാമ്യം കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും കേസിലെ പ്രധാന പ്രതികളുമായ ഷെഫീഖ്, നാസര്‍, എച്ച്. ജംഷീര്‍, ബി. ജിഷാദ്, അഷ്‌റഫ് മൗലവി, സിറാജുദ്ദീന്‍, അബ്ദുല്‍ ബാസിത്, അഷ്‌റഫ്, മുഹമ്മദ് ഷെഫീഖ്, ജാഫര്‍ തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത്. നേരത്തെ എന്‍.ഐ.എ. പ്രതികള്‍ക്കെതിരെ യു.എ.പി.എ. ചുമത്തിയിരുന്നു. വിചാരണ കോടതി ജാമ്യാപേക്ഷകള്‍ തള്ളിയതിനെത്തുടര്‍ന്നാണ് നാല് പ്രതികളും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ 17 പ്രതികള്‍ക്ക് മുമ്പ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, പി.വി. ബാലകൃഷ്ണന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്‍ഐഎ നടത്തുന്ന നീക്കങ്ങള്‍ നിര്‍ണ്ണായകമാണ്.
2025 ലെ കിരാതവും ന്യൂനപക്ഷ വിരുദ്ധവുമായ വഖഫ് (ഭേദഗതി) ബില്ലിനെതിരെ ലഭ്യമായ എല്ലാ നിയമ-രാഷ്ട്രീയ വഴികളിലൂടെയും പോരാടുമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫി പറഞ്ഞിരുന്നു. ദുരുദ്ദേശ്യത്തോടെ രൂപകല്‍പ്പന ചെയ്ത ഈ ബില്‍, വഖ്ഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനും മുസ്ലിം സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണമാണ്. വര്‍ഗീയ അജണ്ടയാല്‍ നയിക്കപ്പെടുന്ന ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ഇന്ത്യയിലെ മുസ്ലിം ജനതയോടുള്ള അവരുടെ ആഴത്തിലുള്ള വിദ്വേഷം വീണ്ടും തുറന്നുകാട്ടിയിരിക്കുകയാണെന്നും ആരോപിച്ചിരുന്നു.
ഈ ബില്‍ ഒരു പരിഷ്‌കാരമല്ല, മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ ഒരു നഗ്‌നമായ ആക്രമണമാണ്. വഖ്ഫ് ബോര്‍ഡുകളിലേക്ക് മസ്ലിംകളാല്ലത്തവരെ കയറ്റുന്നതിലൂടെ, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മത സ്വയംഭരണത്തിന്റെ അടിത്തറയെ തന്നെ സര്‍ക്കാര്‍ ലംഘിക്കുകയാണ്. 'ഉപയോക്താവ് വഴിയുള്ള വഖ്ഫ് വ്യവസ്ഥ ഇല്ലാതാക്കുന്നത് നൂറ്റാണ്ടുകളായി സമൂഹത്തെ സേവിച്ച ആയിരക്കണക്കിന് ചരിത്രപരമായ സ്വത്തുക്കള്‍, പ്രത്യേകിച്ച് പള്ളികള്‍, ശ്മശാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട്, അവ തട്ടിയെടുക്കാനുള്ള നേരിട്ടുള്ള തന്ത്രമാണ്. വഖഫ് തര്‍ക്ക പരിഹാരത്തിനുള്ള അധികാരം ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറുന്നതിലൂടെ, ബിജെപി നിയമപരമായ ഭൂമി കൈയേറ്റങ്ങള്‍ക്ക് വഴിയൊരുക്കി, വഖഫ് ബോര്‍ഡുകളുടെയും ജുഡീഷ്യറിയുടെയും അധികാരം ഇല്ലാതാക്കിയെന്നാണ് എസ് എഡി പി ഐ നിലാപാട്.
വര്‍ഗീയ രാഷ്ട്രീയത്തോടുള്ള ബിജെപിയുടെ അടങ്ങാത്ത അഭിനിവേശം മൂലം ഇന്ത്യയ്ക്ക് വലിയ വില കൊടുക്കേണ്ടിവരും. ഇത് സാമൂഹിക വിള്ളലുകള്‍ വര്‍ധിപ്പിക്കുകയും ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുകയും ചെയ്യും. നീതി തേടുന്ന എല്ലാ പൗരന്മാരോടും സംഘടനകളോടും പ്രസ്ഥാനങ്ങളോടും ഈ ബില്ലിനെതിരായ നിയമപരവും ജനാധിപത്യപരവുമായ പോരാട്ടത്തില്‍ പങ്കുചേരാന്‍ എസ്ഡിപിഐ ആഹ്വാനം ചെയ്യുന്നു.നാം നിശബ്ദരാകില്ല. നാം കീഴടങ്ങില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ എന്നും മുഹമ്മദ് ഷഫി ഓര്‍മിപ്പിച്ചിരുന്നു.