'ഇവനെ വെടിവെച്ച് കൊല്ലണം..!!'; ശാപവാക്കുകൾ മൊഴിഞ്ഞ പിതാവ്; തൊട്ട് അടുത്ത ദിവസം മാൻഡ്രേക് എഫക്ട്; കുറ്റിക്കാട്ടിൽ നിന്നും പോലീസ് ഒരാളെ താങ്ങി കൊണ്ടുവരുന്നത് കണ്ട് ഞെട്ടൽ; എല്ലാത്തിനും കാരണം മകളുടെ മരണം; ആ ഓട്ടത്തിൽ പണികിട്ടിയത് ഇങ്ങനെ

Update: 2025-08-24 11:58 GMT

നോയിഡ: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മർദിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് നേരെ വെടിയേറ്റു. ഗ്രേറ്റർ നോയിഡയിലെ ഭർതൃഗൃഹത്തിൽ വെച്ച് കൊല്ലപ്പെട്ട 28-കാരിയായ നിക്കി ഭാട്ടിയുടെ ഭർത്താവ് വിപിൻ ഭാട്ടിയാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാലിൽ വെടിയേറ്റ് വീണ്ടും പിടിയിലായത്. മണിക്കൂറുകൾക്ക് മുമ്പ് യുവതിയുടെ പിതാവ് പ്രതിയെ ഏറ്റുമുട്ടൽ നടത്തി വധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നിക്കി ഭാട്ടി മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിപിൻ ഭാട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. നിക്കിയുടെ സഹോദരി കാഞ്ചന്റെ വിവാഹം വിപിന്റെ സഹോദരൻ രോഹിത് ഭാട്ടിയുമായി നടന്നിരുന്നു. സഹോദരി കാഞ്ചൻ പോലീസിന് നൽകിയ മൊഴിയിൽ, വിപിനും അമ്മ ദയയും ചേർന്നാണ് നിക്കിയെ തീകൊളുത്തിയതെന്ന് ആരോപണമുണ്ട്.

അമ്മയും മകനും ചേർന്ന് നിക്കിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തീപിടിച്ച നിലയിൽ നിക്കി കോണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വിപിനെ അറസ്റ്റ് ചെയ്തെങ്കിലും, അമ്മ ദയ, അച്ഛൻ സത്യവീർ, സഹോദരൻ രോഹിത് എന്നിവർ ഒളിവിലാണ്.

"അവർ കൊലയാളികളാണ്, അവരെ വെടിവച്ച് കൊല്ലണം, അവരുടെ വീട് ഇടിച്ചുനിരത്തണം. അവർ അവളെ പീഡിപ്പിച്ചു. കുടുംബം മുഴുവൻ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നു, അവർ എന്റെ മകളെ കൊന്നതാണ്" - നിക്കിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലിരിക്കെ വിപിനു നേരെ വെടിവെയ്പ്പ് നടന്നത്.

"ഇന്ന് ഉച്ചയോടെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസ് ഇയാളെ പിന്തുടരുകയും ചെയ്തു. ഗ്രേറ്റർ നോയിഡയിലെ സിർസ റൗണ്ട്എബൗട്ടിന് സമീപം വിപിൻ ഒരു പോലീസുകാരന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചു.

ഇതോടെ പോലീസ് ഇയാളുടെ കാലിൽ വെടിവയ്ക്കുകയും തിരികെ ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്തു" - പോലീസ് അറിയിച്ചു. അതേസമയം, താൻ നിക്കിയെ കൊന്നിട്ടില്ലെന്ന് വെടിയേറ്റ ശേഷം ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിപിൻ പ്രതികരിച്ചു.

Tags:    

Similar News