ശനിയാഴ്ച രാത്രി ചിത്രപ്രിയയുടെ വീടിന് സമീപത്തെ അയ്യപ്പസേവാസംഘം ദേശവിളക്കില്‍ ചിത്രപ്രിയയും അമ്മ ഷിനിയും എത്തി; താലപ്പൊലിയിലും പങ്കെടുത്തതിന് ശേഷം 11 മണിയോടെ ഷിനി വീട്ടിലേക്ക് മടങ്ങി; ചിത്രപ്രിയ വീട്ടിലെത്തിയില്ല; കാണാതാകുമ്പോള്‍ ജീന്‍സും ടോപ്പും വേഷം; തലയ്ക്കു പിന്നിലേറ്റ ആഴത്തിലുള്ള മുറിവില്‍ സംശയം; മലയാറ്റൂര്‍ സംഭവം കൊലപാതകമോ?

മലയാറ്റൂര്‍ സംഭവം കൊലപാതകമോ?

Update: 2025-12-09 18:35 GMT

കൊച്ചി: മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19) ആണ് മരിച്ചത്.

മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

ശനിയാഴ്ച മുതല്‍ കാണാതായ ചിത്രപ്രിയയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട്ടില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള വിജനമായ പറമ്പില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം. അമ്മ ഷിനി ജോലിചെയ്യുന്ന കാറ്ററിംഗ് സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലാണ് ഉച്ചയ്ക്ക് 2.30ഓടെ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പരിക്കുകളുമുണ്ട്. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്കടുത്ത് സെബിയൂര്‍ റോഡിനടുത്തെ ഒഴിഞ്ഞ റബര്‍തോട്ടത്തിലാണ് മൃതദേഹം കണ്ടത്.

മൃതദേഹം കണ്ടെത്തിയ റബര്‍ തോട്ടം അടുത്തിടെ സ്ളോട്ടര്‍ ടാപ്പിംഗ് നടത്തിയതാണ്. ജീന്‍സും ടോപ്പുമാണ് വേഷം. കൈകാലുകള്‍ക്ക് പരിക്കുണ്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇത് കല്ലോ മറ്റ് ആയുധങ്ങളോ കൊണ്ടുണ്ടായ മുറിവാണെന്നാണ് പൊലീസ് നിഗമനം.

പോലീസിന്റെ സംശയം ബലപ്പെടുത്തുന്നത് ചിത്രപ്രിയയുടെ തലയ്ക്കു പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ്. മരണകാരണം കൃത്യമായി അറിയണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്.

പോലീസ് അന്വേഷണം: 2 പേര്‍ കസ്റ്റഡിയില്‍

ശനിയാഴ്ച രാത്രി ചിത്രപ്രിയയുടെ വീടിന് സമീപത്തെ അയ്യപ്പസേവാസംഘം ദേശവിളക്കില്‍ ചിത്രപ്രിയയും ഷിനിയും എത്തിയിരുന്നു. താലപ്പൊലിയിലും പങ്കെടുത്തു. 11 മണിയോടെ ഷിനി വീട്ടിലേക്ക് മടങ്ങി. ചിത്രപ്രിയ വീട്ടിലെത്തിയില്ല. ചിത്രപ്രിയയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാലടി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെയും മാതാവ് ജോലിചെയ്യുന്ന കാറ്ററിങ് യൂണിറ്റിലെ സഹപ്രവര്‍ത്തകരുടെയും അറിയിപ്പിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഫോണില്‍ സംസാരിച്ചവരാണ് ഇരുവരും. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചിത്രപ്രിയയുടെ മരണം കൊലപാതകമാണോ, അതോ മറ്റെന്തെങ്കിലും ദുരൂഹതകള്‍ ഇതിന് പിന്നിലുണ്ടോ എന്ന കാര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കസ്റ്റഡിയിലുള്ളവരുടെ ചോദ്യംചെയ്യലും നിര്‍ണായകമാകും.പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും പരിശോധനാ വിധേയമാക്കുന്നുണ്ട്. വനംവകുപ്പില്‍ താത്കാലിക ഫയര്‍ വാച്ചറാണ് പിതാവ് ഷൈജു. സഹോദരന്‍: അഭിജിത്ത്.

Tags:    

Similar News