ഐബി ഉദ്യോഗസ്ഥ ഗര്‍ഭിണി ആയപ്പോള്‍ അലസിപ്പിച്ച ശേഷം വിവാഹത്തില്‍ നിന്നും സുകാന്ത് ഒഴിഞ്ഞു മാറിയത് സിവില്‍ സര്‍വീസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ്; അബോര്‍ഷന്‍ നടത്താന്‍ കൂടെ നിന്നതും സുകാന്തിന്റെ അടുപ്പക്കാരിയായ മറ്റൊരു ഐബി ഉദ്യോഗസ്ഥ; ഒളിവില്‍ തുടരുന്ന സുകാന്തിനെ പിടികൂടാന്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

സുകാന്ത് ഒഴിഞ്ഞു മാറിയത് സിവില്‍ സര്‍വീസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ്

Update: 2025-04-07 02:16 GMT

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് ഐബിയിലെ വനിതാ ഓഫീസറെ ആത്മഹത്യയിലേക്ക് തള്ളിയിട്ട സുകാന്ത് സുരേഷിനെ തേടി പോലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നു. സുകാന്ത് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സുകാന്തും കുടുംബവും ഒരുമിച്ചല്ല ഒളിവില്‍ പോയിരിക്കുന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. കേരളത്തിന് പുറത്തേക്കും ഇയാള്‍ക്കായുളള തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.

സുകാന്ത് സുരേഷിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിത്തുന്നത്. ബലാത്സംഗം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകള്‍ നേരത്തെ ചുമത്തിയിരുന്നു. യുവതിയുടെ ബാഗില്‍ നിന്ന് ഗര്‍ഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട രേഖകളും വ്യാജ വിവാഹക്ഷണക്കത്തും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് സുകാന്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്.

അതേസമയം സുകാന്തിന്റെ പുതിയ പെണ്‍സുഹൃത്തും ഐബിയിലെ തന്നെ ഒരു വനിതാ ഓഫീസറെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യം. രാജസ്ഥാനിലെ പരിശീലന കാലയളവില്‍ വെച്ച് പരിചയപ്പെട്ട സുകാന്ത്, യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവതിയുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷന് ഓഫീസറായ സുകാന്ത് അവിടെ അപ്പാര്‍ട്ട്‌മെന്റ് വാടകക്കെടുത്ത് യുവതിയെഒപ്പം താമസിപ്പിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ സിവില്‍ സര്‍വീസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് ആവശ്യം തള്ളിക്കളഞ്ഞു. ഇതിനിടെയാണ് ഗര്‍ഭം അലസിപ്പിച്ചെന്ന വിവരവും പുറത്ത് വന്നത്.

എന്നാല്‍ യുവതിയെ വഞ്ചിച്ച സുകാന്ത് നെടുമ്പാശ്ശേരിയില്‍ ജോലി ചെയ്യുന്ന മറ്റൊരു വനിതാ ഐബി ഓഫീസറുമായി അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സുകാന്തിന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. അടുത്ത ദിവസം ഹൈക്കോടതി, സുകാന്തിന്‌റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ഇത് വരെയുള്ള അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ പൊലീസ് കോടതിയെ അറിയിക്കും.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായ പീഡിപ്പിച്ചതിനും പണം തട്ടിയെടുത്തതിനും സുകാന്തിനെതിരെ പുതിയ വകുപ്പുകള് കൂടി ചുമത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, വഞ്ചന കുറ്റങ്ങള്‍ നേരത്തെ ചുമത്തിയിരുന്നു. സുകാന്ത് കേരളം വിട്ടുവെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ലുക്കൗട്ട് നോട്ടീസ് നേരത്തെ തന്നെ ഇറക്കിയ സാഹചര്യത്തില്‍ രാജ്യംവിട്ടു പോകാന്‍ ഒരു സാധ്യതയുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണം നേരിടുന്ന സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ വീട്ടിലുള്ളത് പട്ടിണിയിലായ വളര്‍ത്തുമൃഗങ്ങള്‍ മാത്രമാാണ്. ആത്മഹത്യാവാര്‍ത്ത പുറത്തുവന്നശേഷം സുകാന്തും മാതാപിതാക്കളും എവിടെയാണെന്ന് വ്യക്തമല്ല. എടപ്പാളിനു സമീപം ശുകപുരത്തെ പെട്രോള്‍ പമ്പിനടുത്താണ് സുകാന്ത് സുരേഷിന്റെ വീട്. വിശാലമായ പുരയിടത്തിലേക്കുള്ള ഗേറ്റ് പൂട്ടിയ നിലയിലാണ്. ആത്മഹത്യാ വാര്‍ത്തയ്ക്കുശേഷം ഗേറ്റ് തുറന്നിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. അയല്‍വാസികളുമായി കാര്യമായ അടുപ്പമോ സൗഹൃദമോ പുലര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ എവിടേക്കാവാം ഇവര്‍ പോയിട്ടുണ്ടാവുക എന്നതിനെക്കുറിച്ച് ആര്‍ക്കും ധാരണകളൊന്നുമില്ല.

സുകാന്തിന്റെ പിതാവ് ഏറെക്കാലം വിദേശത്തായിരുന്നു. അമ്മ ടീച്ചറായിരുന്നു. സുകാന്ത് ഏകമകനാണ്. മികച്ച സാമ്പത്തികനിലയിലുള്ള കുടുംബത്തിന് വിവിധയിടങ്ങളിലായി ഭൂമിയും മറ്റും സ്വന്തമായുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. സുകാന്തിന്റെ പിതാവ് ഇടക്കാലത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തിയിരുന്നു. വീട്ടുവളപ്പില്‍നിന്ന് പശുക്കളുടെ വലിയ കരച്ചില്‍കേട്ട് അവയ്ക്ക് തീറ്റ കൊടുക്കാന്‍ അയല്‍വാസികള്‍ ശ്രമിച്ചെങ്കിലും മതിലിനുള്ളില്‍ കയറാന്‍ കഴിഞ്ഞില്ല.

തൊഴുത്തില്‍ എട്ടു പശുക്കള്‍, റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ, ഒരു ചെറിയ കൂടുനിറയെ കോഴികള്‍ എന്നിവ വീട്ടുവളപ്പിലുണ്ട്. പുരയിടത്തിന്റെ അതിരിലെ ഇടുക്കുവഴിയിലൂടെ കടന്നു കയറി അയല്‍വാസികളായ അലി, ഇബ്രാഹിം, ഷാഫി തുടങ്ങിയവര്‍ പശുക്കള്‍ക്ക് വൈക്കോലും വെള്ളവും നായയ്ക്ക് ചോറും മറ്റും നല്‍കി.

വലിയ അടുപ്പമൊന്നമില്ലാത്ത കുടുംബത്തെക്കുറിച്ച് ഒന്നും പറയാന്‍ അയല്‍വാസികള്‍ക്ക് കഴിഞ്ഞില്ല. ഭക്ഷണവും വെള്ളവും കിട്ടാതെ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുമെന്ന ആശങ്കയായതോടെ ഗ്രാമപ്പഞ്ചായത്തംഗം ഇ.എസ്. സുകുമാരനെ അറിയിക്കുകയും അദ്ദേഹം എത്തി നായയ്ക്ക് തീറ്റയും പശുക്കള്‍ക്ക് കാലിത്തീറ്റയും മറ്റും സാധനങ്ങളും വാങ്ങി നല്‍കുകയായിരുന്നു.

Tags:    

Similar News