അന്വേഷിച്ചത് കാനഡയില്‍ നിന്ന് മകള്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ; പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ ജെയ്‌സി മരിച്ച നിലയില്‍; സംശയം തോന്നിയത് മുഖത്തെ പരിക്കുകള്‍ കണ്ടതോടെ; കളമശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകം
കളമശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകം
കൊച്ചി: കളമശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പെരുമ്പാവൂര്‍ സ്വദേശി ജെയ്‌സി എബ്രഹാമിനെ( 55) ശുചിമുറിയില്‍ മരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത് . തലയിലെ മുറിവ് വീഴ്ചയില്‍ സംഭവിച്ചതല്ലെന്നു സ്ഥിരീകരിച്ചു. അടിയേറ്റെന്നാണ് നിഗമനം. അപാര്‍ട്‌മെന്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജെയ്‌സി ഏബ്രഹാമിനെ കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. ജെയ്‌സിയുടെ മകള്‍ കാനഡയിലാണ്. അമ്മയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കളേയും പൊലീസിനേയും വിളിച്ചറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ജെയ്‌സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തിയിരുന്ന ആളാണ് ജെയ്‌സി. അതുകൊണ്ടു തന്നെ അത്തരത്തിലൊരു തര്‍ക്കമോ മറ്റോ ഉണ്ടായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിന് കൊലപാതകമാണോ എന്ന് സംശയമുണ്ടായിരുന്നു. മുഖത്ത് വികൃതമായ രീതിയിലായിരുന്നു പരിക്കേറ്റിരുന്നത്. മര്‍ദനത്തിന് ശേഷമാണ് മരണമെന്ന് ഇന്നലെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
അതേസമയം, പ്രതിയെ ഇതുവരേയും പിടികൂടാനായിട്ടില്ല. ഫ്‌ലാറ്റില്‍ സ്ഥിരമായി വന്നുപോവുന്നവരെയും സിസിടിവിയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.