അജാസുമായി ഇന്ദുജയ്ക്ക് ദീര്‍ഘകാല ബന്ധം; വിവാഹ ശേഷവും സൗഹൃദം തുടര്‍ന്നപ്പോള്‍ ഭര്‍ത്താവുമായി വഴക്കും പതിവായി; വിവാഹ ബന്ധം വേര്‍പെടുത്താന്‍ അഭിജിത്ത് തയ്യാറെടുത്തു; ആ ഫോണ്‍ കോള്‍ മാനസിക സമ്മര്‍ദ്ദം കൂട്ടി; ഭര്‍ത്താവും സുഹൃത്തും മര്‍ദ്ദിച്ചിരുന്നു; ആ മരണത്തില്‍ രണ്ടു വില്ലന്മാര്‍; പാലോട്ടെ ദുരൂഹതകള്‍ തീരുന്നില്ല

Update: 2024-12-08 09:46 GMT

തിരുവനന്തപുരം: പാലോട് ഭര്‍തൃഗൃഹത്തില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത. ഇന്ദുജയെ ഒഴിവാക്കാന്‍ ഭര്‍ത്താവായ അഭിജിത്ത് ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന് പിന്നില്‍ അജാസ് എന്ന കണക്ഷനാണ്. ആത്മഹത്യ ചെയ്ത ഇന്ദുജയുടെ സുഹൃത്തായ അജാസിന്റേതാണ് ഇന്ദുജയ്ക്ക് അവസാനമായി വന്ന കോളെന്ന് കണ്ടെത്തിയിരുന്നു. ഒരു ഫോണ്‍ കോള്‍ വന്നതിന് പിന്നാലെയാണ് ഇന്ദുജ ജീവനൊടുക്കിയെന്നാണ് അഭിജിത്തിന്റെ ബന്ധുക്കളുടെ വാദം. ഇത് അജാസിന്റെതെന്നാണ് സൂചന. അജാസിന്റെയും അഭിജിത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തും. ഇങ്ങനെ പോലീസ് പറയുമ്പോഴും ആത്മഹത്യയിലെ ദുരൂഹത പൂര്‍ണ്ണമായും മാറുന്നതുമില്ല. കൊലയ്ക്കുള്ള സാധ്യത ഇപ്പോഴും ഈ കേസിലുണ്ട്. ഭര്‍ത്താവും ഇന്ദുജയുമായി സ്വരചേര്‍ച്ച ഇല്ലെന്ന് വ്യക്തമാകുന്നതു കൊണ്ടാണ് ഇത്.

സുഹൃത്ത് അജാസ് ഇന്ദുജയെ മര്‍ദിച്ചതെന്നാണ് ഭര്‍ത്താവായ അഭിജിത്തിന്റെ മൊഴി നിര്‍ണ്ണായകമാണ്. ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ടു ദിവസം മുന്‍പാണ് അജാസ് മര്‍ദിച്ചത്. കാറില്‍വച്ചായിരുന്നു മര്‍ദനമെന്നും അഭിജിത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇത് അജാസ് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് കിട്ടി കഴിഞ്ഞു. അജാസും അഭിജിത്തും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. എന്തിനാണ് മര്‍ദിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും പൊലീസ് പറഞ്ഞു. യുവതിയുടെ മരണം ആത്മഹത്യയാണെന്നും കുടുംബ പ്രശ്‌നങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. പക്ഷേ ആത്മഹത്യയിലേക്ക് അജാസും അഭിജിത്തും ചേര്‍ന്ന് തള്ളി വിടുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍.

അഭിജിത്തും ഇന്ദുജയും അജാസും ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചവരാണ്. ഇന്ദുജയും അജാസുമായുള്ള സൗഹൃദം അഭിജിത്തിന് ഇഷ്ടമായിരുന്നില്ല. കഴിഞ്ഞാഴ്ച അഭിജിത്തും അജാസും തമ്മില്‍ വഴക്കിട്ടിരുന്നു. അജാസിന്റെ പേരില്‍ ഇന്ദുജയെ അഭിജിത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു. സംഭവത്തിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാനായി കൂടുതല്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്യും. അഭിജിത്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പട്ടികജാതി വകുപ്പ് പ്രകാരമുള്ള കുറ്റവും ദേഹോപദ്രവം, ആത്മഹത്യാപ്രേരണ കുറ്റം എന്നിവയാണ് അജാസിനെതിരെ ചുമത്തിയത്. അതുകൊണ്ട് തന്നെ രണ്ടു പേരേയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കും.

പാലോട് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ദുജയുടെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. നെടുമങ്ങാട് തഹസീല്‍ദാറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലും പാടുകള്‍ കണ്ടത്. ഇന്ദുജയും അഭിജിത്തും രണ്ട് വര്‍ഷം പ്രണയത്തിലായിരുന്നു.വിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതമായിരുന്നില്ല. നാല് മാസം മുമ്പ് ഇന്ദുജയെ വീട്ടില്‍ നിന്ന് അഭിജിത്ത് വിളിച്ചിറക്കി അമ്പലത്തില്‍ പോയി താലി ചാര്‍ത്തി താമസിക്കുകയായിരുന്നു. നെടുമങ്ങാട് തഹസീല്‍ദാര്‍ നേതൃത്വത്തില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ ഇന്ദുജയുടെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. കണ്ണിന് സമീപവും തോളിലുമാണ് പരിക്കുകള്‍.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇന്ദുജയുടെ അച്ഛന്‍ ശശിധരന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് നടപടികള്‍ കടുപ്പിച്ചത്. ഇരുവരും വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നാണ് വിവരം. വിവാഹ ശേഷം വീട്ടുകാരുമായി ഇന്ദുജക്ക് കാര്യമായ ബന്ധം ഒന്നുമില്ലായിരുന്നു. വല്ലപ്പോഴും വീട്ടില്‍ പോകുമായിരുന്നു. ഇങ്ങനെ രണ്ടു തവണ ഇന്ദുജ വീട്ടില്‍ പോയി. അന്ന് ഭര്‍തൃ വീട്ടിലെ പീഡനത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് അച്ഛന്‍ പറയുന്നത്. ഇന്ദുജ ആത്മഹത്യ ചെയ്ത അന്ന് തന്നെ അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ്, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും സുഹൃത്തായ അജാസിനെയും കസ്റ്റഡിയിലെടുക്കുന്നത്. ആത്മഹത്യയില്‍ രണ്ട് പേരുടെയും പങ്ക് വ്യക്തമായതോടെ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു.

ഭര്‍തൃവീട്ടില്‍ ഇന്ദുജയ്ക്ക് ശാരീരികവും മാനസികവുമായ പീഡനം ഏറ്റെന്ന് യുവതിയുടെ കുടുംബം ആദ്യമേ തന്നെ ആരോപിച്ചിരുന്നു. അജാസുമായി ദീര്‍ഘകാലത്തെ ബന്ധം ഇന്ദുജയ്ക്കുണ്ടായിരുന്നു. വിവാഹശേഷവും ഇത് തുടര്‍ന്നതിനാല്‍ അഭിജിത്തുമായി വഴക്കുകളും പതിവായിരുന്നു. വിവാഹബന്ധം വേര്‍പെടുത്താന്‍ അഭിജിത്ത് തയ്യാറെടുത്തിരുന്നതായാണ് വിവരം. ഇയാള്‍ യുവതിയെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇത് ആത്മഹത്യ ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. അപ്പോഴും ഇന്ദുജയുടെ ഫോണിലേക്ക് അവസാനം വന്ന കോള്‍ ചില സംശയങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഈ കോള്‍ അജാസിന്റേതാണെന്ന് തെളിഞ്ഞതോടെ ഇതും ആത്മഹത്യയിലേക്ക് യുവതിയെ നയിച്ചതായി പൊലീസ് കണ്ടെത്തി.

ഫോണില്‍ വളരെ രോഷാകുലനായാണ് അജാസ് യുവതിയോട് സംസാരിച്ചത്. ഇത് കൂടിയായതോടെ മനോവിഷമം മൂലം യുവതി ജീവനൊടുക്കുകയായിരുന്നു. അഭിജിത്തും അജാസും ഇന്ദുജയെ ഉപദ്രവിച്ചതായാണ് പൊലീസ് പറയുന്നത്. കേസില്‍ യുവാക്കളുടെ പങ്ക് മാത്രമേ ഇതുവരെ വ്യക്തമായിട്ടുള്ളൂ. ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ അഭിജിത്തിന്റെ വീട്ടുകാരിലേക്കും അന്വേഷണം നീളും.

Tags:    

Similar News