'ഒരു ലൈംഗീക കുറ്റവാളിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നു, അത് സാധിച്ചു; എനിക്ക് ശരിയായ ആളെ തന്നെ കിട്ടുമെന്ന് ഉറപ്പായിരുന്നു'; അമേരിക്കയില്‍ ബാലപീഡന കേസ് പ്രതിയെ കുത്തിക്കൊന്ന് ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍; 'കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവര്‍ കൊല്ലപ്പെടേണ്ടവര്‍' എന്ന് വരുണ്‍ സുരേഷ് പോലീസിനോട്

'ഒരു ലൈംഗീക കുറ്റവാളിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നു, അത് സാധിച്ചു

Update: 2025-09-25 09:50 GMT

ന്യൂഡല്‍ഹി: ബാലലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ യുവാവ് കാലിഫോര്‍ണിയയില്‍ അറസ്റ്റില്‍. കാലിഫോര്‍ണിയ ഫ്രെമോണ്ട് സ്വദേശി വരുണ്‍ സുരേഷ് (29) ആണ് പിടിയിലായത്. ബാലികയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്ന ഡേവിഡ് ബ്രിമറിനെയാണ് (71) ഇയാള്‍ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് സുരേഷിനെ അറസ്റ്റ് ചെയ്ത പൊലീസ് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇയാളില്‍ നിന്ന് കണ്ടെടുത്തു.

കോടതി രേഖകള്‍ പ്രകാരം ദീര്‍ഘനാളുകളായി ഒരു ലൈംഗീകാതിക്രമിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നാണ് വരുണിന്റെ മൊഴി. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന ഇത്തരക്കാര്‍ കൊല്ലപ്പെടേണ്ടതുണ്ടെന്നും ഇയാള്‍ മൊഴി പോലീസ് മുമ്പാകെ മൊഴി നല്‍കി. കുറ്റവാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന കാലിഫോര്‍ണിയ മീഗന്‍സ് ലോ ഡാറ്റാബേസില്‍ തിരഞ്ഞാണ് വരുണ്‍ ഇരയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

1995ല്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ ഒമ്പതുവര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ച ആളാണ് ഡേവിഡ് ബ്രിമര്‍. വരുണും ഇരയാക്കപ്പെട്ട ഡേവിഡും തമ്മില്‍ മുന്‍പരിചയം ഇല്ലായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. പബ്‌ളിക്ക് അക്കൗണ്ടന്റ് എന്ന ഭാവേനെയാണ് ഇയാള്‍ ഡേവിഡ് ബ്രിമറുടെ വീടിന് മുമ്പില്‍ എത്തിയത്.

സ്വയം പരിചയപ്പെടുത്തുന്നതിനിടെ 'എനിക്ക് ശരിയായ ആളെ തന്നെ കിട്ടുമെന്ന് ഉറപ്പായിരുന്നു' എന്ന് വരുണ്‍ പറഞ്ഞതില്‍ സംശയം തോന്നിയ ബ്രിമര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പുറത്തിറങ്ങി ഓടിയ ബ്രിമറിനെ പിന്നാലെയെത്തി കുത്തിവീഴ്ത്തിയ വരുണ്‍ ഇയാളുടെ കഴുത്തറക്കുകയായിരുന്നു. ഇതിനിടെ 'പശ്ചാത്തപിക്കൂ' എന്ന് ഇയാള്‍ അലറിയിരുന്നെന്നും ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുറ്റകൃത്യത്തിന് ശേഷം വരുണ്‍ പൊലീസ് എത്തും വരെ സംഭവ സ്ഥലത്ത് തന്നെ തുടരുകയായിരുന്നു.

ഡേവിഡിനെ ഒന്നിലധികം കുത്തേറ്റ മുറിവുകളോടെ കണ്ടെത്തിയ ഫ്രീമോണ്ട് പൊലീസ് ഇയാള്‍ക്ക് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വരുണിനെ സംഭവസ്ഥലത്തുവച്ചു തന്നെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളില്‍ നിന്ന് ഒരു കത്തി കണ്ടെടുത്തു. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് വരുണ്‍ പൊലീസിനോടും ആവര്‍ത്തിച്ചു. 2021ല്‍ ഫ്രെമോണ്ടിലെ ഹയാത്ത് പ്‌ളേസ് ഹോട്ടല്‍ സി.ഇ.ഒ ശിശുപീഡകന്‍ ആണെന്നാരോപിച്ച് വ്യാജ ബോംബ് ഭീഷണി നടത്തിയതിന് വരുണിനെതിരെ കേസെടുത്തിരുന്നു.

ഡേവിഡ് ബ്രിമ്മറിനെ കലിഫോര്‍ണിയയിലെ മേഗന്‍സ് ലോ വെബ്സൈറ്റില്‍ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1995-ല്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് ഒന്‍പത് വര്‍ഷം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഡേവിഡ് ബ്രിമ്മര്‍. ലൈംഗിക കുറ്റവാളികളെ ലക്ഷ്യം വച്ചിരുന്നു എന്ന വാദത്തെ പിന്തുണയ്ക്കുന്ന തരത്തിലാണ് വരുണിന്റെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങള്‍. ഡേവിഡ് ബ്രിമ്മറിനെ ലൈംഗിക കുറ്റവാളിയായി റജിസ്റ്റര്‍ ചെയ്ത അതേ സൈറ്റായ മേഗന്‍സ് ലോ വെബ്സൈറ്റിലെ നിരവധി പ്രൊഫൈലുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അദ്ദേഹം എടുത്തതായി റിപ്പോര്‍ട്ടുണ്ട്. കൃത്യമായി ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ 18ന് രാവിലെ 11:57ന് സംഭവം നടന്നതായി ഫ്രീമോണ്ട് പൊലീസിന് വിവരം ലഭിച്ചു. ഇതിന് 45 മിനിറ്റ് മുന്‍പ് ഡേവിഡിന്റെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് വരുണ്‍ തന്റെ ഫോണിലെടുത്തു.

Tags:    

Similar News