വെള്ളം ചോദിച്ചപ്പോൾ നൽകാത്തതിൽ തർക്കം; ഭാര്യയെ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കെട്ടിടത്തിൽ നിന്നും വീണതാണെന്ന പേരിൽ; ബോധം തെളിഞ്ഞപ്പോൾ എല്ലാം തുറന്ന് പറഞ്ഞ് യുവതി; കൊലപാതക കേസിൽ ഭർത്താവ് അറസ്റ്റിൽ

Update: 2025-10-07 14:18 GMT

ബെംഗളൂരു: വെള്ളം ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭാര്യയെ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ബെംഗളൂരു ചോകസന്ദ്ര സ്വദേശിയായ ചോട്ടാ ലാൽ സിങ് (32) ആണ് അറസ്റ്റിലായത്. ഇയാളുടെ മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ ഭാര്യ പ്രീതി സിങ് (28) ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സെപ്റ്റംബർ 24-ന് ഉച്ചയോടെയാണ് സംഭവം. വീട്ടിലെത്തിയ പ്രീതിയോട് ചോട്ടാ ലാൽ വെള്ളം ആവശ്യപ്പെട്ടു. എന്നാൽ, പ്രീതി വെള്ളം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രകോപിതനായ ചോട്ടാ ലാൽ, ഭാര്യയുടെ തലയിലും ശരീരത്തും ചപ്പാത്തി ഉണ്ടാക്കാനുപയോഗിക്കുന്ന കോൽ ഉപയോഗിച്ച് തുടർച്ചയായി അടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രീതിയെ ചോട്ടാ ലാൽ തന്നെയാണ് ദാസറഹള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് വീണതാണെന്ന് ഇയാൾ ഡോക്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, മരിക്കുന്നതിന് മുമ്പ് ബോധം വീണ്ടുകിട്ടിയ പ്രീതി, താൻ ആക്രമിക്കപ്പെട്ട വിവരങ്ങൾ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, പെട്ടെന്നുണ്ടായ ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. എന്നാൽ, ഇതിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മധ്യപ്രദേശ് സ്വദേശികളായ ഇവർ ബെംഗളൂരുവിലെ ഫാക്ടറികളിൽ ജോലി ചെയ്തുവരുകയായിരുന്നു. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. 

Tags:    

Similar News