കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ദുബായ് സന്ദര്‍ശിച്ചത് 27 തവണ; ലിസ്റ്റില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും; വിദേശത്ത് നിന്ന് കടത്തിയത് 17 സ്വര്‍ണക്കട്ടകള്‍; സ്വര്‍ണക്കടത്ത് കേസില്‍ കുറ്റം സമ്മതിച്ച് നടി രന്യ

Update: 2025-03-07 05:55 GMT

ബെംഗളൂരു: സ്വര്‍ണകടത്ത് കേസില്‍ നടി രന്യ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്. വിദേശത്ത് നിന്ന് കടത്തിയത് 17 സ്വര്‍ണക്കട്ടികളാണ് കടത്തിയതെന്ന് അവര്‍ പറഞ്ഞു. അറസ്റ്റിലായ രന്യ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പറഞ്ഞത്. ദുബായിലേക്ക് മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ടെന്നും ഇവര്‍ സമ്മതിച്ചു. അമേരിക്ക, യുറോപ്പ്, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് നടി നടത്തിയ യാത്രയുടെ വിവരങ്ങളും ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

യാത്രയുടെ വിശദാംശങ്ങള്‍ അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 27 തവണയാണ് രന്യ ദുബായ് സന്ദര്‍ശിച്ചത്. ഇതില്‍ തന്നെ കഴിഞ്ഞ 15 ദിവസത്തിനിടെ നടി നാല് തവണയാണ് ദുബായ് യാത്ര നടത്തിയിട്ടുണ്ട്. ഇടയ്ക്കിടെയുള്ള അന്താരാഷ്ട്ര യാത്രകള്‍ കാരണം രന്യ റവന്യൂ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. കര്‍ണാടകയില്‍ സേവനമനുഷ്ഠിക്കുന്ന ഡി.ജി.പി. റാങ്കിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ മകളാണ് രന്യ.

കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയ രന്യ 14 കിലോ വരുന്ന സ്വര്‍ണക്കട്ടികള്‍ ബെല്‍റ്റില്‍ ഒളിപ്പിപ്പിച്ചും 800 ഗ്രാം ആഭരണങ്ങളുമായിട്ടാണ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലാകുന്നത്. സ്വര്‍ണക്കടത്തിന് പിടിയിലായതിന് പിന്നാലെ നടിയുടെ ബെംഗളൂരുവിലെ വീട്ടില്‍ ഡി.ആര്‍.ഐ. സംഘം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ 2.1 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.7 കോടി രൂപ പണമായും കണ്ടെടുക്കുകയും ചെയ്തിരുന്നു.

രഹസ്യവിവരത്തിന്റെയും ഏറെനാളായുള്ള നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഡി.ആര്‍.ഐ. സംഘം നടിയെ പരിശോധിച്ചത്. തുടര്‍ന്ന് സ്വര്‍ണം കണ്ടെടുത്തതോടെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ നടിയെ മാര്‍ച്ച് 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അതേസമയം, കേസില്‍ റിമാന്‍ഡിലായ നടി രന്യ റാവു ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് ജാമ്യഹര്‍ജി ഫയല്‍ചെയ്തത്.

Tags:    

Similar News