ഓപ്പറേഷന്‍ സിന്ദൂറില്‍ തോറ്റുനാണംകെട്ടതിന് പകരം വീട്ടാന്‍ തുനിഞ്ഞിറങ്ങി പാക് ഭീകരസംഘടനകള്‍; ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ വനിതാ ചാവേറാക്രമണത്തിന് കോപ്പുകൂട്ടി ജയ്‌ഷെ മുഹമ്മദ്; 'മാഡം സര്‍ജന്‍' എന്ന കോഡ് നാമമുള്ള ഡോ. ഷാഹിന സയീദ് ഈ യൂണിറ്റിലെ അംഗം; ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ ഫണ്ടുപിരിവും തകൃതി; ജയ്ഷും ലഷ്‌കറും കൈകോര്‍ത്തുള്ള ആക്രമണത്തിനും സാധ്യത

ഓപ്പറേഷന്‍ സിന്ദൂറില്‍ തോറ്റുനാണംകെട്ടതിന് പകരം വീട്ടാന്‍ തുനിഞ്ഞിറങ്ങി പാക് ഭീകരസംഘടനകള്‍

Update: 2025-11-19 10:58 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലെ ദയനീയ തോല്‍വിക്ക് ശേഷം, പാക്കിസ്ഥാനിലെ ഭീകര സംഘടനകള്‍ ഇന്ത്യയോട് പകരം വീട്ടാനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഹരിയാന തീവ്രവാദ മൊഡ്യൂളും, ഡല്‍ഹി ചെങ്കോട്ട ചാവേര്‍ സ്‌ഫോടനവും എല്ലാം ഇതിന്റെ ഭാഗമാണ്.

ചെങ്കോട്ട സ്‌ഫോടനത്തിനു ശേഷം ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഇന്ത്യയ്ക്കെതിരെ മറ്റൊരു ആക്രമണം നടത്താന്‍ ചാവേര്‍ സ്‌ക്വാഡിനെ സജ്ജമാക്കുകയാണ്. ഈ സ്‌ക്വാഡിനെ ആക്രമണത്തിന് നിയോഗിക്കുന്നതിനായി ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ധനസമാഹരണം ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ

ചെങ്കോട്ട സ്‌ഫോടനക്കേസിലെ അന്വേഷണത്തിനിടെ ലഭിച്ച സൂചനകള്‍ അനുസരിച്ച്, ജെയ്ഷ് നേതാക്കള്‍ ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഫണ്ട് ശേഖരണത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. സാഡാപേ (SadaPay)എന്ന പാക് ആപ്പ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ജയ്ഷെ നേതാക്കള്‍ ഫണ്ട് സ്വരൂപിക്കാന്‍ ആഹ്വാനം ചെയ്തതായാണ് വിവരം. സ്ത്രീകള്‍ നയിക്കുന്ന ഒരു ആക്രമണത്തിനും അവര്‍ പദ്ധതിയിടുന്നുണ്ടാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു തീവ്രവാദിക്കുള്ള (മുജാഹിദ്) ശീതകാല കിറ്റിനായി ഏകദേശം 20,000 പാകിസ്ഥാന്‍ രൂപ (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 6,400) സംഭാവനയായി ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം. ഈ തുക ഷൂസ്, കമ്പിളി സോക്‌സുകള്‍, മെത്ത, ടെന്റ് എന്നിവ വാങ്ങാന്‍ ഉപയോഗിക്കും. ആക്രമണത്തിന് മുമ്പോ ശേഷമോ 'ഫീല്‍ഡിലുള്ള' തീവ്രവാദികള്‍ക്ക് ആവശ്യമായ സാധനങ്ങളാണിത്.

്‌ചെങ്കോട്ട ആക്രമണം നടത്തിയ 10 അംഗ 'ഭീകരഡോക്ടര്‍' സംഘം പോലുള്ള തീവ്രവാദ സെല്ലുകളിലേക്ക്, വേഗത്തില്‍ പണം കൈമാറ്റം ചെയ്യാനുള്ള സൗകര്യമൊരുക്കുക എന്നതാണ് ലക്ഷ്യം. ഈ ഡിജിറ്റല്‍ ഫണ്ടിംഗ് ശൃംഖലയെക്കുറിച്ച് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വനിതാ ചാവേറാക്രമണ സാധ്യതയും 'മാഡം സര്‍ജനും'

ജെയ്ഷെ മുഹമ്മദിന് ജമാത് ഉല്‍-മുഅ്മിനാത് (Jamat ul-Muminat) എന്നൊരു വനിതാ വിംഗ് ഉണ്ട്. മസൂദ് അസ്ഹറിന്റെ സഹോദരി സാദിയയെയാണ് ഈ യൂണിറ്റിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' വഴി പാക് ബഹാവല്‍പൂരിലെ JeM ക്യാമ്പുകള്‍ തകര്‍ത്തതിന് ശേഷമാണ് ഇത് രൂപീകരിച്ചത്.

ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രധാന പ്രതികളിലൊരാളായ ഡോ. ഷാഹിന സയീദ് ('മാഡം സര്‍ജന്‍' എന്ന കോഡ് നാമം) ഈ വനിതാ യൂണിറ്റിലെ അംഗമാണെന്നും ആക്രമണത്തിന് പണം നല്‍കിയവരില്‍ ഒരാളാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജെയ്ഷ് വനിതകളെ മുന്‍നിര്‍ത്തിയുള്ള ആക്രമണത്തിന് പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

കശ്മീരിലെ പുതിയ ആക്രമണ പദ്ധതി

ജമ്മു കശ്മീരില്‍ പാക് പിന്തുണയോടെ തീവ്രവാദം വര്‍ദ്ധിക്കുകയാണെന്ന സൂചനയാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്നത്.. ജെയ്ഷെ മുഹമ്മദും ലഷ്‌കര്‍-ഇ-തൊയ്ബയും (LeT) സംയോജിത ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായും വിവരമുണ്ട്. പാക് സൈന്യവും അവിടുത്തെ 'ഡീപ് സ്റ്റേറ്റും' പിന്തുണയ്ക്കുന്ന പ്രധാന ഗ്രൂപ്പുകളാണ് ഇവ രണ്ടും.

Tags:    

Similar News