വഴക്കുണ്ടാക്കി വീട്ടിൽ നിന്നും ഭാര്യ ഇറങ്ങിപോയി; എത്ര വിളിച്ചിട്ടും സ്വന്തം വീട്ടിൽ നിന്നും മടങ്ങി വന്നില്ല; ഒടുവിൽ ഭർത്താവ് പ്രതികാരം തീർത്തത് സ്വന്തം മക്കൾക്കെതിരെ; പിഞ്ചുകുഞ്ഞുങ്ങളെ മഴുവിന് വെട്ടിക്കൊന്നു; ശേഷം ആത്മഹത്യാ ശ്രമം; ഭാര്യയും ഭർത്താവും ഗുരുതരാവസ്ഥയിൽ
ഭർവാനി: അമ്മയുടെ വീട്ടിൽ പോയ ശേഷം മടങ്ങി വരാൻ വിസമ്മതിച്ച ഭാര്യയോടുള്ള പ്രതികാരം ഭർത്താവ് തീർത്തത് സ്വന്തം മക്കൾക്കെതിരെ. ഇയാൾ രണ്ട് മക്കളെ മഴുവിന് വെട്ടിക്കൊന്നു. ശനിയാഴ്ച രാവിലെയാണ് മധ്യപ്രദേശിലെ വർലയിൽ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സഞ്ജു ദാബർ എന്ന യുവാവാണ് അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളേയും വെട്ടിക്കൊന്നത്.
മക്കളെ കൊന്നതിന് പിന്നാലെ ഭാര്യയേയും ആക്രമിച്ച ശേഷം ജീവനൊടുക്കാനും ഇയാൾ ശ്രമിക്കുകയായിരുന്നു. ഇവർ രണ്ട് പേരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഏഴ് വർഷം മുൻപാണ് ദിയോലി സ്വദേശിയായ ഭാരതിയെ സഞ്ജു വിവാഹം ചെയ്തത്.
അഞ്ച് ദിവസം മുൻപ് ദമ്പതികൾ തമ്മിൽ വീട്ടിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഭാരതി അവരുടെ വീട്ടിലേക്ക് മക്കളേയും കൂട്ടി പോവുകയായിരുന്നു. വെള്ളിയാഴ്ച രാത്രി യുവാവ് ഭാര്യയുടെ വീട്ടിലെത്തി. ശനിയാഴ്ച രാവിലെ ഭാര്യയോട് വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കാൻ സഞ്ജു ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം ഭാരതി നിരസിക്കുകയായിരുന്നു.
ഇതിൽ ക്ഷുഭിതനായ യുവാവ് മഴുവെടുത്ത് മക്കളേയും പിന്നാലെ ഭാര്യയേയും ആക്രമിക്കുകയായിരുന്നു. തലയിലേറ്റ അടിയെ തുടർന്ന് തലയും താടിയെല്ലും തകർന്നാണ് കുട്ടികൾ മരിച്ചത്. പ്രതിയുടെ അക്രമം തടയാനെത്തിയ ഭാരതിയേയും ഇയാൾ ഉപദ്രവിച്ചു. വെട്ടേറ്റ് ഭാരതി നിലത്ത് വീണതിന് പിന്നാലെ ഇയാൾ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.