സ്ത്രീകളെ വശീകരിച്ച് വസ്തു തട്ടിയെടുത്ത ശേഷം വകവരുത്തും; ചേര്‍ത്തലയിലെ 'അമ്മാവന്' ക്രൈംബ്രാഞ്ച് കസ്റ്റഡിയിലും കൂസലില്ല; ജെയ്നമ്മ കൊലക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ 'സൈക്കോ സീരിയല്‍ കില്ലര്‍'? പള്ളിപ്പുറത്തെ രണ്ടേക്കര്‍ ആലപ്പുഴയിലെ 'ധര്‍മ്മസ്ഥല'! ഐഷയുടെ കൂട്ടുകാരി റോസമ്മ രക്ഷപ്പെട്ടത് കരുതലിന്റെ ഫലം
ചേര്‍ത്തല: ജെയ്നമ്മ കൊലക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ 'സൈക്കോ സീരിയല്‍ കില്ലര്‍'? ഇയാള്‍ നിരവധി സ്ത്രീകളെ വകവരുത്തിയതായി സംശയം പോലീസിനുണ്ട്. അഞ്ച് വര്‍ഷം മുമ്പ് കാണാതായ ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13ാംവാര്‍ഡ് വള്ളാക്കുന്നത്ത് വെളി സിന്ധു(ബിന്ദു43) അടക്കം സെബാസ്റ്റിയന്റെ ക്രൂരതയുടെ ഇരയാണെന്നാണ് സൂചന. 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിക്കും. അസ്ഥികൂടം കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വീണ്ടും പരിശോധന നടത്തും. 'ധര്‍മ്മസ്ഥല' വിവാദത്തിന് സമാനമാണ് പള്ളിപ്പുറത്തെ കേസും എന്നാണ് പോലീസ് സംശയം. ഈ പറമ്പ് മുഴുവന്‍ പോലീസ് പരിശോധിക്കും.
ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയെ കാണാതായ കേസില്‍ ക്രൈംബ്രാഞ്ച് കൊലപാതകത്തിന് കേസെടുത്ത പള്ളിപ്പുറം ചൊങ്ങംതറ സെബാസ്റ്റ്യനെ(62) ശനിയാഴ്ചയാണ് ചേര്‍ത്തല നഗരത്തില്‍ തെളിവെടുപ്പിനെത്തിച്ചത്. ഡ്രൈവറായും,വസ്തു ഇടനിലക്കാരനായും ചേര്‍ത്തല നഗരത്തില്‍ സജീവമായിരുന്ന സെബാസ്റ്റ്യനെ കടുത്ത പൊലീസ് കാവലിലായിരുന്നു എത്തിച്ചത്. സൗഹൃദക്കൂട്ടത്തിനിടയിലും നാട്ടിലും അമ്മാവന്‍ എന്നു വിളിപ്പേരുള്ള സെബാസ്റ്റ്യന്‍ കൂസലില്ലാതെയാണ് കാര്യങ്ങളെല്ലാം വിശദീകരിച്ചത്. ഒരു സീരിയല്‍ കില്ലറുടെ മാനസികാവസ്ഥ പോലീസ് മുന്നില്‍ കാണുന്നുണ്ട്.
ജെയ്‌നമ്മക്കു പുറമെ കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്‍, ചേര്‍ത്തല ശാസ്താങ്കല്‍ സ്വദേശി ഐഷ എന്നിവരുടെ കാണാതാകലിന് പിന്നിലും സെബാസ്റ്റ്യന്‍ ആണെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് സിന്ധു അടക്കമുള്ളവരുടെ തിരോധാനവും പരിഗണിക്കുന്നത്. ജെയ്‌നമ്മയെ കാണാതായ സംഭവത്തില്‍ പള്ളിപ്പുറം ചൊങ്ങുംതറയില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. കാണാതായ മൂന്നു സ്ത്രീകള്‍ക്കും സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ധര്‍മ്മസ്ഥലയില്‍ നിരവധി സ്ത്രീകളെ കൊന്ന് കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തല്‍ രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഇതിന് സമാനമാണ് സെബാസ്റ്റ്യന്റെ വീടും പറമ്പും എന്നാണ് പോലീസ് സംശയം.
