ജയിലില്‍ സന്ദർശിക്കാനോ വിളിക്കാനോ ബന്ധുക്കളില്ല; മറ്റ് തടവുകാരുടെ നന്നായി ഇടപഴകുന്ന; ജയിലിലെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നു; കൊലപാതകത്തിൽ കുറ്റബോധമോ സങ്കടമോ ഇല്ല; ജയിലിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു; കൂസലില്ലാതെ ഹണിമൂൺ കൊലക്കേസ് പ്രതി സോനം രഘുവംശി

Update: 2025-07-22 09:24 GMT

ഷില്ലോങ്: മനുഷ്യ മനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്ന കൊലപാതമായിരുന്നു ഒരു മാസം മുൻപ് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ സോഹ്റയിൽ അരങ്ങേറിയത്. ഹണിമൂണിനിടെ ഭർത്താവിനെ കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഭാര്യ സോനം രഘുവംശി കൊലപ്പെടുത്തുകയായിരുന്നു. വധക്കേസിലെ പ്രതി സോനം രഘുവംശി ഷില്ലോങ് ജയിലിലെത്തിയിട്ട് ഒരുമാസം പിന്നിടുകയാണ്. കുടുംബാംഗങ്ങളാരും തന്നെ ജയിലില്‍ സോനത്തെ സന്ദര്‍ശിച്ചിട്ടില്ല. സോനം ജയിലിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞെന്നും ജയിലിലെ മറ്റ് വനിതാ തടവുകാരുമായി നന്നായി ഇടപഴകുകയും ചെയ്യുന്നുവെന്നും ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകത്തിൽ സോനം ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

എല്ലാ ദിവസവും കൃത്യസമയത്ത് ഉണരുകയും ജയിലിലെ നിയമങ്ങൾ കൃത്യമായി സോനം പാലിക്കുകയും ചെയ്യുന്നതായാണ് വിവരം. എന്നാൽ കൊലപാതകത്തെക്കുറിച്ചോ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചോ തടവുകാരുമായും ജയിൽ അധികൃതരുമായും ചർച്ച ചെയ്യുന്നതിൽ നിന്ന് വിട്ടുനിന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിൽ വാര്‍ഡന്‍റെ ഓഫീസനടുത്താണ് സോനത്തിന്‍റെ സെൽ. വിചാരണ നേരിടുന്ന രണ്ട് തടവുകാരാണ് സോനത്തിനൊപ്പമുള്ളത്. സോനത്തിന് ഇതുവരെ ഒരു ജോലിയും നൽകിയിട്ടില്ല. എന്നാൽ തയ്യൽ പോലുള്ള കൈത്തൊഴിലുകളിൽ ഉടൻ പരിശീലനം നൽകും.

എല്ലാ ദിവസവും ടിവി കാണാനുള്ള സൗകര്യവും സോനത്തിനുണ്ട്. ജയില്‍ നിയമങ്ങള്‍ അനുസരിച്ച്, സോനത്തിന് കുടുംബാംഗങ്ങളെ കാണാനും സംസാരിക്കാനും അനുവാദമുണ്ട്. പക്ഷേ, ആരും ഇതുവരെ അവരെ സന്ദര്‍ശിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. ഷില്ലോങ് ജയിലില്‍ ആകെ 496 തടവുകാരാണുള്ളത്. അതില്‍ 20 പേര്‍ സ്ത്രീകളാണ്. കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ജയിലിലെ രണ്ടാമത്തെ വനിതാ തടവുകാരിയാണ് സോനം. സദാസമയം സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ് സോനം കഴിയുന്നത്.

മേയ് 11നായിരുന്നു സോനത്തിന്‍റെയും രാജയുടെയും വിവാഹം. ജൂൺ 2നാണ് മേഘാലയയിലെ ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുന്നത്. വിവാഹം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം മേയ് 15ന് ഇന്‍ഡോറിലെ അമ്മ വീട്ടിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സോനം കൊലപാതക പദ്ധതി തയ്യാറാക്കിയത്. അവിടെ നിന്ന് സോനം ഗുവാഹത്തിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും ഫോൺ കോളുകൾ വഴി രാജുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും ചെയ്തു. രഘുവംശിയെ കൊലപ്പെടുത്താൻ കൊലയാളികൾക്ക് സോനം 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.

ആദ്യം നാല് ലക്ഷ രൂപയാണ് നൽകാമെന്ന് പറഞ്ഞത്. പിന്നീട് ക്വട്ടേഷൻ തുക 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. തന്‍റെ കാമുകനായ രാജ് കുശ്വാഹയുടെ സുഹൃത്തുക്കളാണെന്ന് പറയപ്പെടുന്ന മൂന്ന് പുരുഷന്മാർക്ക് അവർ 15,000 രൂപ മുൻകൂർ പണമായി നൽകുകയായിരുന്നു. ബാക്കി തുക കൊലപാതക ശേഷം നൽകാമെന്നായിരുന്നു വ്യവസ്ഥ. ജൂണ്‍ 9-ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍നിന്നാണ് സോനത്തെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, രാജ് കുശ്വാഹയെയും രാജാ രഘുവംശിയെ കൊലപ്പെടുത്തിയ വാടകക്കൊലയാളികളാണെന്ന് കരുതുന്ന മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

Tags:    

Similar News