വിശന്ന് വരുമ്പോൾ വല്ലതും കഴിക്കാമെന്ന് വിചാരിച്ച് കയറിയാൽ ഗതികേട്; ചുറ്റും ദുർഗന്ധം..ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിലിട്ട്; ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലം കണ്ട് അമ്പരപ്പ്; ഹോട്ടലുകളിൽ മുഴുവൻ മനംമടുത്തുന്ന കാഴ്ചകൾ; നഗരസഭ സീൽ ചെയ്ത് പൂട്ടിച്ചിട്ടും രാത്രി അതിരുവിട്ട പ്രവർത്തി; കർശന നടപടിക്ക് അധികൃതർ

Update: 2025-11-26 07:23 GMT

പത്തനംതിട്ട: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ പന്തളം നഗരസഭ കർശന നടപടി സ്വീകരിച്ചു. ക്ലോസറ്റിന് മുകളിൽ വെച്ച് ചിക്കൻ കഴുകുന്നതടക്കമുള്ള അതീവ ഗുരുതരമായ ശുചിത്വമില്ലായ്മ കണ്ടെത്തിയതിനെ തുടർന്ന് ആറ് ഹോട്ടലുകളാണ് നഗരസഭ പൂർണ്ണമായി സീൽ ചെയ്തത്. അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി പൂട്ടിച്ച ശേഷവും രാത്രിയിൽ വീണ്ടും രഹസ്യമായി പ്രവർത്തിച്ചതിനെത്തുടർന്നാണ് ഹോട്ടലുകൾ സീൽ ചെയ്യാൻ നഗരസഭ നിർബന്ധിതരായത്.

ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിലെയും കൈകാര്യം ചെയ്യുന്നതിലെയും വൃത്തിയില്ലായ്മ ഞെട്ടിക്കുന്നതായിരുന്നു. പന്തളം കടയ്ക്കാട്ടുള്ള ഒരു ഹോട്ടലിൽ, പാകം ചെയ്യാനായി തയ്യാറാക്കിയിരുന്ന ചിക്കൻ ക്ലോസറ്റിന് മുകളിൽ വെച്ച് കഴുകുന്ന നിലയിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കൂടാതെ, മറ്റ് ഭക്ഷണസാധനങ്ങൾ പോലും ഹോട്ടലിൻ്റെ കക്കൂസിനുള്ളിൽ സൂക്ഷിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി. ഈ ഹോട്ടലും പരിസരവും കടുത്ത ദുർഗന്ധം വമിക്കുന്നതും അസഹ്യമായതുമായ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

ഈ ഹോട്ടലുകൾക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. ഏകദേശം ഒന്നര ആഴ്ച മുൻപ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ ഗുരുതരമായ പാളിച്ചകൾ കണ്ടെത്തി ഇവ പൂട്ടിച്ചിരുന്നു. എന്നാൽ, അധികൃതരുടെ കണ്ണുവെട്ടിച്ച് ഈ ഭക്ഷണശാലകൾ വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും രഹസ്യമായി വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു. ഈ വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നഗരസഭയുടെ നേതൃത്വത്തിൽ വീണ്ടും ശക്തമായ പരിശോധന നടത്തിയത്.

പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിവന്ന ആറ് ഹോട്ടലുകൾക്കെതിരെയാണ് നിലവിൽ കർശന നടപടി സ്വീകരിച്ചിട്ടുള്ളത്. പന്തളം തോന്നല്ലൂർ സാബു ബിൽഡിങ്ങിൽ ബംഗാൾ സ്വദേശികളായ താജ്‌മിര ഖാത്തൂൻ, എസ്.കെ. സുകുമാർ, ഡെലുവർ ഹുസൈൻ എന്നിവരാണ് ഒരു ഹോട്ടൽ നടത്തിയിരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിന് പുറമേ, ഇവിടെനിന്ന് പഴകിയ ചിക്കൻ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. മൂന്ന് ഹോട്ടലുകൾക്ക് നിയമലംഘനം കണക്കിലെടുത്ത് പതിനായിരം രൂപ വീതം പിഴ ചുമത്തി.

നിയമപരമായി അടച്ചുപൂട്ടാൻ നിർദ്ദേശിച്ചിട്ടും വീണ്ടും തുറന്നു പ്രവർത്തിക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ ഹോട്ടലുകൾ നടത്തുന്നതെങ്കിലും, കെട്ടിട ഉടമകളുടെ ബിനാമികളാണ് ഇവർ എന്ന വിവരവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News