സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ നിന്നും കണ്ടെത്തിയത് കത്തി, ചുറ്റിക, ഡീസലും പഴ്‌സും; ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് കിട്ടിയത് കത്തിക്കരിഞ്ഞ നിലയില്‍ വാച്ചിന്റെ ഡയലും ചെരിപ്പുകളും; വീട്ടുവളപ്പില്‍നിന്നു ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ സ്ത്രീയുടേതും; ജെയ്‌നമ്മയുടെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി കത്തിച്ചെന്ന നിഗമനത്തില്‍ അന്വേഷണം

സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ നിന്നും കണ്ടെത്തിയത് കത്തി, ചുറ്റിക, ഡീസലും പഴ്‌സും

Update: 2025-08-08 02:11 GMT

ഏറ്റുമാനൂര്‍: അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മ(54)യുടെ തിരോധാനക്കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക കണ്ടെത്തലാണ് പോലീസ് നടത്തിയിരിക്കുന്നത്. പ്രതി പള്ളിപ്പുറം ചൊങ്ങുതറ സി.എം.സെബാസ്റ്റ്യന്റെ (68) കാറില്‍നിന്നു കത്തി, ചുറ്റിക, ഡീസല്‍ മണമുള്ള കന്നാസ്, പഴ്‌സ് എന്നിവ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി കണ്ടെത്തി. വെട്ടിമുകളില്‍ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് കേസില്‍ നിര്‍ണായകമാകുന്ന തെളിവുകള്‍ കിട്ടിയത്. വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു സെബാസ്റ്റ്യന്റെ കാര്‍.

പിടികൂടിയ 20 ലീറ്ററിന്റെ കന്നാസില്‍ ഡീസല്‍ വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ വാച്ചിന്റെ ഡയലും ചെരിപ്പുകളും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഇതേസമയം മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. കോട്ടയത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇന്നലെ രാത്രി വെട്ടിമുകളിലെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്.

സെബാസ്റ്റ്യനെ കോടതി ഏഴു ദിവസത്തേക്കു കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജഡ്ജി എ.നിസാം ആണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. പ്രതി സെബാസ്റ്റ്യന്‍ തന്നെയെന്നതിനു തെളിവുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍നിന്നു ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ സ്ത്രീയുടേതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് ജെയ്‌നമ്മയുടേതാണോയെന്നു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനാഫലവും മറ്റു രാസപരിശോധനാഫലങ്ങളും ലഭിക്കേണ്ടതുണ്ട്. ജെയ്‌നമ്മയുടെ ഫോണ്‍ കണ്ടെത്തണം. പ്രതിയുടെ മൊഴികളില്‍ പലതും വിശ്വസിക്കാവുന്നതല്ലെന്നും ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.

തറയിലും ഭിത്തിയിലുമായി കൂടുതലിടങ്ങളില്‍ രക്തക്കറയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഒരു ജോഡി റബ്ബര്‍ ചെരിപ്പും കിട്ടി. കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭനെ കാണാതായ കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചാണ് പോലീസ് സഹകരണത്തോടെ പരിശോധന നടത്തിയത്. ഭൂമിക്കടിയില്‍ 10 മീറ്റര്‍ ആഴത്തിലുള്ള അസ്വാഭാവിക സാധനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. പള്ളിപ്പുറത്തുള്ള സെബാസ്റ്റ്യന്റെ വീടിന്റെ തെക്കുഭാഗത്ത് ഒന്‍പതിടങ്ങളിലും വടക്കുകിഴക്കു ഭാഗത്ത് മൂന്നിടത്തും കുഴിച്ചു പരിശോധിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ നാലു വരെയായിരുന്നു സെബാസ്റ്റ്യന്റെ വീട്ടിലെ പരിശോധന.

