മുന്‍ ബിസിനസ് പങ്കാളിയായ പ്രവാസി വ്യവസായിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; മാലം സുരേഷിന്റെ സുഹൃത്ത് ജമീല്‍ മുഹമ്മദിന് സുപ്രീംകോടതിയുടെ കൂച്ചുവിലങ്ങ്; കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പോകാനാവില്ല; ദുബായ്ക്ക് പറക്കാന്‍ കടിഞ്ഞാണ്‍; ജാമ്യവ്യവസ്ഥ ലംഘിച്ചതിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

മാലം സുരേഷിന്റെ സുഹൃത്ത് ജമീല്‍ മുഹമ്മദിന് സുപ്രീംകോടതിയുടെ കൂച്ചുവിലങ്ങ്

Update: 2025-11-27 18:27 GMT

ഇടുക്കി: മുന്‍ ബിസിനസ് പങ്കാളിയെ ക്വട്ടേഷന്‍ നല്‍കി വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രവാസി മലയാളി വ്യവസായി ജമീല്‍ മുഹമ്മദിന് (47) സുപ്രീം കോടതിയുടെ കനത്ത തിരിച്ചടി. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളം വിട്ട് പോകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ, ദുബായില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി പറന്നു നടന്നിരുന്ന തൃശൂര്‍ ഒരുമനയൂര്‍ സ്വദേശിയായ ജമീല്‍ മുഹമ്മദ് നിലവില്‍ കേരളത്തില്‍ തുടരേണ്ട അവസ്ഥയിലായി.

കോടതിയുടെ വിമര്‍ശനവും കര്‍ശന വ്യവസ്ഥകളും

ജമീല്‍ മുഹമ്മദ് ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. 'ഹൈക്കോടതി വിധിയിലെ എല്ലാ നിബന്ധനകളും ഹര്‍ജിക്കാരന് ബാധകമാണ്. പ്രതിയുടെ ഇഷ്ടത്തിനനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പാകെ ഹാജരാകാന്‍ കഴിയില്ല. ഹൈക്കോടതി വ്യവസ്ഥകള്‍ ലംഘിച്ച ഹര്‍ജിക്കാരന്റെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല'-സുപ്രീംകോടതി പറഞ്ഞു.




 ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥകള്‍ അതേപടി തുടരും. ജമീല്‍ മുഹമ്മദ് എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം. വിചാരണ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ കേരളം വിട്ട് പോകാന്‍ പാടില്ല.സുപ്രീം കോടതി വിധിപ്രകാരം, ഡിസംബര്‍ 6 മുതലുള്ള ശനിയാഴ്ചകളില്‍ ജമീല്‍ മുഹമ്മദ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാവണം. ഹൈക്കോടതിയുടെ എല്ലാ ഉപാധികളും അനുസരിച്ചതിന് ശേഷം മാത്രമേ ഹര്‍ജിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ സാധിക്കൂ എന്നും സുപ്രീം കോടതി അറിയിച്ചു.

ക്വട്ടേഷന്‍ വധശ്രമക്കേസ്

2023 സെപ്റ്റംബര്‍ 16-നാണ് കേസിനാസ്പദമായ സംഭവം. ഇടുക്കി അടിമാലി റാണിക്കല്ലില്‍ വെച്ച് മുന്‍ ബിസിനസ് പങ്കാളിയായ ഷെമി മുസ്തഫയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ഗുണ്ടാസംഘം ശ്രമിച്ചെന്നാണ് കേസ്. ഷെമി മുസ്തഫ സഞ്ചരിച്ച കാറില്‍ ജമീല്‍ മുഹമ്മദ് ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ ഗുണ്ടാസംഘം സഞ്ചരിച്ച കാര്‍ ഇടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി.

ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി (ഗൂഢാലോചന), 302 (കൊലപാതകം), 307 (വധശ്രമം), 201, 34 എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അടിമാലി പൊലീസില്‍ നിന്ന് ഇടുക്കി ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും പിന്നീട് ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്തിരുന്നു.

മറ്റ് കേസുകളിലും കുരുക്ക്

കേസില്‍ നിന്നും പിന്മാറാനായി പരാതിക്കാരനായ ഷെമി മുസ്തഫയെ ഭീഷണിപ്പെടുത്തുകയും, അദ്ദേഹത്തിനെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും വ്യാജ പരാതികള്‍ നല്‍കി പണം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയതിനും ജമീല്‍ മുഹമ്മദിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസില്‍ ഏറ്റുമാനൂര്‍ സ്വദേശി ഷാനവാസ്, കോട്ടയം റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട മണര്‍കാട് സ്വദേശി കെ.വി. സുരേഷ് (മാലം സുരേഷ്) എന്നിവരും പ്രതികളാണ്.

ഈ കേസിലെ അന്വേഷണം തുടരുന്നതിന് സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതോടെ, പ്രവാസി വ്യവസായി ജമീല്‍ മുഹമ്മദിന് നിയമപരമായ കുരുക്കുകള്‍ മുറുകുകയാണ്.

മാലം സുരേഷിനും തിരിച്ചടി

നിരവധി കേസുകളില്‍ പ്രതിയായ ബ്ലേഡ് മാഫിയ തലവന്‍ മാലം സുരേഷ് (വാവത്തില്‍ കെ.വി.സുരേഷ്) സ്വന്തം വീടിനോട് ചേര്‍ന്ന് പാടശേഖരം മണ്ണിട്ട് നികത്തിയ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഫെബ്രുവരിയില്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഹൈക്കോടതി 2021 ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായില്ല. മാലം സുരേഷ് സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജി തള്ളിയിരുന്നു.

നിരവധി കേസുകളില്‍ പ്രതിയായ മാലം സുരേഷ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, അനധികൃതമായി 16 ലിറ്റര്‍ വിദേശമദ്യം സൂക്ഷിച്ചതിന് അറസ്റ്റിലായിരുന്നു. പണത്തിനായി വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് സുരേഷിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്. ഈ റെയ്ഡിലാണ് വിദേശമദ്യശേഖരം കണ്ടെത്തിയത്.

Tags:    

Similar News