'എമ്പുരാന് ' പിന്നാലെ എത്തിയ ഇഡി പിടിച്ചെടുത്തത് ഒന്നര കോടി രൂപ; തമിഴ്‌നാട്ടിലും കേരളത്തിലുമായി 10 കേന്ദ്രങ്ങളില്‍ റെയ്ഡ്; ഗോകുലം ഗോപാലനെ ഗ്രില്‍ ചെയ്തത് ഏഴര മണിക്കൂറോളം; ഗോകുലം ഗ്രൂപ്പ് ഇടപാടുകള്‍ 3 മാസമായി ഇഡി നിരീക്ഷിച്ചിരുന്നെന്നും സൂചന; ക്രമക്കേടൊന്നും ഇല്ല, അവര്‍ ബ്ലെസ് ചെയ്ത് മടങ്ങിയെന്ന് ഗോകുലം ഗോപാലന്‍

എമ്പുരാന് പിന്നാലെ എത്തിയ ഇഡി പിടിച്ചെടുത്തത് ഒന്നര കോടി രൂപ

Update: 2025-04-05 06:38 GMT

ചെന്നൈ: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ ഒന്നര കോടി രൂപ ഇഡി പിടിച്ചെടുത്തെന്ന് ഇഡി വക്താവ്. വിദേശ നാണയ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയാണ് പണം കണ്ടെത്തിയത്. ഇന്നലെ തമിഴ്നാട്ടിലും കേരളത്തിലുമായി പത്ത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയതെന്നാണ് ഇഡി അറിയിക്കുന്നത്. എന്നാല്‍ എവിടെ നിന്നാണ് പണം കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. രേഖകളൊക്കെ പരിശോധിച്ചു, ക്രമക്കേടൊന്നുമില്ല, അവര്‍ ബ്ലെസ് ചെയ്ത് മടങ്ങി എന്നായിരുന്നു ഗോകുലം ഗോപാലന്റെ പ്രതികരണം

ചെയര്‍മാന്‍ ഗോകുലം ഗോപാലനെ ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പുലര്‍ച്ചയോടെയാണ് ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സിലെ പരിശോധന അവസാനിച്ചത്. ചെയര്‍മാന്‍ ഗോകുലം ഗാേപാലനൊപ്പം എംഡി ബൈജുവിനെയും ഇന്നലെ ഇഡി ചോദ്യം ചെയ്തിരുന്നു.

ഗോകുലം ഗോപാലന്‍ നിര്‍മ്മാണ, വിതരണ പങ്കാളിയായ എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ നടത്തിയ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. അഞ്ചു വര്‍ഷത്തിനിടെ വിദേശത്തു നിന്ന് നിക്ഷേപമായും മറ്റും ലഭിച്ച 1,107 കോടി രൂപ സംബന്ധിച്ചാണ് ഇ.ഡി പ്രധാനമായി അന്വേഷിക്കുന്നതെന്നാണ് സൂചന.

ആദായനികുതി വകുപ്പ് 2017ല്‍ ആരംഭിച്ച നടപടികളുടെ തുടര്‍ച്ചയായി 2019ല്‍ തുടങ്ങിയ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്‌ഡെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഈ പണത്തിന്റെ ഉറവിടവും പരിശോധിക്കുന്നുണ്ട്. ശ്രീഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ആദായനികുതി വകുപ്പ് 2017ല്‍ പരിശോധിച്ചിരുന്നു. ആദായനികുതി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

2023ല്‍ ഗോകുലം ഗോപാലനെ ഇഡി കൊച്ചി ഓഫീസില്‍ എത്തിച്ച് മൊഴിയെടുത്തിരുന്നു. ഇന്നലെ ഇഡിയുടെ ചെന്നൈ യൂണിറ്റിന്റെ നേതൃത്വത്തിലെ റെയ്ഡില്‍ കൊച്ചി, കോഴിക്കോട് യൂണിറ്റുകളും പങ്കെടുത്തിരുന്നു. ഇന്നലത്തെ റെയ്ഡിനുശേഷം ചെയര്‍മാന്‍ ഗോകുലം ഗോപാലനെ ഇഡി ചെന്നൈയിലേയ്ക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. റെയ്ഡ് പൂര്‍ത്തിയായശേഷം അടിയന്തരമായി ചെന്നൈയിലെത്താന്‍ ആവശ്യപ്പെട്ടു. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് അദ്ദേഹം വിമാനത്തില്‍ ചെന്നൈയിലേയ്ക്ക് പോയത്. കോടമ്പാക്കത്തെ കോര്‍പ്പറേറ്റ് ഓഫീസില്‍ രാത്രി എട്ടരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

അതേസമയം ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനത്തിലെ ഇടപാടുകള്‍ കഴിഞ്ഞ 3 മാസമായി ഇ.ഡി നിരീക്ഷിച്ചിരുന്നതായാണ് വിവരം. 2022ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇടപെടുകളില്‍ സംശയം തോന്നിയതോടെയാണ് റെയ്ഡ് നടത്തിയത്. സമീപകാല വിവാദങ്ങളുമായി റെയ്ഡിനു ബന്ധമില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

ഗോകുലം നിര്‍മിച്ച ചില സിനിമകളില്‍ നിക്ഷേപിച്ചത് ഫെമ നിയമം ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. പിഎംഎല്‍എ ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇ.ഡി പരിശോധന. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സില്‍ പ്രവാസികളില്‍ നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചെന്നും സൂചനകളുണ്ട്. ഗോകുലം ഗ്രൂപ്പിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. 2022-ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം.

Tags:    

Similar News