കുപ്‌വാര ജില്ലയിലെ ചിലരുടെ സ്വഭാവത്തിന് ആകെ മാറ്റം; ആരോടും സംസാരിക്കാറില്ല..കണ്ണുകളിൽ എപ്പോഴും നിഗുഢമായ നോട്ടവും; ഇതെല്ലാം കണ്ട് പന്തികേട് തോന്നിയ പോലീസ് ചെയ്തത്; അന്വേഷണത്തിൽ രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന കാഴ്ച; എല്ലാത്തിനും തെളിവായി ആ ഉപകരണങ്ങൾ
ഈറ്റാനഗർ: അരുണാചലിൽ പാക് ചാരശൃംഖല തകർത്തു. ജമ്മു കശ്മീർ സ്വദേശികളായ അഞ്ച് പേർ പിടിയിൽ. അരുണാചൽ പ്രദേശിൽ തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ചോർത്തി പാക്കിസ്ഥാൻ ഏജന്റുമാർക്ക് നൽകിയിരുന്ന ജമ്മു കശ്മീർ സ്വദേശികളെ പോലീസ് പിടികൂടി. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി നടന്ന അന്വേഷണത്തിൽ അഞ്ച് പേരാണ് ഇതുവരെ പിടിയിലായിരിക്കുന്നത്.
ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നിന്നുള്ളവരാണ് ഇവരെല്ലാവരും. അരുണാചലിലെ സൈനിക വിന്യാസങ്ങളെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി അതിർത്തി കടത്തി എന്ന അതീവ ഗുരുതരമായ ആരോപണമാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്നത്.
ഈ ചാരശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത് നവംബർ 21-നാണ്. ഇറ്റാനഗർ പോലീസിന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നസീർ അഹമ്മദ് മാലിക്, സാബിർ അഹമ്മദ് മിർ എന്നിവരെയാണ് ആദ്യം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷബീർ അഹമ്മദ് ഖാൻ, ഐജാസ് അഹമ്മദ് ഭട്ട്, ബഷീർ അഹമ്മദ് ഗാനായി എന്നിവരും പിന്നീട് പിടിയിലായി. കുപ്‌വാരയിൽ നിന്നാണ് ഐജാസിനെയും ബഷീറിനെയും പിടികൂടി അരുണാചലിൽ എത്തിച്ചത്. ഇതിനുപുറമെ ഹിലാൽ അഹമ്മദ് എന്നൊരാളെയും വെസ്റ്റ് സിയാങ് ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കശ്മീരി വസ്ത്രങ്ങളും പുതപ്പുകളും വിൽക്കുന്ന കച്ചവടക്കാർ എന്ന വ്യാജേനയാണ് ഇവർ അരുണാചൽ പ്രദേശിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചിരുന്നത്. അതിർത്തി ജില്ലകളായ കിബിത്തു, അനിനി, തേസു തുടങ്ങിയ ഇടങ്ങളിൽ ഇവർ പതിവായി സന്ദർശനം നടത്തിയിരുന്നു. സാധാരണക്കാർക്ക് പ്രവേശനമില്ലാത്തതോ നിയന്ത്രണമുള്ളതോ ആയ സൈനിക മേഖലകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും ഇവർ മൊബൈൽ ഫോണുകളിൽ പകർത്തി.
വിവരങ്ങൾ കൈമാറാൻ ഇവർ 'അൽ അഖ്‌സ' എന്ന പേരിലുള്ള ഒരു ടെലഗ്രാം ചാനലാണ് ഉപയോഗിച്ചിരുന്നത്. പാകിസ്ഥാനിലെ തങ്ങളുടെ ഹാൻഡ്ലർമാരുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. പണത്തിന് വേണ്ടിയാണ് ഇവർ ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെന്ന് പോലീസ് പറയുന്നു. ചില പ്രതികൾക്ക് സൈനിക കേന്ദ്രങ്ങൾക്ക് സമീപം സ്‌ഫോടനങ്ങൾ നടത്താനും തീയിടാനും പാക് ഏജന്റുകളിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
