'എന്നും ജയകുമാരിയെ താങ്ങിയെടുത്ത് ഉമ്മറത്ത് ഇരുത്തും, വിശേഷങ്ങള്‍ പറയും'; അന്ന് രാവിലെ മരുമകളെ ഫോണില്‍ വിളിച്ച് ഒരു യാത്ര പോകുകയാണെന്ന് പറഞ്ഞ ഭര്‍തൃ പിതാവ്; ജയലക്ഷ്മിക്ക് ദൂരയാത്ര പ്രയാസമായതിനാല്‍ മരുമകള്‍ അത് വിശ്വസിച്ചില്ല; വന്ന് നോക്കിയപ്പോള്‍ കണ്ടത് നടുക്കും കാഴ്ച; വട്ടപ്പാറയില്‍ സംഭവിച്ചത്
തിരുവനന്തപുരം: വട്ടപ്പാറയില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച സംഭവത്തില്‍ ചര്‍ച്ചയാകുന്നത് ദമ്പതികള്‍ക്കിടയിലെ സ്‌നേഹം. ജയകുമാരിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രന്‍ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യയുടെ രോഗം മൂര്‍ച്ചിച്ചതില്‍ മനംനൊന്തായിരിക്കാം ഇവരെ കൊലപ്പെടുത്തിയ ശേഷം ബാലചന്ദ്രന്‍ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രമേഹ രോഗം മൂര്‍ച്ഛിച്ച് ജയകുമാരി ഏറെ നാളായി കിടപ്പിലായിരുന്നു. കൂലിപ്പണിക്കാരനായിരുന്ന ബാലചന്ദ്രന് പ്രായം അറുപത്തിയേഴായെങ്കിലും ഭാര്യയോടുള്ള സ്‌നേഹത്തിനും കരുതലിനും ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു.
ഉയര്‍ന്ന പ്രമേഹം മൂലം കാഴ്ച മങ്ങിത്തുടങ്ങിയ ജയകുമാരിയെ ഭര്‍ത്താവ് ബാലചന്ദ്രന്‍ താങ്ങിയെടുത്ത് വീടിന്റെ ഉമ്മറത്ത് കൊണ്ടിരുത്തും. പുറം കാഴ്ചകളും വിശേഷങ്ങളും പങ്കുവയ്ക്കും. ഭാര്യയ്ക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ബാലചന്ദ്രന് അതൊരു പ്രശ്‌നമായിരുന്നില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മസ്തിഷ്‌കത്തിന്റെ തകരാറിനു കാരണമാകുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം മൂര്‍ച്ചിച്ചതോടെ ജയകുമാരിയുടെ അവസ്ഥ കൂടുതല്‍ പ്രതിസന്ധിയായി. പങ്കാളിയുടെ വേദന കണ്ട് മടുത്തിട്ടാവാം ബാലചന്ദ്രന്‍ ഈ കടുംകൈ ചെയ്തതെന്നും ഇവര്‍ പറയുന്നു.
വട്ടപ്പാറ കുറ്റിയാനി സ്വദേശി ബാലചന്ദ്രന്‍, ഭാര്യ ജയകുമാരി എന്നിവരാണ് ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ തമ്മില്‍ കാര്യമായ വഴക്കോ, മറ്റ് തര്‍ക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജയകുമാരിയുടെ കഴുത്തറുത്ത അതേ മുറിയില്‍ തൂങ്ങിയ നിലയിലാണ് ജയചന്ദ്രന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. പോസ്റ്റുമോര്‍ട്ടം നിര്‍ണ്ണായകമാണെന്ന് പോലീസ് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥനും ഓട്ടോ ഡ്രൈവറുമായ രണ്ട് ആള്‍മക്കളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ മൂത്തയാളിന്റെ ഭാര്യ എത്തിയപ്പോഴാണ് നടക്കുന്ന സംഭവം പുറംലോകം അറിയുന്നത്. ജയകുമാരി മൂന്ന് വര്‍ഷമായി പാര്‍ക്കിസണ്‍സ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് കിടപ്പിലാണ്. ബാലചന്ദ്രന്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്.
രാവിലെ പതിനൊന്നോടെ ഒരു കിലോമീറ്റര്‍ അപ്പുറത്ത് താമസിക്കുന്ന മരുമകള്‍ രമ്യയെ ബാലചന്ദ്രന്‍ ഫോണില്‍ വിളിച്ച് ഒരു യാത്ര പോകുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സുഖമില്ലാത്ത ജയലക്ഷ്മിക്ക് ദൂരയാത്ര പ്രയാസമായതിനാല്‍ രമ്യ അത് വിശ്വസിച്ചില്ല. ഉടന്‍ ബാലചന്ദ്രന്റെ വീട്ടിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സമീപവാസികളുടെ സഹായത്തോടെ വാതില്‍ തള്ളിത്തുറന്ന് നോക്കുമ്പോള്‍ കിടപ്പുമുറിയിലെ കട്ടിലില്‍ ജയലക്ഷ്മി കഴുത്തുമുറിഞ്ഞ് മരിച്ച നിലയിലും ബാലചന്ദ്രന്‍ ഫാനിന്റെ ഹുക്കില്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഉടന്‍ വട്ടപ്പാറ പൊലീസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ചുനാളുകളായി ജയലക്ഷ്മി ന്യൂറോ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടയ്ക്കിടെ തലചുറ്റി വീണിരുന്നതിനാല്‍ പുറത്തേക്ക് അധികമിറങ്ങിയിരുന്നില്ല. ഭാര്യയുടെ രോഗാവസ്ഥ കാരണം ബാലചന്ദ്രനും ജയലക്ഷ്മിയെ ശുശ്രൂഷിച്ചാണ് കഴിഞ്ഞിരുന്നത്.
മക്കള്‍ സമീപത്തുണ്ടെങ്കിലും അവരെ പരമാവധി ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ബാലചന്ദ്രനും ഭാര്യയും ശ്രമിച്ചിരുന്നു. വീട്ടിലെ പാചകമുള്‍പ്പെടെ ചെയ്തിരുന്നത് ബാലചന്ദ്രനായിരുന്നു. മക്കള്‍: ശരത് (എസ്.എ.പി ക്യാമ്പ്, പേരൂര്‍ക്കട), വൈശാഖ്. മരുമക്കള്‍: അശ്വതി, രമ്യ.