ബന്ധുവീട്ടില്‍ യുവാവിന്റെ മരണം ചോര വാര്‍ന്ന്; മുറിവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധന; കൊലപാതകം എന്നുറപ്പിക്കാറായിട്ടില്ല; വൈകിട്ട് അഞ്ചിനും ആറിനും ഇടയിലാകണം ജോബിക്ക് മുറിവേറ്റതെന്ന് സംശയം; ജോബിക്ക് പരുക്കേറ്റ വിവരം ബന്ധു റെജി അറിഞ്ഞിരുന്നോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാത്ത് പോലീസ്; ബന്ധു കസ്റ്റഡിയില്‍ തന്നെ

ബന്ധുവീട്ടില്‍ യുവാവിന്റെ മരണം ചോര വാര്‍ന്ന്

Update: 2025-05-16 13:19 GMT

റാന്നി: യുവാവിനെ ബന്ധുവീട്ടില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരണമെന്ന് പോലീസ്. ചോര വാര്‍ന്നാണ് മരണം. വടശ്ശേരിക്കര പേങ്ങാട്ടുപീടികയില്‍ ജോബി (38)യെ ആണ് പിതാവിന്റെ സഹോദരിയുടെ മകനായ റാന്നി പള്ളിക്കമുരുപ്പ് പേങ്ങാട്ടുകടവ് റെജിയുടെ വീടിന്റെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൈയിലെ മുറിവില്‍ നിന്നും ചോര വാര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഈ മുറിവ് എങ്ങനെ ഉണ്ടായി എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കൊലപാതകമാണെന്ന് സ്ഥിരീകരിക്കണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം കഴിയണം.

ഇന്ന് രാവിലെ റെജി തന്നെയാണ് പഞ്ചായത്തംഗം ശ്രീജയെ വിളിച്ച് ജോബി മരിച്ചു കിടക്കുന്ന വിവരം അറിയിച്ചത്. തലയ്ക്ക് പിന്നിലും ഒരു മുറിവുണ്ട്. അത് പക്ഷേ മരണകാരണമാകില്ലെന്ന് പോലീസ് പറഞ്ഞു. കടകളില്‍ സെയില്‍സ് നടത്തുന്ന വാനിന്റെ ഡ്രൈവറാണ് ജോബി. ഞായറാഴ്ച വീട്ടില്‍ നിന്ന് പോയതാണെന്ന് മാതാവ് ആലീസും ഭാര്യ അന്‍സുവും പറഞ്ഞു. വ്യാഴാഴ്ച റെജിയെയും കൂട്ടി ഒരു മരണവീട്ടില്‍ പോയി മടങ്ങിയിരുന്നു. വേറെ ചിലരും ഒപ്പമുണ്ടായിരുന്നുവെന്നും ആലീസ് പറഞ്ഞു.

താന്‍ ഫോണ്‍ വിളിച്ചപ്പോള്‍ ജോബി മദ്യലഹരിയിലായിരുന്നുവെന്ന് അന്‍സു പറഞ്ഞു. ഏറെ നാളായി മദ്യപാനം ഉണ്ടായിരുന്നില്ല. റെജി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിക്കുന്നത്. ഒരു വാഹനാപകടത്തില്‍ റെജിയുടെ കാല്‍ മുറിച്ചു മാറ്റിയതാണ്. സുഹൃത്തുക്കള്‍ ചേര്‍ന്ന് വ്യാഴാഴ്ച മദ്യപിച്ചിരുന്നു. വൈകിട്ട് അഞ്ചിനും ആറിനും ഇടയിലാകണം ജോബിക്ക് മുറിവേറ്റതെന്ന് കരുതുന്നു. മുറിവില്‍ നിന്ന് ചോര വാര്‍ന്ന് അബോധാവസ്ഥയിലായിട്ടാണ് ജോബിയുടെ മരണം. മുറിവ് എങ്ങനെ ഉണ്ടായി എന്നുളളതാണ് പരിശോധിക്കുന്നത്. ജോബിക്ക് പരുക്കേറ്റ വിവരം റെജി അറിഞ്ഞിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഞായറാഴ്ച വഴക്കുണ്ടാക്കി വീട്ടില്‍ നിന്നും ഇറങ്ങി പോയതാണ് ജോബിയെന്ന് ഭാര്യ പറഞ്ഞു. ആരുമായും നിലവില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അന്‍സു പറഞ്ഞു.

ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക് വിഭാഗങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോന്നി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. സംസ്‌ക്കാരം നാളെ നടത്തും. രണ്ട് മക്കളുണ്ട്. റാന്നി പോലീസിനാണ് അന്വേഷണ ചുമതല.

Tags:    

Similar News