75 ലക്ഷം രൂപ തട്ടിയെടുത്തത് തിരികെ ചോദിച്ചപ്പോള്‍ 'പണി' തരുമെന്ന് ഭീഷണി; ഇനി വീട്ടില്‍ വന്നാല്‍ നായയെ അഴിച്ചു വിടും എന്നും തന്നെയും അമ്മയെയും കള്ളക്കേസില്‍ കുടുക്കുമെന്നും വിരട്ടി; എറണാകുളം ആര്‍ ടി ഒ ജെര്‍സന് എതിരെ പുതിയ പരാതി; എന്തുചെയ്യാനും പണവും മദ്യവും ചോദിക്കുന്ന ജെര്‍സന്‍ കൈക്കൂലിയുടെ രാജാവ്
ജെര്‍സന്‍ കൈക്കൂലിയുടെ രാജാവ്
കൊച്ചി: കൈക്കൂലിയുടെ രാജാവാണ് അറസ്റ്റിലായ എറണാകുളം ആര്‍ ടി ഒ, ടി എം ജെര്‍സനെന്ന് അനുഭവസ്ഥര്‍. വിശേഷിച്ചും ബസ് പെര്‍മിറ്റിനായി ഇയാളെ ആശ്രയിച്ചിരുന്നവര്‍. കൈക്കൂലി ജന്മാവകാശം എന്ന പോലെയാണ് ജെര്‍സന്‍ കൊണ്ടുനടന്നിരുന്നത്. സ്വയം കൈക്കൂലി വാങ്ങുക മാത്രമല്ല, കീഴുദ്യോഗസ്ഥരെ വഴിതെറ്റിച്ച് അതിന്റെ പങ്കുപറ്റാനും ഇയാള്‍ക്ക് ഉത്സാഹമായിരുന്നു. എന്തുചെയ്യണമെങ്കിലും ജെര്‍സണ് മദ്യവും പണവും വേണം. പരിശോധന നടത്താതിരിക്കാന്‍ വിജിലന്‍സിന് കൈക്കൂലി കൊടുക്കാനേന്ന പേരില്‍ പോലും പണപ്പിരിവ് നടത്തിയിട്ടുണ്ട്.
പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരികയാണ്. തുണിക്കട നടത്തിപ്പിന്റെ മറവില്‍ 75 ലക്ഷം രൂപ വെട്ടിച്ചെന്ന പരാതിയാണ് ഒടുവിലത്തേത്. പണം തിരികെ ചോദിച്ചപ്പോള്‍ 'പണി' തരുമെന്നായിരുന്നു ജെര്‍സണ്‍ ഭീഷണിപ്പെടുത്തി. ഇടപ്പള്ളി സ്വദേശി അല്‍ അമീന്‍ പൊലീസിലും വിജിലന്‍സിലും പരാതി നല്‍കി. കൈക്കൂലി കേസില്‍ അറസ്റ്റിലായ ജേര്‍സനെ ഗതാഗത വകുപ്പ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തിങ്കളാഴ്ച വരെ വിജിലന്‍സ് കസ്റ്റഡിയിലാണ് ജെര്‍സനും കൂടെ അറസ്റ്റിലായ ഏജന്റുമാരും.
അല്‍ അമീന്റെ പരാതി
ഇടപ്പള്ളിയില്‍ താനും അമ്മയും ചേര്‍ന്ന് നടത്തിയിരുന്ന ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു ജെര്‍സനും ഭാര്യയുമെന്നാണ് അല്‍ അമീന്‍ പറയുന്നത്. തുണിക്കച്ചവടം പൊലിക്കുമെന്ന് മനസ്സിലായതോടെ, 2022 ല്‍ ഭാര്യയുടെ പേരില്‍ ഇയാള്‍ മാര്‍ക്കറ്റ് റോഡില്‍ പുതിയ കട തുടങ്ങി. അല്‍ അമീന്റെ കടയില്‍ നിന്നായിരുന്നു തുണിത്തരങ്ങള്‍ എടുത്തിരുന്നത്. 75 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ അല്‍ അമീന്‍ ആര്‍ടിഒയുടെ കടയിലേക്ക് ഇറക്കിക്കൊടുത്തു. കച്ചവടം പച്ച പിടിക്കുമ്പോള്‍ പണം തിരികെ നല്‍കാമെന്നായിരുന്നു ഇരുകൂട്ടരും തമ്മിലുള്ള കരാര്‍. കടയുടെ ജിഎസ്ടി റജിസ്‌ട്രേഷനും അക്കൗണ്ടുമെല്ലാം ഇരുകൂട്ടരുടെയും പേരിലായിരുന്നു.