തുടര്‍ന്നാണ് ചേര്‍ത്തല ശാസ്താംകവലയിലുള്ള റോസമ്മയുടെ വീട്ടുവളപ്പിലും ഇതേ സംവിധാനം ഉപയോഗിച്ച് പരിശോധിച്ചത്. റോസമ്മയുടെ വീട്ടില്‍ കോഴിയെ വളര്‍ത്താനായി കെട്ടിയ ഷെഡ്ഡില്‍നിന്ന് റഡാറില്‍ സിഗ്‌നല്‍ കിട്ടിയിരുന്നു. എന്നാല്‍, ഇവിടം പൊളിച്ചു പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

കാണാതായ ഹയറുമ്മയുടെ അയല്‍വാസിയും കൂട്ടുകാരിയുമായിരുന്നു റോസമ്മ. 2013-ല്‍ ഹയറുമ്മയെ കാണാതാകുന്ന കാലത്ത് ഇവര്‍ക്ക് സെബാസ്റ്റ്യനുമായി സൗഹൃദമുണ്ടായിരുന്നെന്നാണ് പോലീസിനു കിട്ടിയ വിവരം. ഹയറുമ്മയെ സെബാസ്റ്റ്യനുമായി ബന്ധപ്പെടുത്തിയതിലും റോസമ്മയ്ക്കു പങ്കുണ്ടായിരുന്നുവെന്നു കരുതുന്നു. ഹയറുമ്മയുടെ പണമിടപാടുകളിലും ഇവര്‍ക്കു ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. സൗഹൃദത്തിന്റെ പേരില്‍, ഒരു തെറ്റും ചെയ്യാത്ത തന്നെ വിചാരണ ചെയ്യുകയാണെന്ന് റോസമ്മ പറഞ്ഞു.

ബന്ധുക്കള്‍ക്ക് ചോറില്‍ വിഷംകലര്‍ത്തി നല്‍കി 17-ാം വയസ്സില്‍ തന്നെ ക്രിമിനല്‍സ്വഭാവം പുറത്തുകാട്ടിയയാളാണ് സെബാസ്റ്റ്യനെന്നു സമീപവാസികള്‍ പറയുന്നത്. ദുരൂഹസാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ പ്രതിയായ സെബാസ്റ്റ്യന് പണ്ടുമുതലേ ക്രിമിനല്‍ സ്വഭാവം ഉണ്ടായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ പിതാവിന്റെ അടുത്ത ബന്ധുക്കള്‍ക്കാണ് വിഷം നല്‍കിയത്. തലനാരിഴയ്ക്കാണ് അവര്‍ മൂന്നുപേരും രക്ഷപ്പെട്ടതെന്നു പറയുന്നു. തുടര്‍ന്ന്, സഹോദരങ്ങളുമായും അയല്‍വാസികളുമായും സെബാസ്റ്റ്യന്‍ പലഘട്ടത്തിലും തര്‍ക്കമുണ്ടാക്കി.

സൗമ്യനെന്നു തോന്നുമെങ്കിലും പകതോന്നിയാല്‍ പലവഴികളിലൂടെ ആക്രമിക്കുന്നതാണ് ഇയാളുടെ സ്വഭാവം. എസ്എസ്എല്‍സിവരെ പഠിച്ച ഇയാള്‍, പഠനശേഷം സ്വകാര്യ ബസില്‍ ക്ലീനറായും ടാക്സി ഡ്രൈവറായും ജോലിചെയ്തു. അതുവഴിയാണ് വാഹന-വസ്തു വില്‍പ്പന ഇടനിലക്കാരനായത്. ആദ്യം ഒരു അംബാസഡര്‍ കാറും പിന്നീട് പഴയ ഇന്നോവയും സ്വന്തമാക്കി. അപ്പോഴെല്ലാം പണം പലിശയ്ക്കും നല്‍കിയിരുന്നു. കടത്തിലായവരെ പണംനല്‍കി സഹായിച്ച് അവരുടെ ഭൂമിയും സ്വന്തമാക്കിയിരുന്നു.

50-ാം വയസ്സിലാണ് ഏറ്റുമാനൂരുകാരി സുബിയുമായുള്ള വിവാഹം. ശേഷം ഏറ്റുമാനൂരിലായിരുന്നു സെബാസ്റ്റ്യന്റെ താമസം. എന്നാല്‍, പകലും പല രാത്രികളിലും പള്ളിപ്പുറത്തെ വീട്ടിലെത്തുമായിരുന്നു. വിവാഹം കഴിഞ്ഞ് നാലാംവര്‍ഷമാണ് ആണ്‍കുട്ടി ജനിച്ചത്. ഭാര്യയും മകനും ഏതാനും ദിവസം മാത്രമേ പള്ളിപ്പുറത്തെ വീട്ടില്‍ താമസിച്ചിട്ടുള്ളൂ. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട് ഇപ്പോഴും പിതാവ് മാത്യുവിന്റെ പേരിലാണെന്നും സമീപവാസികള്‍ പറയുന്നു.

Tags:    

Similar News