തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കി ജയിലിനു പുറത്തേക്ക് ചാടി; ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് ഇതെങ്ങനെ ഒറ്റക്ക് സാധിക്കുമെന്ന് ചോദ്യം; അതിസുരക്ഷാ ജയിലില്‍ നിന്നും രക്ഷപെടാന്‍ കൊടും കുറ്റവാളിക്ക് സഹായം ലഭിച്ചെന്ന് നിഗമനം; ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി; പിണറായി സര്‍ക്കാര്‍ കാലത്ത് 'ജയില്‍ സിസ്റ്റവും' തകരാറിലോ?

തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കി ജയിലിനു പുറത്തേക്ക് ചാടി

Update: 2025-07-25 03:10 GMT

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലില്‍ തനിച്ച് പാര്‍പ്പിച്ചിരുന്ന സെല്ലിലെ അഴികള്‍ മുറിച്ചാണ് ഇയാള്‍ പുറത്ത് കടന്നത്.

അലക്കാന്‍ വെച്ചിരുന്ന തുണികള്‍ കൂട്ടിക്കെട്ടി കയര്‍ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെന്‍സിങില്‍ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാള്‍ മതിലില്‍ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു. ഇതെല്ലാം ഒരു ഒറ്റക്കയ്യന്‍ എങ്ങനെ ചെയ്തുവെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

ഈ സമയത്ത് പുറത്ത് നിന്നും ഇയാള്‍ക്ക് സഹായം ലഭിച്ചിരുന്നു എന്നാണ് ലഭികൂ. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ സിസിടിവില്‍ ഉണ്ട്. എന്നാല്‍ ജയിലുദ്യോഗസ്ഥര്‍ വിവരമറിഞ്ഞത് രാവിലെ അഞ്ച് മണിയോടെയാണ്. സെല്ലിനകത്ത് ഇയാളില്ലെന്ന് കണ്ട് ജയില്‍ പരിസരത്ത് ഇയാളെ ഉദ്യോഗസ്ഥര്‍ തിരഞ്ഞുനടന്നു. അപ്പോഴേക്കും കൊടുംകുറ്റവാളി ജയിലിന് പുറത്ത് കടന്ന് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

അതിസുരക്ഷാ ജയിലിലെ കമ്പി വളച്ചും മുറിച്ചുമാണ് ഇയാള്‍ ജയില്‍ചാടിയത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഇത് വഴിയാണ് തുണി വടമാക്കി മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.

ജയില്‍ വളപ്പിനുള്ളില്‍ ഇയാള്‍ ഇല്ല എന്ന് അധികൃതര്‍ ഉറപ്പാക്കിയിട്ടുണ്ട്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തമിഴ്‌നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാര്‍ളി തോമസ് എന്ന പേരിലും ഇയാള്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് രേഖകളില്‍ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.

സംസ്ഥാന വ്യാപകമായി ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിയോടെയാണ് ജയില്‍ അധികൃതര്‍ പ്രതികളെ അകത്ത് കയറ്റുന്നത്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം രാവിലെ 7 മണിയോടെയാണ് സ്ഥിരീകരിച്ചത്. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ ജയിലിനു പുറത്തേക്ക് ചാടിയതെന്നാണ് വിവരം.

ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കാന്‍ നിര്‍ദേശമുണ്ട്. ഒരു കൈമാത്രമാണ് ഗോവിന്ദച്ചാമിക്കുള്ളത്. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

അതേസമയം കണ്ണൂര്‍ ജയിലില്‍ നിന്നുള്ള ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ഇതിനോടകം തന്നെ വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ കാലത്ത് 'ജയില്‍ സിസ്റ്റവും' തകരാറിലോ? എന്ന ചോദ്യമാണ് ഉതോടെ ഉയരുന്നത്. ജയില്‍ചാടിച്ചതാണെന്ന ആരോപണം പോലും കെ സുരേന്ദ്രനെ പോലുള്ള രാഷ്ട്രീയ നേതാക്കള്‍ ഉയര്‍ത്തുന്നു. ഷെറിനെ ജയിലില്‍ നിന്നു മോചിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.

തൃശൂര്‍ അതിവേഗ കോടതിയും കേരള ഹൈക്കോടതിയും ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീം കോടതി ജീവപര്യന്തമായി കുറക്കുകയായിരുന്നു. 2016-ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. അതേസമയം, ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകള്‍ പ്രകാരം നല്‍കിയ ശിക്ഷകളും നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

ട്രെയിനില്‍നിന്ന് വീണപ്പോള്‍ തലയിലേറ്റ ക്ഷതമാണ് മരണകാരണമായത്. എന്നാല്‍, ട്രെയിനില്‍നിന്ന് പെണ്‍കുട്ടി സ്വയം ചാടിയതാണോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കൊലപാതകക്കുറ്റവും അതിന് നല്‍കിയ വധശിക്ഷയും കോടതി ഒഴിവാക്കുകയായിരുന്നു.

വധശിക്ഷ നല്‍കിയ തൃശ്ശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലാണ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെണ്‍കുട്ടിയെ തള്ളിയിടാന്‍ സാധിക്കുമോയെയെന്ന് വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നിരുന്നു. തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News