ഈ സാഹചര്യത്തിലാണ് സിന്ധുവിനെ കാണാതായ സംഭവത്തിലും വീണ്ടും അന്വേഷണ സാദ്ധ്യത തെളിഞ്ഞത്. അര്‍ത്തുങ്കല്‍ പൊലീസ് നാലുവര്‍ഷം അന്വേഷിച്ചു അവസാനിപ്പിച്ച കേസ് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിര്‍ദ്ദേശത്തില്‍ വീണ്ടും പരിശോധിച്ചു. 2020 ഓക്ടോബര്‍ 19ന് തിരുവിഴയില്‍ നിന്നാണ് സിന്ധുവിനെ കാണാതായത്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചതിനുശേഷം ക്ഷേത്രദര്‍ശനത്തിനെന്നു പറഞ്ഞു പോയ സിന്ധു തിരിച്ചുവന്നില്ല. മകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അര്‍ത്തുങ്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിന്ധു ക്ഷേത്രത്തില്‍ എത്തി വഴിപാട് നടത്തിയെന്ന് കണ്ടെത്തി. തുടര്‍ന്ന് എങ്ങോട്ട് പോയെന്ന് അറിയില്ല. തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാലാണ് കഴിഞ്ഞ വര്‍ഷം കേസന്വേഷണം ഉപേക്ഷിച്ചത്. മകളുടെ വിവാഹ നിശ്ചയത്തിനു രണ്ടു ദിവസം മുമ്പാണ് സിന്ധുവിനെ കാണാതായത്.
രാവിലെ ചേര്‍ത്തല നഗരത്തില്‍ തെളിവെടുപ്പിന് സെബാസ്റ്റിയനെ എത്തിച്ചത് കാണാന്‍ വന്‍ ജനത്തിരക്കായിരുന്നു. സെബാസ്റ്റ്യനെ വന്‍ പൊലീസ് സന്നാഹത്തോടെയാണ് കോട്ടയത്തു നിന്നു ക്രൈംബ്രാഞ്ച് ചേര്‍ത്തലയില്‍ എത്തിച്ചത്. സെബാസ്റ്റ്യനെ ചേര്‍ത്തലയില്‍ എത്തിച്ചെന്ന കാര്യം അറിഞ്ഞതോടെ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നു വലിയ ജനക്കൂട്ടം സ്ഥലത്തെത്തി. ചേര്‍ത്തല ഡിവൈഎസ്പി ഓഫിസിനു സമീപമുള്ള ജ്വല്ലറിയില്‍ രാവിലെ മുതല്‍ ഉച്ചവരെ തെളിവെടുപ്പ് നടന്നു. വില്‍പന നടത്തിയ സ്വര്‍ണം ക്രൈംബ്രാഞ്ച് തിരിച്ചെടുത്തു. തുടര്‍ന്നു ചേര്‍ത്തല ദേവീക്ഷേത്രത്തിനു വടക്കുവശമുള്ള ധനകാര്യ സ്ഥാപനത്തിലെത്തിച്ചത്.
ഇവിടെയും വലിയ ആള്‍ക്കുട്ടമുണ്ടായിരുന്നു.ധനകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തിയതിനു ശേഷം വൈകിട്ടോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഏറ്റുമാനൂരിലേക്കു സെബാസ്റ്റ്യനെ കൊണ്ടുപോയത്. ഇന്നു രാവിലെ പള്ളിപ്പുറത്ത് വീട്ടിലും തെളിവെടുപ്പിനു കൊണ്ടുവരും.സെബാസ്റ്റ്യന്റെ വീടിനോടു ചേര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന രണ്ടേക്കര്‍ സ്ഥലത്തു വിശദമായ പരിശോധനയും തെളിവെടുപ്പും നടത്തും. സെബാസ്റ്റ്യനെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാത്രി ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