ആദ്യ മൂന്നു മാസത്തോളം നന്നായി പെരുമാറിയെങ്കിലും കച്ചവടം നന്നായതോടെ ആര്‍ടിഒയുടെ ഭാവം മാറി. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിയായി. ഇനി തന്നെ കാണാന്‍ വന്നേക്കരുതെന്നും വീട്ടില്‍ വന്നാല്‍ നായയെ അഴിച്ചു വിടും എന്നും അല്‍ അമീനോട് പറഞ്ഞു. തന്നെയും ഉമ്മയെയും കള്ളക്കസില്‍ കുടുക്കുമെന്ന് ജെര്‍സന്‍ ഭീഷണിപ്പെടുത്തിയതായും അല്‍ അമീന്‍ പറയുന്നു. ജെര്‍സന്റെ ഉന്നതല സ്വാധീനങ്ങളെ ഭയന്നാണ് ഇതുവരെ പരാതി കൊടുക്കാതിരുന്നത്.
പിടിയിലായത് ഇങ്ങനെ
ഫോര്‍ട്ട്‌കൊച്ചി-ചെല്ലാനം റൂട്ടിലോടുന്ന പ്രൈവറ്റ് ബസിന്റെ താത്ക്കാലിക പെര്‍മിറ്റ് പുതുക്കുന്നതിന് ജെര്‍സന്‍ കൈക്കൂലി ചോദിച്ചെന്ന് വിജിലന്‍സിന് പരാതി കിട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി ജെര്‍സനും മറ്റുചില ഉദ്യോഗസ്ഥരും വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ പിടിച്ചെടുത്ത വിദേശമദ്യത്തില്‍ ഏറെയും ഇറക്കുമതി ചെയ്തവയാണെന്നാണ് കരുതുന്നത്.
ജെര്‍സന്‍ കൈക്കൂലി വാങ്ങിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പിലെ പരസ്യമായ രഹസ്യം ആയിരുന്നുവെന്നാണ് സൂചന. കൈക്കൂലി കൊടുത്ത് മടുത്ത ചില ബസ്സുടമകള്‍ ജെര്‍സന് പണി കൊടുത്തതാണെന്നും ശ്രുതിയുണ്ട്. വര്‍ഷങ്ങളായി കൈക്കൂലി വാങ്ങിയിരുന്ന ഇയാള്‍ വലിയൊരു തുക അനധികൃതമായി സമ്പാദിക്കുകുയും, ബെനാമി പേരുകളില്‍ സ്വത്തുകള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്തുസമ്പാദനത്തിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.
ജെര്‍സന്റെ കൈക്കൂലി വാങ്ങലിനെ കുറിച്ച് വിജിലന്‍സിന് നേരത്തെ സൂചന കിട്ടിയെങ്കിലും, തെളിവിന് വേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നു. ഒരു ബസിന് പെര്‍മിറ്റ് അനുവദിക്കുന്നതിന് 25,000 - 30,000 രൂപ വരെ വാങ്ങിയിരുന്നതായി പറയുന്നു. ജെര്‍സന്റെ വീട്ടില്‍ നിന്ന് 50-ലേറെ വിദേശമദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു. ബുധനാഴ്ച വൈകിട്ടാണ് വിജിലന്‍സ് എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ആര്‍.ടി.ഒയെ അറസ്റ്റ് ചെയ്തത്. ജര്‍സന്റെ സ്വത്തുക്കളില്‍ വിജിലന്‍സ് വിശദ അന്വേഷണം നടത്തും. അഴിമതിക്കാരുടെ പട്ടിക നേരത്തെ വിജിലന്‍സ് തയ്യാറാക്കിയിരുന്നു.
റോഡില്‍ വച്ച് പണവും മദ്യക്കുപ്പിയും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജെര്‍സനെ വിജിലന്‍സ് സംഘം പിടികൂടിയത്. രാമു, സജി എന്നീ കണ്‍സള്‍ട്ടന്റുമാരാണ് പിടിയിലായ മറ്റ് രണ്ടുപേര്‍. സജിയാണ് ജെര്‍സന്റെ ഏറ്റവും അടുത്തയാള്‍. വീടിനുപുറമേ ജെര്‍സന്റെ ഓപീസിലും റെയ്ഡ് നടത്തി. റബ്ബര്‍ ബാന്‍ഡിട്ട് ചുരുട്ടി വെച്ച നിലയില്‍ അറുപതിനായിരത്തോളം രൂപയും കിട്ടി. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ അടക്കം പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം. ബന്ധുക്കളുടെ നിക്ഷേപങ്ങളും പരിശോധിക്കും.
മൂന്നാം പ്രതിയായ രാമപടിയാര്‍ വഴിയാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജെര്‍സന്‍, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാര്‍ എന്നിവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകള്‍ വഴിയെന്നും കണ്ടെത്തലുണ്ട്. ഇതിന്റെ തെളിവ് ഇവരുടെ ഫോണില്‍ നിന്ന് കിട്ടിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂവരും ചേര്‍ന്ന് സമാന രീതിയിലുള്ള അഴിമതി നേരെത്തെ നടത്തിയതായും സംശയമുണ്ട്. എറണാകുളം ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും മറ്റേതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു