കാട്ടുപന്നിയെ വേട്ടയാടി പിടിച്ച് മാംസം വിൽപ്പന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു; ജാമ്യത്തിലിറങ്ങിയതും താങ്ങാൻ കഴിയാത്ത വിധം ഉള്ളിൽ വേദന; കാഞ്ഞിരക്കോട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; പ്രതിഷേധവുമായി നാട്ടുകാർ; കണ്ണീരായി മിഥുന്റെ മടക്കം
തൃശൂർ: കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്തിയെന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുൻ (30) ആണ് മരിച്ചത്. സംഭവത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച ജാമ്യത്തിലിറങ്ങിയ മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹത്തെ വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ വനംവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നാട്ടുകാർ തഹസിൽദാർ സ്ഥലത്തെത്തിയ ശേഷം മാത്രമേ മൃതദേഹം ഇറക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ്. കാഞ്ഞിരക്കോട് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന മിഥുന്റെ ആകസ്മിക വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.