ബൈക്ക് യാത്രക്കാരനെ കാർ ഇടിച്ചിട്ടു; പിന്നാലെ കാർ നിർത്തി യുവാവിനോട് കാര്യങ്ങൾ അന്വേഷിച്ചു; വാഹനം പാർക്ക് ചെയ്ത് വരാമെന്ന് പറഞ്ഞ് ഡ്രൈവർ മുങ്ങി; യുവാവ് കിടപ്പിലായിട്ട് 2 മാസം; കാർ തിരിച്ചറിഞ്ഞിട്ടും അന്വേഷണം പാതി വഴിയിൽ

Update: 2024-12-09 05:34 GMT

മലപ്പുറം: മലപ്പുറത്ത് യുവാവിനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കാറിനെ കുറിച്ച് സൂചന ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്ന് 2 മാസം തികയുമ്പോളാണ് വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുന്നത്. വെള്ള സ്വിഫ്റ്റ് കാറാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ഈ കാർ തന്നെയാണോ ഇടിച്ചിട്ട് നിർത്താതെ പോയതെന്ന് പൊലീസ് ഉറപ്പ് വരുത്തി വരികയാണ്. അതേസമയം, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൂട്ടിലങ്ങാടി സ്വദേശി സുനീർ രണ്ടുമാസമായി കിടപ്പിലാണ്.

ഒക്ടോബർ 18ന് പുലർച്ചെയാണ് അപകടമുണ്ടായത്. മഞ്ചേരി - പള്ളിപ്പുറം റോഡിൽ വെച്ച് ബൈക്ക് യാത്രക്കാരനായ സുനീറിനെ കാറിടിക്കുകയായിരുന്നു. അപകട ശേഷം കാറിൽ നിന്നൊരാൾ പുറത്തിറങ്ങി വന്ന് എന്താണ് സംഭവിച്ചതെന്നെല്ലാം അന്വേഷിച്ചു. കാർ കുറച്ചപ്പുറത്ത് ഒതുക്കി നിർത്തിയ ശേഷം വരാമെന്ന് പറഞ്ഞ് പോയ ഇയാൾ വാഹനം ഓടിച്ചുപോവുകയായിരുന്നുവെന്ന് സുനീർ പറയുന്നു.

ആ സമയത്ത് കാറിൻ്റെ നമ്പർ നോക്കാനും അന്വേഷിക്കാനും സുനീറിന് കഴിഞ്ഞില്ല. വെള്ള സ്വിഫ്റ്റ് കാറാണ് ഇടിച്ചതെന്ന് വ്യക്തമാവുമ്പോഴും കാറിന്റെ നമ്പർ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തുകയാണ്. എന്നാണ് കേസിൽ മറ്റ് വിവരങ്ങൾ ഒന്നും പൊലിസിന് ലഭ്യമായിട്ടില്ല. രണ്ടുമാസമായിട്ടും പൊലീസിന് കാറോ ഉടമയേയോ കണ്ടെത്താനായിട്ടില്ല.

സുനീറിന് ജനനേന്ദ്രിയത്തിനും കാലിനും പരിക്കേറ്റിട്ടുണ്ട്. കാലിൻ്റെ എല്ല് പൊട്ടി. കൂലിപ്പണിക്കാരനാണ് സുനീർ. കൂട്ടുകാരുടേയും നാട്ടുകാരുടേയും സഹായത്തിലാണ് സുനീർ ചികിത്സ നടത്തിയത്. എന്നാൽ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയെങ്കിലും പരിക്കുകളിൽ നിന്നും മുക്തമായിട്ടില്ല. ഇയാൾക്ക് ഇനിയും ചികിത്സ വേണം.

എന്നാൽ ചികിത്സയ്ക്ക് ആവശ്യമായ പണത്തിനായും സുനീർ ഏറെ ബുദ്ധിമുട്ടുകയാണ്. വാഹനം കണ്ടെത്താത്തതിനാൽ ഇൻഷുറൻസ് തുകയും ലഭ്യമായിട്ടില്ല. വാഹനം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് പറയുമ്പോഴും ഇതുവരെ ഒന്നും നടന്നിട്ടില്ല. പൊലീസ് എല്ലാ വാഹനങ്ങളും പരിശോധിച്ചുവരികയാണെന്നും തൊട്ടടുത്ത ജം​ഗ്ഷനിലെ ഉൾപ്പെടെ സിസിടിവികൾ പരിശോധിച്ചു വരികയാണ് പൊലീസ് വ്യകതമാക്കുന്നു. 

Tags:    

Similar News