ജെയ്‌നമ്മയുടെ മൊബൈല്‍ ഫോണും, സ്വര്‍ണ്ണവും വസ്ത്രങ്ങളുമെല്ലാം കണ്ടെത്താനുമുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് സംഘമാണ് തിരോധാനം അന്വേഷിക്കുന്നത്. ഡിസംബര്‍ 23-നു തന്നെ ജെയ്‌നമ്മ കൊല്ലപ്പെട്ടെന്നെ വിലയിരുത്തലിലാണ് അന്വേഷണ സംഘം. അടുത്ത ആഴ്ചയോടെ ലഭിച്ച ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലം വരുന്നതോടെ ഇതിലെല്ലാം വ്യക്തതവരുകയുള്ളൂവെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇതിനൊപ്പം ക്യാപ്പിട്ട പല്ലും ഉണ്ടായിരുന്നു. ചേര്‍ത്തലയില്‍നിന്നു കാണാതായ ഐഷയ്ക്കും ഇത്തരത്തില്‍ പല്ലുണ്ടായിരുന്നതായി ജില്ലാ ക്രൈംബ്രാഞ്ച് സംഘവും ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ ബിന്ദുപത്മനാഭനും പല്ലില്‍ ക്യാപ്പിട്ടിരുന്നതായ സൂചനയും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. ജൈനമ്മയ്ക്കു പുറമേ ബിന്ദുപത്മനാഭനും ഐഷയും കൊലചെയ്യപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ഇവരുമായി ബന്ധപ്പെട്ടും ഡിഎന്‍എ പരിശോധനയ്ക്കുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
അതിനിടെ ഒറ്റയ്ക്കു താമസിക്കുന്ന തന്നെയും വിവാഹംകഴിക്കാന്‍ വസ്തു ഇടനിലക്കാരന്‍ സെബാസ്റ്റ്യന്‍ സമീപിച്ചിരുന്നതായ വെളിപ്പെടുത്തലുമായി ചേര്‍ത്തല നഗരസഭ ശാസ്താംകവല സ്വദേശിനി റോസമ്മ രംഗത്തു വന്നിട്ടുണ്ട്. തന്റെ അയല്‍വാസിയായിരുന്ന ഐഷയുടെ തിരോധാനത്തിനു പിന്നില്‍ ഇയാള്‍ തന്നെയാണെന്നും അവര്‍ പറയുന്നു. തന്റെ സ്വത്ത് ലക്ഷ്യമിട്ടാണ് വസ്തുവില്‍പ്പനയുടെ കാര്യംപറഞ്ഞ് ഇയാള്‍ അടുത്തുകൂടി വിവാഹാലോചന നടത്തിയത്. ബന്ധുക്കളെ വിവരം അറിയിക്കുമെന്നു പറഞ്ഞശേഷം ഇയാള്‍ പിന്നീടെത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. കാണാതായ ഐഷയുടെ സമീപവാസിയാണ് റോസമ്മ. അയല്‍വാസിയെന്ന നിലയില്‍ ഐഷയുമായി നല്ല ബന്ധത്തിലായിരുന്നു. ഇവരെയും സെബാസ്റ്റ്യന്‍ വസ്തുവില്‍പ്പനയുടെ പേരില്‍ അടുത്തുകൂടി കബളിപ്പിച്ചിരിക്കാന്‍ സാധ്യതയുണ്ട്. കാണാതാകുന്ന കാലത്ത് ഐഷയും സെബാസ്റ്റ്യനും അടുത്ത ബന്ധത്തിലായിരുന്നു.
സ്ഥലം വാങ്ങാനായി കരുതിവെച്ചിരുന്ന പണമടക്കം ഇവരുടെ കൈവശമുണ്ടായിരുന്നതായും ഇതു സെബാസ്റ്റ്യന്‍ തട്ടിയെടുത്തിട്ടുണ്ടാകുമെന്നുമാണ് റോസമ്മ പറയുന്നത്. ഐഷയെ കാണാതായശേഷം പലപ്പോഴായി ഇവരുടെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്ക് കോളുകള്‍ വന്നുകൊണ്ടിരുന്നു. ഫോണെടുത്താല്‍ മറുപടിയുണ്ടാകാറില്ലെന്നും തിരിച്ചുവിളിച്ചാല്‍ എടുക്കാറില്ലെന്നും ഇവര്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. ഇതെല്ലാം അക്കാലത്ത് അന്വേഷണം നടത്തിയ പോലീസിനോടു പറഞ്ഞിരുന്നെങ്കിലും അവര്‍ അവഗണിച്ചതായാണ്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പോലീസ് റോസമ്മയില്‍നിന്നു വിവരങ്ങള്‍ തേടിയിട്ടുണ്ട്.