എട്ടുമാസം മുന്‍പ് പ്രണയിച്ചു വിവാഹം കഴിച്ചവര്‍; വിവാഹ ശേഷം പ്രമേഷ് അനുഷയുമായി വഴക്കിട്ടത് സ്ത്രീധനത്തെ ചൊല്ലി; പിണങ്ങി വീട്ടില്‍ പോയ യുവതിയെ അനുനയത്തില്‍ തിരികെ എത്തിച്ചപ്പോള്‍ വീണ്ടും വഴക്കിട്ടു; ഭാര്യയെ പരസ്യമായി തല്ലിക്കൊന്ന് യുവാവ്; നടുക്കുന്ന വീഡിയോ പുറത്ത്
എട്ടുമാസം മുന്‍പ് പ്രണയിച്ചു വിവാഹം കഴിച്ചവര്‍
ഹൈദരാബാദ്: സ്ത്രീധനത്തെ ചൊല്ലി അരുംകൊലകള്‍ ഇന്ത്യയില്‍ നടക്കുന്ന വാര്‍ത്തകള്‍ പലപ്പോഴു പുറത്തുവന്നിട്ടുണ്ട്. നിരവധി യുവതികള്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായത്. തെലുങ്കാനയില്‍ നിന്നും പുറത്തുവന്ന അരുംകൊലയുടെ വാര്‍ത്തയ്ക്ക് പിന്നിലും വില്ലനായത് സ്ത്രീധനമാണ്. സ്ത്രീധനത്തെ ചൊല്ലി വഴക്കിട്ട ഭര്‍ത്താവ് ഭാര്യയെ ആളുകള്‍ നോക്കി നില്‍ക്കവെ തല്ലിക്കൊല്ലുകയായിരുന്നു.
തെലങ്കാനയിലെ വികാറാബാദ് സ്വദേശിനിയായ അനുഷ(22)യെയാണ് ഭര്‍ത്താവ് പ്രമേഷ് കുമാര്‍(28) ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രമേഷ് അനുഷയെ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എട്ടുമാസം മുന്‍പാണ് അനുഷയും പ്രമേഷ്‌കുമാറും പ്രണയിച്ച് വിവാഹിതരായത്. എന്നാല്‍, വിവാഹശേഷം ഇരുവരും തമ്മില്‍ സ്ത്രീധനത്തെച്ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഈ അസ്വാരസ്യങ്ങള്‍ പതിവായതോടെ രണ്ടുദിവസം മുമ്പ് തര്‍ക്കത്തെത്തുടര്‍ന്ന് അനുഷ സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട്, പ്രമേഷ് കുമാര്‍ അനുഷയുടെ വീട്ടിലെത്തി സംസാരിച്ചു.
ഇനി വഴക്കുണ്ടാകില്ലെന്ന് ഉറപ്പുനല്‍കി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. പക്ഷേ, വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. തുടര്‍ന്നാണ് പ്രതി ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയത്. ബൈക്കില്‍ വന്ന ദമ്പതിമാര്‍ ബൈക്കില്‍ നിന്നിറങ്ങുന്നതും തുടര്‍ന്ന് അനുഷ വീട്ടിലേക്ക് മുടന്തിനടക്കുന്നതുമാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഇതിനിടെ, പ്രമേഷ് ഭാര്യ ധരിച്ചിരുന്ന ജാക്കറ്റ് പിറകില്‍നിന്ന് വലിച്ചൂരി.
തുടര്‍ന്ന് ഭാര്യയെ ബൈക്കിന് മുകളിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് അനുഷ നിലത്തുനിന്ന് എഴുന്നേറ്റ് വീടിന് മുന്നിലിരുന്നു. ഈ സമയം അയല്‍ക്കാരി ഇവരുടെ വീടിന്റെ താക്കോലുമായെത്തി. തുടര്‍ന്ന് താക്കോല്‍ വാങ്ങിയ പ്രമേഷ് ഭാര്യയെ കഴുത്തില്‍പിടിച്ച് തള്ളുകയും വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയുംചെയ്തു.
എന്നാല്‍, അനുഷ താക്കോല്‍ വലിച്ചെറിഞ്ഞു. ഇതോടെ പ്രകോപിതനായ പ്രമേഷ് കുമാര്‍ ഭാര്യയെ മുഖത്തടിക്കുകയും വയറ്റില്‍ ചവിട്ടുകയുമായിരുന്നു. പിന്നാലെ ഒരു തടിക്കഷണം ഉപയോഗിച്ച് തലയില്‍ നിരന്തരം അടിച്ചു. ആറുതവണയോളം യുവതിക്ക് തലയ്ക്കടിയേറ്റു. അയല്‍ക്കാര്‍ പ്രമേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇയാള്‍ ഭാര്യയെ മര്‍ദിക്കുന്നത് തുടര്‍ന്നു. ഒടുവില്‍ പ്രമേഷ് മര്‍ദനം അവസാനിപ്പിച്ചതിന് പിന്നാലെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
