മലബാറി ഫാഷന്‍ ജ്വല്ലറിയില്‍ നിന്ന് നാല് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ ശേഷം ഓണ്‍ലൈനായി പണം കൈമാറി; 'ട്രാന്‍സാക്ഷന്‍ സക്സസ്ഫുള്‍' എന്ന സ്‌ക്രീന്‍ഷോട്ടും ജ്വല്ലറി ഉടമയെ കാണിച്ചു; പുതു തട്ടിപ്പിലൂടെ പണം നല്‍കാതെ മുങ്ങിയ പ്രതികള്‍ പിടിയില്‍

പുതു മോഡല്‍ തട്ടിപ്പിലൂടെ പണം നല്‍കാതെ മുങ്ങിയ പ്രതികള്‍ പിടിയില്‍

Update: 2025-10-05 13:31 GMT

കണ്ണൂര്‍ : ഫറോക്കിലുള്ള മലബാറി ഫാഷന്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങി പണം നല്‍കാതെ വിദഗ്ദ്ധമായി മുങ്ങിയ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പൊലിസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ അരോളി സ്വദേശിയും അമൃതം എന്ന വീട്ടില്‍ താമസിക്കുന്ന അഭിഷേക് (25), പേരാവൂര്‍ ഇടപ്പറ വീട്ടില്‍ താമസിക്കുന്ന അഷ്‌റഫ് (34) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ സെപ്റ്റംബര്‍ 30ന് ഫറോക്കിലെ മലബാറി ഫാഷന്‍ ജ്വല്ലറിയില്‍ നിന്ന് നാല് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒന്നാംപ്രതി അഭിഷേക് ആവശ്യപ്പെടുകയും തന്റെ മൊബൈല്‍ ഫോണില്‍ നിന്നും എന്‍ഇഎഫ്ടി വഴി നാല് ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയും 'ട്രാന്‍സാക്ഷന്‍ സക്സസ്ഫുള്‍' എന്ന സ്‌ക്രീന്‍ഷോട്ട് ജ്വല്ലറി ഉടമയെ കാണിക്കുകയും ചെയ്തു. ട്രാന്‍സാക്ഷന്‍ എന്‍ഇഎഫ്ടി ആയതിനാല്‍ അല്‍പസമയത്തിനുള്ളില്‍ അക്കൗണ്ടില്‍ ക്യാഷ് കയറുമെന്ന് ജ്വല്ലറി ഉടമയെ പറഞ്ഞു വിശ്വസിപ്പിച്ച് പ്രതി നാല് പവന്‍ സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു.

സെര്‍വറുമായി ബന്ധപ്പെട്ട് എന്തെങ്കിലും തകരാറാണെന്ന് വിശ്വസിച്ച കട ഉടമ രണ്ട് ദിവസം കഴിഞ്ഞിട്ടും ക്യാഷ് അക്കൗണ്ടില്‍ വരാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്. രണ്ടാംപ്രതി അഷ്‌റഫിന്റെ സഹായത്തോടെ സ്വര്‍ണം രാമനാട്ടുകരയില്‍ ഉള്ള രണ്ട് ജ്വല്ലറികളില്‍ വില്‍പ്പന നടത്തുകയും കിട്ടിയ കാശുമായി അഭിഷേകും സുഹൃത്തും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് കടക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ ആഡംബര ഹോട്ടലില്‍ താമസിക്കുകയും അവിടെനിന്ന് ഹൈദരാബാദിലേക്കും പിന്നീട് കണ്ണൂരിലേക്കും വിമാനയാത്ര നടത്തി. ആഡംബര ജീവിതത്തിനാണ് പണം ചെലവഴിച്ചത്. ജ്വല്ലറിയിലെ സിസിടിവിയില്‍ നിന്നും കിട്ടിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തിയപ്പോള്‍ ഇയാള്‍ വിവിധ സ്ഥലങ്ങളിലായി ഇതേ തട്ടിപ്പിന് പത്തോളം കേസുകളുള്ള വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞത്.

വടകരയിലെ ഒരു ജ്വല്ലറിയില്‍ ഇതേ മാതൃകയില്‍ 15 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങാന്‍ ഒരുങ്ങുന്ന സമയത്താണ് ക്രൈം സ്‌ക്വാഡും ഫറോക്ക് പൊലീസും പ്രതിയെ പിടികൂടുന്നത്. ഒരു സ്ഥലത്തും കൃത്യമായി കൂടുതല്‍ നേരം ചെലവഴിക്കാതെ സ്ഥിരമായി യാത്ര ചെയ്യാന്‍ താത്പര്യം ഉള്ള വ്യക്തിയാണ് അഭിഷേക്. സുഹൃത്ത് അഷ്റഫിനൊപ്പമാണ് ഇയാള്‍ തട്ടിപ്പ് നടത്താറുള്ളത്.

15 ലക്ഷത്തിന്റെ സ്വര്‍ണം കൂടി വടകരയില്‍ നിന്നും അടിച്ചുമാറ്റിയിട്ടുണ്ടെന്നും അത് വിറ്റ് തരണമെന്നും അഭിഷേകിനെക്കൊണ്ട് പറയിപ്പിച്ച് എറണാകുളത്തുനിന്നും വിളിച്ചു വരുത്തിയാണ് അഷ്റഫിനെ പൊലീസ് പിടികൂടിയത്. എന്‍ഇഎഫ്ടി ട്രാന്‍സ്ഫര്‍ മൊബൈല്‍ ഫോണില്‍ നിന്നും നടത്തുന്ന സമയം ട്രാന്‍സാക്ഷന്‍ സക്സസ്ഫുള്‍ എന്ന് കാണിക്കുമെങ്കിലും മിനിമം ഒരു മണിക്കൂറിനു ശേഷമെങ്കിലും ആണ് യഥാര്‍ഥ മെസ്സേജ് ബാങ്കില്‍ നിന്നും ലഭിക്കുക. ഈ അവസരം മുതലെടുത്താണ് പ്രതികള്‍ ഇത്തരം തട്ടിപ്പ് നടത്തുന്നതെന്ന് പൊലിസ് പറഞ്ഞു.

രണ്ടു പ്രതികളെയും ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി വിട്ടു കിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പൊലിസ് അറിയിച്ചു.

Tags:    

Similar News