അയല്‍വാസിയായ റിട്ട. പോലീസുകാരന്റെ ഭാര്യയില്‍ നിന്നും ആശ വാങ്ങിയത് പത്ത് ലക്ഷം രൂപ; ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയെന്ന നിലയില്‍ വട്ടിപ്പലിശ; പലിശ നല്‍കാന്‍ മറ്റിടങ്ങളില്‍നിന്ന് കടംവാങ്ങി കെണിയില്‍ പെട്ടു; പലിശ മുടങ്ങിയപ്പോള്‍ കടം വാങ്ങിയ തുക ഉടന്‍ തിരികെ വേണമെന്ന് സമ്മര്‍ദ്ദം; പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല; ബ്ലേഡ് മാഫിയ ആശയുടെ ജീവനെടുത്ത് ഇങ്ങനെ

അയല്‍വാസിയായ റിട്ട. പോലീസുകാരന്റെ ഭാര്യയില്‍ നിന്നും ആശ വാങ്ങിയത് പത്ത് ലക്ഷം രൂപ

Update: 2025-08-20 00:54 GMT

കോട്ടുവള്ളി (കൊച്ചി): ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാന്‍ കഴിയാതെയാണ് കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചി കോട്ടുവള്ളിയിലെ വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. പണം കടം നല്‍കിയവരുടെ മാനസിക സമ്മര്‍ദംമൂലം മരിക്കുന്നു എന്ന് കുറിപ്പെഴുതിവെച്ചശേഷമായിരുന്നു ആശ ബെന്നിയുടെ ആത്മഹത്യ. യുവതിയുടെ ജീവനെടുത്തത് ബ്ലേഡ് പലിശക്കാരുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. യുവതിയുടെ ആത്മഹത്യാ കുറിപ്പ് അടക്കം പുറത്തുവന്നതോടെ ജനരോഷം ഇരമ്പുകയാണ്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഉച്ചയോടെ ഇവരെ വീട്ടില്‍നിന്നു കാണാതായിരുന്നു. മരണത്തിനു കാരണക്കാരായവരുടെ പേരുകളടക്കമുള്ള കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തു. പണം ചോദിച്ചെത്തിയവരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒരാഴ്ചമുന്‍പ് ഇവര്‍ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അയല്‍വാസിയായ റിട്ട. പോലീസുകാരന്‍ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പേരുകളാണ് ആത്മഹത്യക്കുറിപ്പില്‍ ഉണ്ടായിരുന്നത്.

കഴുത്തറക്കുന്ന കൊള്ളപ്പലിശയായിരുന്നു ഈടാക്കിയിരുന്നത്. പത്ത് ലക്ഷത്തോളം രൂപ ആശ പലിശയ്ക്ക് കടം വാങ്ങിയിരുന്നതായാണ് വിവരം. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നത്രേ പലിശ. പലിശ നല്‍കാന്‍ മറ്റിടങ്ങളില്‍നിന്ന് ആശ കടംവാങ്ങിയതായി സൂചനയുണ്ട്. ഇങ്ങനെ കടത്തിന് മുകളില്‍ കടം പെരുകിയാണ് സഹിക്കാന്‍ കഴിയാതെ ആശ ആത്മഹത്യ ചെയ്തത്. പലിശ മുടങ്ങിയപ്പോള്‍ കടം വാങ്ങിയ തുക ഉടന്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പണം നല്‍കിയവര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. ഇവര്‍ പണം തിരികെ ആവശ്യപ്പെട്ട് നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും കുറിപ്പിലുണ്ട്.

ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ 11-ന് ഇവര്‍ കൈത്തണ്ടയിലെ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അന്ന് എസ്.പി. ഓഫീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. പണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തരുതെന്നും ഭീഷണി തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും താക്കീതു നല്‍കിയാണ് പോലീസ് ഇവരെ വിട്ടത്.

എന്നാല്‍, കഴിഞ്ഞ ദിവസം വീണ്ടും പണം നല്‍കിയവര്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയതായി ആശ ബെന്നിയുടെ വീട്ടുകാര്‍ പറയുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. ബാങ്ക് രേഖകള്‍ പരിശോധിച്ചാലേ എത്ര രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാകൂ. 24 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകളുണ്ടായിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം. എന്നാല്‍, ഇത്രയും പണം ആശ എന്തിനുവേണ്ടി ഉപയോഗിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ബെന്നി. ആശ വീടിനടുത്ത് ചെറിയ കട നടത്തിയിരുന്നു. മക്കള്‍: ഗോഡ്‌സണ്‍, ജീവനി. സംസ്‌കാരം ബുധനാഴ്ച കോട്ടുവള്ളി സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

Tags:    

Similar News