അടിമാലിയിൽ വീടിന് തീപിടിച്ച് അപകടം; നാലുവയസുകാരന് ദാരുണാന്ത്യം; കൂടുതൽപേർ മരിച്ചതായും സൂചനകൾ; തിരച്ചിൽ തുടരുന്നു; എല്ലാം കത്തിയമർന്നെന്ന് നാട്ടുകാർ; അപകട കാരണം വ്യക്തമല്ല
മാങ്കുളം: വീടിന് തീ പിടിച്ച് നാലുവയസുകാരൻ മരിച്ചതായി വിവരങ്ങൾ. അടിമാലി കൊമ്പിടിഞ്ഞാലിലാണ് ദാരുണ സംഭവം നടന്നത്. തീപ്പിടുത്ത ദുരന്തത്തിൽ ബന്ധുക്കളായ കൂടുതൽ പേർ മരിച്ചതായും സൂചനകൾ ഉണ്ട്. തെള്ളിപ്പടവിൽ പരേതനായ അനീഷിന്റെ മകൻ അഭിനവാണ് മരിച്ചത്. വീടിന് എപ്പോഴാണ് തീ പിടിച്ചതെന്ന കാര്യങ്ങളിൽ അടക്കം വ്യക്തയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഇന്ന് വൈകുന്നേരം വീടിന് സമീപമെത്തിയ നാട്ടുകാരാണ് ആദ്യം ഓട് മേഞ്ഞ വീടിന്റെ മേൽക്കുര അടക്കം കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ അബോധാവസ്ഥയിൽ കിടന്ന അഭിനവിനെ ഉടനെ തന്നെ നാട്ടുകാർ ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അഭിനവിന്റെ അമ്മ ശുഭ, സഹോദരൻ അഭിനന്ദ്, മുത്തശ്ശി പൊന്നമ്മ എന്നിവർ വീട്ടിലുണ്ടായിരുന്നതായിട്ടാണ് നാട്ടുകാർ നൽകുന്ന വിവരം. വീട് പൂർണമായും കത്തി നശിച്ചതിനാൽ ഇവരെ കണ്ടെത്താനായിട്ടില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെള്ളത്തൂവൽ പോലീസും അടിമാലി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
കുടുംബാംഗങ്ങളിൽ എത്രപേർ മരിച്ചു എന്ന കാര്യത്തിൽ പരിശോധനകൾക്ക് ശേഷം മാത്രമെ വ്യക്തത വരുത്താനാകുവെന്ന് പോലീസ് വ്യക്തമാക്കി. വീടിന് എങ്ങനെ തീ പിടിച്ചു എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.