രണ്ടു മോട്ടര്‍ സൈക്കിളുകളില്‍ എത്തിയ കവര്‍ച്ച സംഘം; ഇസാഫ് ബാങ്ക് തുറന്നയുടന്‍ ഹെല്‍മറ്റ് ധരിച്ച സംഘം ഇരച്ചുകയറി; ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; 14.8 കിലോ സ്വര്‍ണവും ആറ് ലക്ഷം രൂപയും കവര്‍ന്നു; കൊള്ള നടന്നത് 20 മിനിറ്റിനുള്ളില്‍

തോക്കുചൂണ്ടി അഞ്ചംഗ സംഘത്തിന്റെ ബാങ്ക് കൊള്ള

Update: 2025-08-12 06:55 GMT

ഭോപ്പാല്‍: മദ്ധ്യപ്രദേശ് ജബല്‍പൂരിലെ ഇസാഫ് ബാങ്കില്‍ വന്‍ കവര്‍ച്ച. അഞ്ചംഗ സംഘം തോക്ക് ചൂണ്ടി 14 കോടിയുടെ സ്വര്‍ണവും ആറ് ലക്ഷം രൂപയും കവര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഖിതോള പ്രദശത്തുള്ള ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഒരു ശാഖയിലാണ് ഇന്നലെ രാവിലെ കവര്‍ച്ച നടന്നത്. ആയുധധാരികളായ സംഘം ബാങ്കിലെത്തി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം 14.8 കിലോ സ്വര്‍ണവും ആറ് ലക്ഷം രൂപയും കവര്‍ന്നതായാണ് വിവരം. 14 കോടി രൂപയിലധികം വിലമതിക്കുന്നതാണ് സ്വര്‍ണമെന്ന് അധികൃതര്‍ പറഞ്ഞു. ഹെല്‍മറ്റ് ധരിച്ചെത്തിയ അഞ്ചു പേരാണ് മോഷണം നടത്തിയത്.

തിങ്കളാഴ്ച രാവിലെ ബാങ്ക് തുറന്ന ഉടനെയാണ് ഖിതോലയിലെ ശാഖയില്‍ കവര്‍ച്ച നടന്നത്. ഈ സമയത്ത് ബാങ്കില്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയാണ് ബാങ്ക്. കവര്‍ച്ചക്കാര്‍ ലോക്കറിലുണ്ടായിരുന്ന 14.875 കിലോഗ്രാം സ്വര്‍ണവും ആറ് ലക്ഷം രൂപയും കവര്‍ന്നതായി ജബല്‍പുര്‍ റൂറല്‍ അഡീഷനല്‍ സൂപ്രണ്ട് സൂര്യകാന്ത് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ 9.15ന് ബൈക്കിലെത്തിയ സംഘം ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ചാണ് ബാങ്കിനുള്ളില്‍ കയറിയത്. പിന്നാലെ 20 മിനിട്ടിനുള്ളില്‍ കവര്‍ച്ച നടത്തി ഇവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ സിസിടിവി ക്യാമറകള്‍ ഉള്‍പ്പടെ പരിശോധിക്കുകയാണെന്നും കവര്‍ന്ന സ്വര്‍ണത്തിന്റെയും പണത്തിന്റെയും കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കവര്‍ച്ച നടന്ന് 45 മിനിട്ടിന് ശേഷമാണ് ബാങ്ക് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചതെന്നും നേരത്തെ വിവരം ലഭിച്ചിരുന്നെങ്കില്‍ പ്രതികളെ എളുപ്പത്തില്‍ പിടിക്കാന്‍ കഴിയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രണ്ടു മോട്ടര്‍ സൈക്കിളുകളിലെത്തിയ കവര്‍ച്ചക്കാര്‍ ഹെല്‍മറ്റ് ധരിച്ചാണ് ബാങ്കിലേക്ക് കയറിയതെന്നും കൊള്ള നടന്നത് മിനിറ്റുകള്‍ക്കുള്ളിലാണെന്നും ജബല്‍പുര്‍ ഡിഐജി അതുല്‍ സിങ് പറഞ്ഞു. ''ബാങ്കില്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. സംഭവം നടക്കുമ്പോള്‍ 6 ജീവനക്കാര്‍ ബാങ്കിലുണ്ടായിരുന്നു. കവര്‍ച്ചക്കാര്‍ രാവിലെ 8.50 ന് ബാങ്കില്‍ കയറി 9.08 ന് പുറത്തിറങ്ങി. പിന്നീട് മോട്ടര്‍ സൈക്കിളുകളില്‍ രക്ഷപ്പെട്ടു. പൊലീസ് സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയാണ്. കവര്‍ച്ചക്കാരില്‍ ഒരാളുടെ ബെല്‍റ്റിനടിയില്‍ ഒരു തോക്ക് ഉണ്ടായിരുന്നു'' സിങ് പറഞ്ഞു. സംഭവം നടന്ന് 45 മിനിറ്റ് കഴിഞ്ഞാണ് ബാങ്ക് ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതെന്നു ഡിഐജി പറഞ്ഞു.

Tags:    

Similar News